ജൂൺ 21 ഞായർ
ഒന്നാം വായന
ജറെമിയാസ് പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(അവിടന്ന് ദരിദ്രന്റെ പ്രാണൻ ദുഷ്ടൻ്റെ കൈയിൽനിന്നു മോചിപ്പിച്ചിരിക്കുന്നു)
ജറെമിയാസ് പറഞ്ഞു: പലരും അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു: സർവത്ര ഭീതി! അവനെതിരേ ആരോപണം നടത്തുക, നമുക്ക് അവനെതിരേ കുറ്റാരോപണം നടത്താം. എൻറ കൂട്ടുകാരായിരുന്നവർ, ഞാൻ വീഴുന്നതു കാണാൻ കാത്തിരിക്കുകയാണ്. അവനു വഴിതെറ്റിയേക്കാം. അപ്പോൾ നമുക്ക് അവന്റെമേൽ വിജയംനേടാം; പ്രതികാരംനടത്തുകയും ചെയ്യാം. എന്നാൽ വീരയോദ്ധാവിനെപ്പോലെ കർത്താവ് എന്റെ പക്ഷത്തുണ്ട്. അതിനാൽ എൻ്റെ പീഡകർക്കു കാലിടറും. അവർ എന്റെ മേൽ വിജയംവരിക്കുകയില്ല. വിജയിക്കാതെ വരുമ്പോൾ അവർ വല്ലാതെ ലജ്ജിക്കും. അവർക്കുണ്ടാകുന്ന നിത്യമായ അവമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. സൈന്യങ്ങളുടെ കർത്താവേ, നീതിമാനെ പരിശോധിക്കുകയും ഹൃദയവും മനസ്സും കാണുകയും ചെയ്യുന്നവനേ, അങ്ങ് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എന്നെ അനുവദിക്കണമേ. അങ്ങിലാണല്ലോ ഞാൻ ആശ്രയിക്കുന്നത്. കർത്താവിനു കീർത്തനം പാടുവിൻ; അവിടത്തെ സ്തുതിക്കുവിൻ. എന്തെന്നാൽ, ദുഷ്ടരുടെ കൈയിൽനിന്ന് ദരിദ്രരുടെ ജീവനെ അവിടന്ന് രക്ഷിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
അങ്ങയെപ്രതിയാണു ഞാൻ നിന്ദനം സഹിച്ചതും ലജ്ജ എന്റെ മുഖത്തെ ആവരണം ചെയ്തതും. എന്റെ സഹോദരർക്കു ഞാൻ അപരിചിതനും എന്റെ അമ്മയുടെ മക്കൾക്കു ഞാൻ അന്യനുമായിത്തീർന്നു. അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെ മേൽ നിപതിച്ചു.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
കർത്താവേ, ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു, ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ! കർത്താവേ, എനിക്ക് ഉത്തരമരുളണമേ! അങ്ങയുടെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണല്ലോ; കരുണാസമ്പന്നനായ അവിടന്ന് എന്നെ കടാക്ഷിക്കണമേ!
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയങ്ങൾ ഉൻമേഷഭരിതമാകട്ടെ! കർത്താവു ദരിദ്രന്റെ പ്രാർഥന കേൾക്കുന്നു; ബന്ധിതരായ സ്വന്തംജനത്തെ അവിടന്നു നിന്ദിക്കുകയില്ല.
ദൈവമേ, കരുണാസമ്പന്നനായ അങ്ങേക്ക് ഉചിതമെന്നു തോന്നുമ്പോൾ എനിക്ക് ഉത്തരമരുളണമേ!
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
സഹോദരരേ, ഒരു മനുഷ്യൻമൂലം പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു. നിയമം നല്കപ്പെടുന്നതിനു മുമ്പുതന്നെ പാപം ലോകത്തിൽ ഉണ്ടായിരുന്നു. എന്നാൽ, നിയമമില്ലാത്തപ്പോൾ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേല്പോലും, ആദത്തിന്റെ കാലം മുതൽ മോശയുടെ കാലംവരെ, മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നവന്റെ പ്രതിരൂപമാണ്. എന്നാൽ, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യൻ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശുക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമ്യദ്ധമായി ലഭിച്ചിരിക്കുന്നു!
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 15 : 26b, 27a) കർത്താവ് അരുൾചെയ്യുന്നു: സത്യാത്മാവ് വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം നല്കും.
നിങ്ങളും സാക്ഷ്യം നല്കും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ)
അക്കാലത്ത്, യേശു തൻ്റെ അപ്പസ്തോലന്മാരോട് അരുൾ ചെയ്തു: നിങ്ങൾ മനുഷ്യരെ ഭയപ്പെടേണ്ടാ, എന്തെന്നാൽ, മറഞ്ഞിരിക്കുന്നതൊന്നും വെളിപ്പെടാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അന്ധകാരത്തിൽ നിങ്ങളോടു ഞാൻ പറയുന്നവ പ്രകാശത്തിൽ പറയുവിൻ; ചെവിയിൽ മന്ത്രിച്ചത് പുരമുകളിൽനിന്നു ഘോഷിക്കുവിൻ. ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ. മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയു ന്നവനെ ഭയപ്പെടുവിൻ. ഒരു നാണയത്തുട്ടിനു രണ്ടു കുരുവികൾ വില്ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്റെ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. അതിനാൽ, ഭയപ്പെടേണ്ടാ. നിങ്ങൾ അനേകം കുരുവികളെക്കാൾ വിലയുള്ള വരാണല്ലോ. മനുഷ്യരുടെ മുമ്പിൽ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും ഏറ്റു പറയും. മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുമ്പിൽ ഞാനും തള്ളി പ്പറയും.



