ജൂലൈ 04 ശനി
ഒന്നാം വായന
ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്
(എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാൻ പുനഃസ്‌ഥാപിക്കും.തകർന്ന നഗരങ്ങൾ പുനരുദ്‌ധരിച്ച് അവർ അതിൽ വസിക്കും.)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ദാവീദിൻ്റെ വീണു പോയ കൂടാരം ഞാൻ ഉയർത്തും. കേടുപാടുകൾ തീർത്ത് വീണ്ടും അത് പഴയകാലത്തെന്നപോലെ പണിതുയർത്തും.അപ്പോൾ, ഏദോമിൽ അവശേഷിക്കുന്നവരെയും എന്റെ നാമത്തിൽ അറിയപ്പെട്ടിരുന്ന ജനതകളെയും അവർ കൈവശമാക്കും. ഇതു ചെയ്യുന്ന കർത്താവാണ് അരുൾചെയ്യുന്നത്. കർത്താവ് അരുൾചെയ്യുന്നു: ആ ദിനങ്ങൾ ആസന്നമായി. അന്ന് ഉഴവുകാരൻ കൊയ്ത്തുകാരനെയും മുന്തിരി മെതിക്കുന്നവൻ വിതക്കാരനെയും പിന്നിലാക്കും. പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കും. മലകളിൽ അതു കവിഞ്ഞൊഴുകും. എൻ്റെ ജനമായ ഇസ്രായേലിൻെറ ഐശ്യര്യം ഞാൻ പുനഃസ്‌ഥാപിക്കും. തകർന്ന നഗരങ്ങൾ പുനരുദ്‌ധരിച്ച് അവർ അതിൽ വസിക്കും. മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ച്, അവർ വീഞ്ഞു കുടിക്കും. അവർ തോട്ടങ്ങളുണ്ടാക്കി, ഫലം ആസ്വദിക്കും. അവർക്കു നല്‌കിയ ദേശത്ത് ഞാൻ അവരെ നട്ടുവളർത്തും; ആരും അവരെ പിഴുതെറിയുകയില്ല ദൈവമായ കർത്താവാണ് അരുൾചെയ്യുന്നത്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവായ ദൈവം തന്റെ ജനത്തിനു സമാധാനമരുളും.
കർത്താവായ ദൈവം അരുൾചെയ്യുന്നതു ഞാൻ കേൾക്കും; അവിടന്ന് തൻ്റെ ജനത്തിനു സമാധാനമരുളും; ഹൃദയപൂർവം തന്നിലേക്കു തിരിയുന്ന തന്റെ വിശുദ്‌ധർക്കുതന്നെ.
കർത്താവായ ദൈവം തന്റെ ജനത്തിനു സമാധാനമരുളും.
കാരുണ്യവും വിശ്വസ്‌തതയും തമ്മിൽ ആശ്ലേഷിക്കും; നീതിയും സമാധാനവും പരസ്‌പരം ചുംബിക്കും. ഭൂമിയിൽ വിശ്വസത മുളയെടുക്കും; നീതി ആകാശത്തുനിന്നു ഭൂമിയെ കടാക്ഷിക്കും.
കർത്താവായ ദൈവം തന്റെ ജനത്തിനു സമാധാനമരുളും.
കർത്താവു നൻമ പ്രദാനം ചെയ്യും; നമ്മുടെ ദേശം സമൃദ്ധമായി വിളവു നല്‌കും. നീതി അവിടത്തെ മുൻപിൽ നടന്ന് അവിടത്തേക്കു വഴിയൊരുക്കും.
കർത്താവായ ദൈവം തന്റെ ജനത്തിനു സമാധാനമരുളും.
അല്ലേലൂയാ !
അല്ലേലൂയാ! (യോഹ 10:27). കർത്താവ് അരുൾചെയ്യുന്നു. എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ദുഃഖമാചരിക്കാനാവുമോ?)
അക്കാലത്ത്, യോഹന്നാൻ ശിഷ്യൻമാർ യേശുവിന്റെ അടുത്തുവന്നു ചോദിച്ചു: ഞങ്ങളും ഫരിസേയരും ഉപവസിക്കുകയും നിന്റെ ശിഷ്യൻമാർ ഉപവസിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? അവൻ അവരോടു പറഞ്ഞു: മണവാളൻ കൂടെയുള്ളപ്പോൾ മണവറത്തോഴർക്ക് ദുഃഖമാചരിക്കാനാവുമോ? മണവാളൻ അവരിൽനിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും; അപ്പോൾ അവർ ഉപവസിക്കും. ആരും പഴയ വസ്ത്രത്തിൽ പുതിയ തുണിക്കഷണം തുന്നിപ്പിടിപ്പിക്കാറില്ല. അങ്ങനെ ചെയ്താൽ, തയ്ച്ചുചേർത്ത തുണിക്കഷണം വസ്ത്രത്തിൽ നിന്നു കീറിപ്പോരുകയും കീറൽ വലുതാവുകയും ചെയ്യും. ആരും പുതിയ വീഞ്ഞ് പഴയ തോല്ക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല. അങ്ങനെ ചെയ്താൽ തോൽക്കുടങ്ങൾ പൊട്ടി, വീഞ്ഞ് ഒഴുകിപ്പോവുകയും കുടങ്ങൾ നഷ്‌ടപ്പെടുകയും ചെയ്യും. അതിനാൽ, പുതിയവീഞ്ഞ് പുതിയ തോല്ക്കുടങ്ങളിലാണ് ഒഴിച്ചുവയ്ക്കുന്നത്. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.




