സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: കെ.ആർ.എൽ.സി.സി. 47-ാം ജനറൽ അസംബ്ലിക്ക് ആഘോഷമായ തുടക്കം. ജൂലൈ 10 വെള്ളിയാഴ്ച ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ കോഴിക്കോട് അതിരൂപത അധ്യക്ഷനും കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ കെ.ആർ.എൽ.സി.സി. പതാക ഉയർത്തിക്കൊണ്ടാണു സമ്മേളനത്തിനു തുടക്കം കുറിച്ചത്.
അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനം ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. തീരദേശ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിൻ്റെ തെളിവാണ് നിലവിലെ ബഡ്ജറ്റെന്നും മത്സ്യത്തൊഴിലാളികൾക്കായി നിരവധി ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും, ലത്തിൻ സഭ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഗണിച്ച് പരിഹരിക്കാൻ സർക്കാർ തുടർന്നും മുൻകൈ എടുക്കുമെന്നും ഫിഷറീസ് മന്ത്രി ഉറപ്പുനൽകി.
കൊച്ചി രൂപത മെത്രാൻ ബിഷപ് ഡോ. ആൻ്റണി കാട്ടിപ്പറമ്പിൽ അനുഗ്രഹപ്രഭാഷണവും ദീപക് ജോയ് എം.എൽ.എ., മുഹമ്മദ് ഷിയാസ് എം.എൽ.എ. എന്നിവർ ആശംസകളും അർപ്പിച്ചു.
കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് സ്വാഗതവും കെആർഎൽസിസി സെക്രട്ടറി മെറ്റിൽഡ മൈക്കിൾ നന്ദിയും അർപ്പിച്ചു.
‘ജുബിലി നിറവിൽ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തിൽ പ്രൊഫ. ഡോ. ബിജു ടെറൻസ് മുഖ്യപ്രഭാഷണം നടത്തി. അസംബ്ലിയുടെ ഭാഗമായി ദശവത്സര അജപാലനരേഖ രൂപീകരണം, ലത്തീൻ കത്തോലിക്കരുടെ നിലവിലെ സാഹചര്യവും ഭാവി വികസന സാധ്യതകളും സംബന്ധിച്ച ചർച്ചകൾ നടക്കും. കേരളത്തിലെ 12 ലത്തീൻ കത്തോലിക്കാ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ സഭയുടെയും സമൂഹത്തിൻ്റെയും സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യും.




