അരുൺ രാജ്
നെയ്യാറ്റിൻകര: കെ.സി.വൈ.എം. സംസ്ഥാന സമിതി ആഹ്വാനം ചെയ്ത കേശദാന മഹായജ്ഞത്തിന്റെ നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 7 ഞായറാഴ്ച കർമ്മലമാതാമലയിൽ വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത വൈസ് പ്രസിഡൻ്റ് കുമാരി ജീന യോഹന്നാൻ എസ്. സംസ്ഥാന സെക്രട്ടറി കുമാരി ധന്യ മോഹൻരാജിന് മുടി കൈമാറിക്കൊണ്ടാണ് ഉദ്ഘാടനം നടത്തിയത്.
സംസ്ഥാനതല പരിസ്ഥിതി ദിനാചരണസമ്മേളന വേദിയിലാണ് കേശദാന ഉദ്ഘാടനം നടത്തപ്പെട്ടത്. നെയ്യാറ്റിൻകര രൂപതയിലെ 3 യുവതികൾ വേദിയിൽ വച്ച് തൽസമയം മുടി മുറിച്ച് ദാനം ചെയ്തത് ഏവർക്കും പ്രചോദനമായി. അന്നേദിനം നാലുപേർ മുടി ദാനം ചെയ്തു. 2026 – 27 പ്രവർത്തന വർഷത്തിലുടനീളം നീണ്ടുനിൽക്കുന്ന കേശദാന പദ്ധതിക്കാണ് നെയ്യാറ്റിൻകര രൂപത തുടക്കം കുറിച്ചത്.
കെ.സി.വൈ.എം. സംസ്ഥാന അധ്യക്ഷൻ ശ്രീ. ഷിബിൻ ഷാജി, സംസ്ഥാന ഡയറക്ടർ ഫാദർ. ഡിറ്റോ കൂള, കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ. ശ്രീ. എം.ആർ. ബൈജു മലങ്കര കത്തോലിക്കാ സഭയുടെ കൂരിയാ മെത്രാൻ മോസ്റ്റ് റവ. ഡോ. ആന്റണി മാർ സിൽവാനോസ് എന്നിവർ സന്നിഹിതരായിരുന്ന സമ്മേളനത്തിൽ 250-ൽ അധികം യുവജനങ്ങൾ പങ്കെടുത്തു.




