Word of God

ആണ്ടുവട്ടം ഒൻപതാം വാരം തിങ്കൾ വചനവായന

ജൂൺ 01 തിങ്കൾ

ഒന്നാം വായന

വി. പത്രോസ് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്

(തന്റെ മഹത്ത്വവും ഔന്നത്യവും വഴി അവിടന്നു നിങ്ങൾക്ക് അമൂല്യവും ശ്രേഷ്‌ഠവുമായ വാഗ്ദാനങ്ങൾ നല്‌കിയിരിക്കുന്നു)

സഹോദരരേ, ദൈവത്തെയും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിനെയും കുറിച്ചുള്ള പൂർണമായ പരിജ്‌ഞാനംമൂലം നിങ്ങളിൽ കൃപയും സമാധാനവും വർധിക്കട്ടെ! തന്റെ മഹത്ത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവനെക്കുറിച്ചുള്ള പൂർണമായ അറിവിലൂടെ, നമ്മുടെ ജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം അവൻ്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്തിരിക്കുന്നു. ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തിൽനിന്നു രക്‌ഷപ്പെട്ട് ദൈവികസ്വഭാവത്തിൽ നിങ്ങൾ പങ്കുകാരാകുന്നതിന്, തന്റെ മഹത്ത്വവും ഔന്നത്യവും വഴി അവിടന്നു നിങ്ങൾക്ക് അമൂല്യവും ശ്രേഷ്‌ഠവുമായ വാഗ്ദാനങ്ങൾ നല്‌കിയിരിക്കുന്നു. ഇക്കാരണത്താൽ, നിങ്ങളുടെ വിശ്വാസം സുകൃതംകൊണ്ടും, സുകൃതം ജ്‌ഞാനം കൊണ്ടും ജ്ഞാനം ആത്മസംയമനം കൊണ്ടും, ആത്മസംയമനം ക്ഷമ കൊണ്ടും ക്ഷമ ഭക്തികൊണ്ടും ഭക്തിയെ സഹോദരസ്നേഹം കൊണ്ടും സഹോദരസ്നേഹം ഉപവികൊണ്ടും സമ്പൂർണമാക്കാൻ നന്നായി ഉത്സാഹിക്കുവിൻ.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

എന്റെ കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

അത്യുന്നതന്റെ സംരക്‌ഷണത്തിൽ വസിക്കുന്നവനും സർവ ശക്തന്റെ തണലിൽ കഴിയുന്നവനും, കർത്താവിനോട് എന്റെ സങ്കേതവും എൻ്റെ കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നുപറയും.

എന്റെ കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

അവൻ സ്നേഹത്തിൽ എന്നോട് ഒട്ടിനില്ക്കുന്നതിനാൽ ഞാൻ അവനെ രക്ഷിക്കും; അവൻ എന്റെ നാമം അറിയുന്നതു കൊണ്ട് ഞാൻ അവനെ സംരക്‌ഷിക്കും. അവൻ എന്നെ വിളിച്ചപേക്ഷിക്കുമ്പോൾ ഞാൻ ഉത്തരമരുളും; അവന്റെ കഷ്ടതയിൽ ഞാൻ അവനോടു ചേർന്നുനില്ക്കും.

എന്റെ കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

ഞാൻ അവനെ മോചിപ്പിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യും. ദീർഘായുസ്‌സു നല്‌കി ഞാൻ അവനെ സംതൃപ്തനാക്കും; എന്റെ രക്‌ഷ ഞാൻ അവനു കാണിച്ചുകൊടുക്കും. നീതിമാൻ സന്തോഷിക്കുന്നു.

എന്റെ കർത്താവേ, ഞാൻ അങ്ങിൽ ആശ്രയിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! (Cf. വെളി 1:5ab). വിശ്വസ്തസാക്ഷിയും മൃത രിൽനിന്നുള്ള ആദ്യജാതനുമായ യേശുക്രിസ്‌തുവേ, നീ ഞങ്ങളെ സ്നേഹിക്കുകയും സ്വന്തം രക്തത്താൽ ഞങ്ങളുടെ പാപങ്ങൾ മോചിക്കുകയും ചെയ്‌തു – അല്ലേലൂയാ!

