സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന പള്ളിയംഗവും ഒബ്‌ളയ്റ്റ്സ് (OSHJ – Oblate Sisters of the Sacred Heart of Jesus) സന്യാസ സഭാംഗവുമായ സിസ്റ്റർ സുജിത സേവ്യറിനെയാണ് തന്റെ സന്യസ്ത ജൂബിലി വർഷത്തിൽ വത്തിക്കാനിൽ നിന്ന് പുതിയ ദൗത്യം തേടിയെത്തിയിരിക്കുന്നത്. വത്തിക്കാൻ ഡിക്കാസ്റ്ററി ഫോർ ദ ക്ലർജിയുടെ (Dicastery for the Clergy) സെക്രട്ടറിയായ ബിഷപ്പ് കാർലോ റോബെർത്തോ മരിയ റദെയെല്ലിയുടെ പേഴ്സണൽ സെക്രട്ടറിയാണ് പുതിയ ചുമതല.
നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവും രൂപതാ വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസണും ഈ വലിയ നേട്ടത്തിൽ സിസ്റ്റർ സുജിത സേവ്യറിന് ആശംസകൾ അർപ്പിക്കുകയും പ്രാർത്ഥന നേരുകയും ചെയ്തു. കൂടാതെ, ബിഷപ്പ് എമിരത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവും മുൻവികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസും സിസ്റ്റർ സുജിതയ്ക്ക് പ്രാർത്ഥനാശംസകൾ അറിയിച്ചു.
ഒബ്‌ളയ്റ്റ്സ് സന്യാസ സമൂഹത്തിന്റെ ഇന്ത്യയിലെ ഡെലഗേറ്റായി പ്രവർത്തിച്ച ശേഷം ഏഴ് വർഷക്കാലം ആഫ്രിക്കയിലെ മിഷൻ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചുവരവേയാണ് പുതിയ ദൗത്യം സിസ്റ്ററിനെ തേടിയെത്തിയത്.
നെയ്യാറ്റിൻകര രൂപതയിൽ പ്രവർത്തിക്കുന്ന തേവൻപാറ ക്രിസ്തു കിരൺ ബോയ്സ് ഹോമിലെ പ്രിൻസിപ്പിലായും ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. സഹോദരി സിസ്റ്റർ സുമിത സേവ്യറും ഒബ്‌ളയ്റ്റ്സ് സന്യാസ സമൂഹത്തിൽ അംഗമാണ്. ശ്രീമാൻ സേവ്യറിന്റെയും ശ്രീമതി വത്സലകുമാരിയുടെയും നാലുമക്കളിൽ രണ്ടാമത്തെ മകളാണ് സിസ്റ്റർ സുജിത സേവ്യർ.
ജീവിതം:
1978 നവംബർ 9-ന് ചുള്ളിമാനൂരിൽ ശ്രീമാൻ സേവ്യറിന്റെയും ശ്രീമതി വത്സലകുമാരിയുടെയും രണ്ടാമത്ത മകളായി ജനിച്ചു. 1979 ജനുവരി 13-ന് മാനുവൽ അച്ചനിൽ നിന്ന് ജ്ഞാനസ്‌നാനവും, 1989-ൽ വർഗീസ് ദാസ് അച്ചനിൽ നിന്ന് പ്രഥമ ദിവ്യകാരുണ്യവും, 1991 മെയ് 2-ന് അഭിവന്ദ്യ സൂസപാക്യം പിതാവിൽ നിന്ന് സ്ഥൈര്യലേപനവും സ്വീകരിച്ചു.
പ്രൈമറി വിദ്യാഭ്യാസം ചുള്ളിമാനൂർ S.H.U.P.S. ലും, ഹൈസ്കൂൾ വിദ്യാഭ്യാസം ആനാട് S.N.V.H.S. ലും പൂർത്തിയാക്കിയതിനു ശേഷം 1995 മാർച്ച് 7-ന് വാഴ്ത്തപ്പെട്ട മദർ തെരേസ കമ്പിനി സ്ഥാപിച്ച ഒബ്ളേറ്റ് സിസ്‌റ്റേഴ്‌സ് ഓഫ് ദി സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് സന്യാസ സഭയുടെ കഴക്കൂട്ടത്തുള്ള ഫോർമേഷൻ ഹൗസിൽ സന്യാസ രൂപീകരണം ആരംഭിച്ചു.
1996-98 കാലയളവിൽ തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്നും പ്രീഡിഗ്രി പഠനം പൂർത്തിയാക്കുകയും 1998 ജൂൺ 18-ന് നോവിഷേറ്റിൽ പ്രവേശിക്കുകയും മഹാജൂബിലി വർഷമായ 2000 ജൂൺ 3-ന് കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വച്ച് അഭിവന്ദ്യ സൂസപാക്യം മെത്രാപ്പൊലിത്തയുടെ സാന്നിധ്യത്തിൽ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങൾ സ്വീകരിക്കുകയും ചെയ്തു.
2000-2004 കാലയളവിൽ ഇറ്റലിയിലെ കസലെത്തൊ, പരേത്തെ, വില്ലാമ്പുന്ത എന്നിവടങ്ങളിലെ സന്യാസഭവനകളിൽ സേവനം ചെയ്‌തതോടൊപ്പം റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വലിറ്റി – തെരസ്യാനത്തിൽ നിന്ന് സ്പിരിച്വൽ തിയോളജിയിൽ ഡിപ്ലോമ കരസ്ഥമാക്കി. തുടർന്ന്, കേരളത്തിലേക്ക് തിരികെവന്ന് 2004-2005-ൽ തേവൻപാറ ക്രിസ്തു കിരൺ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ അധ്യാപികയായി സേവനം ചെയ്‌തു.
2005- 2007 കാലയളവിൽ തിരുവനന്തപുരം അതിരൂപതയിലെ തീരജ്യോതി റ്റി.റ്റി.ഐ.-ൽ നിന്നും T.T.C. പഠനം പൂർത്തിയാക്കി. തുടർന്ന്, 2007 മുതൽ 2016 വരെ തേവൻപാറ ക്രിസ്തു കിരൺ ബോയിസ് ഹോമിന്റെ ഡയറക്ടറായും ക്രിസ്തു കിരൺ സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം ചെയ്‌തു.
2013- 2017 കാലയളവിൽ ഒബ്ളേറ്റ്സ് സന്യാസ സഭയുടെ ഇന്ത്യൻ റീജിയന്റെ മേലധികാരിയായി സേവനമനുഷ്‌ഠിച്ചു. 2016- 2017 വരെ കഴക്കൂട്ടം ഫോർമേഷൻ ഹൗസിൽ ആയിരുന്നു കൊണ്ട് കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് ബിരുദം പൂർത്തിയാക്കി.
പിന്നീട്, 2017- 2018 -ൽ റോമിലെ മദർ ഹൗസിൽ സേവനം ചെയ്തശേഷം, 2018 ജൂൺ മുതൽ വെസ്റ്റ് ആഫ്രിക്കയിലെ ഗിനയ ബിസാവു എന്ന രാജ്യത്ത്, ബിസാവു രൂപതയുടെ സെന്റ് ജോസഫ്‌സ് സ്പിരിച്വലിറ്റി സെന്റെറിന്റെ ഡയറക്ടറായി സേവനമനുഷ്‌ഠിച്ചു വരികെയാണ് സന്യസ്ത ജൂബിലി വർഷത്തിൽ പുതിയ ദൗത്യം തേടിയെത്തിയത്.