സുവിശേഷം

മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(മുന്തിരിത്തോട്ടത്തിൻ്റെ ഉടമസ്ഥൻ്റെ പുത്രനെ കൃഷിക്കാർ കൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു)

അക്കാലത്ത്, യേശു പ്രധാന പുരോഹിതന്മാരോടും നിയമ ജ്ഞരോടും ജനപ്രമാണികളോടും ഉപമകൾവഴി സംസാരിക്കാൻ തുടങ്ങി. ഒരുവൻ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു; അതിനു ചുറ്റും വേലികെട്ടി; മുന്തിരിച്ചക്കു സ്‌ഥാപിച്ചു; ഒരു ഗോപുരവും പണിതു. അതു കൃഷിക്കാരെ ഏല്‌പിച്ചിട്ട് അവൻ അവിടെനിന്നു പോയി. സമയമായപ്പോൾ മുന്തിരിഫലങ്ങളിൽനിന്ന് തന്റെ ഓ ഹരി ശേഖരിക്കാൻ അവൻ കൃഷിക്കാരുടെ അടുത്തേക്കു ഭൃത്യനെ അയച്ചു. എന്നാൽ, അവർ അവനെ പിടിച്ച് അടിക്കുകയും വെറും കൈയോടെ പറഞ്ഞയയ്ക്കുകയും ചെയ്‌തു. വീണ്ടും അവൻ മറ്റൊരു ഭൃത്യനെ അയച്ചു. അവർ അവനെ തലയ്ക്കു പരിക്കേല്പിക്കുകയും അപമാനിച്ചയയ്ക്കുകയും ചെയ്തു. അവൻ വീണ്ടും ഒരുവനെ അയച്ചു. അവനെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും അയച്ചു. ചിലരെ അവർ അടിക്കുകയുംചിലരെ കൊല്ലുകയും ചെയ്തു. അവന് ഇനി ഒരുവൻ മാത്രം അവശേഷിച്ചു-തന്റെ പ്രിയപുത്രൻ. എന്റെ പുത്രനെ അവർ മാനിക്കും എന്നുപറഞ്ഞ് അവസാനം അവനെയും അവരുടെയടുത്തേക്ക് അയച്ചു. കൃഷിക്കാർ പരസ്‌പരം പറഞ്ഞു: ഇവനാണ് അവകാശി; ഇവനെ നമുക്കു കൊന്നുകളയാം; അവകാശം നമ്മുടേതാകും. അവർ അവനെ പിടിച്ചു കൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു. ഇനി മുന്തിരിത്തോട്ടത്തിൻെറ ഉടമസ്ഥൻ എന്തു ചെയ്യും? അവൻ വന്ന് ആ കൃഷിക്കാരെ നശിപ്പിച്ച് മുന്തിരിത്തോട്ടം വേറെ ആളുകളെ ഏല്പിക്കും

ഈ വിശുദ്‌ധലിഖിതം നിങ്ങൾ വായിച്ചിട്ടില്ലേ? പണിക്കാർ ഉപേക്ഷിച്ച കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു. ഇതു കർത്താവിന്റെ പ്രവൃത്തിയാണ്. നമ്മുടെ ദൃഷ്‌ടിയിൽ ഇത് അദ്ഭുതകരമായിരിക്കുന്നു. തങ്ങൾക്കെതിരായാണ് ഈ ഉപമ അവൻ പറഞ്ഞതെന്നു മനസ്‌സിലാക്കി അവർ അവനെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ, ജനക്കൂട്ടത്തെ അവർ ഭയപ്പെട്ടു. അതുകൊണ്ട്, അവർ അവനെ വിട്ടുപോയി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.