Word of God

പെസഹകാലം അഞ്ചാം വാരം : വെളളി വചനവായന

മെയ് 08 വെള്ളി

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(താഴെപ്പറയുന്ന അത്യാവശ്യ കാര്യങ്ങളെക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണു നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി)

അക്കാലത്ത്, തങ്ങളിൽനിന്നു ചിലരെ തിരഞ്ഞെടുത്ത് ബാർണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്തോലൻമാർക്കും ശ്രേഷ്ഠൻമാർക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോരൻമാരിൽ നേതാക്കൻമാരായിരുന്ന ബാർസബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവർ അയച്ചു. എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്തോലൻമാരും ശ്രേഷ്‌ഠൻമാരുമായ സഹോദരൻമാർ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരിൽ നിന്നുള്ള സഹോദരരായ നിങ്ങൾക്ക് അഭിവാദനമർപ്പിക്കുന്നു. ഞങ്ങളിൽ ചിലർ പ്രസംഗങ്ങൾ മുഖേന നിങ്ങൾക്കു മനശ്ചാഞ്ചല്യം വരുത്തിക്കൊണ്ട് നിങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ഞങ്ങൾ കേട്ടു. ഞങ്ങൾ അവർക്ക് ഒരു നിർദേശവും നല്‌കിയിരുന്നില്ല. അതുകൊണ്ട്, തിരഞ്ഞെടുക്കപ്പെട്ട ചിലരെ നമ്മുടെ പ്രിയപ്പെട്ട ബാർണബാസിനോടും പൗലോസിനോടുമൊപ്പം നിങ്ങളുടെ അടുക്കലേക്കയക്കുന്നത് നന്നായിരിക്കുമെന്ന് ഞങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു. അവർ നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തെപ്രതി സ്വന്തം ജീവൻ പണയപ്പെടുത്തിയിരിക്കുന്നവരാണല്ലോ. അതുകൊണ്ട്, ഞങ്ങൾ യൂദാസിനെയും സിലാസിനെയും അയച്ചിരിക്കുന്നു. ഈ കാര്യങ്ങൾതന്നെ അവർ നിങ്ങളോടു നേരിട്ടു സംസാരിക്കുന്നതായിരിക്കും. താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണു നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി. വിഗ്രഹങ്ങൾക്കർപ്പിച്ച വസ്‌തുക്കൾ, രക്തം, കഴുത്തു ഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയിൽനിന്ന് നിങ്ങൾ അകന്നിരിക്കണം. ഇവയിൽനിന്ന് അകന്നിരുന്നാൽ നിങ്ങൾക്കു നന്ന്. മംഗളാശംസകൾ! അവർയാത്രതിരിച്ച് അന്ത്യോക്യായിൽ എത്തി; ജനങ്ങളെ മുഴുവൻ വിളിച്ചുകൂട്ടി എഴുത്ത് അവരെ ഏല്പിച്ചു. അവർ ആ ഉപദേശം വായിച്ച് സന്തുഷ്ട‌രായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ജനതകളുടെ മധ്യത്തിൽ ഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കും. (അല്ലെങ്കിൽ: അല്ലേലൂയാ!)

എന്റെ ഹൃദയം അചഞ്ചലമാണ്; ദൈവമേ, എന്റെ ഹൃദയം അചഞ്ചലമാണ്, ഞാൻ അങ്ങയെ പാടിസ്‌തുതിക്കും. എന്റെ ഹൃദയമേ, ഉണരുക; വീണയും കിന്നരവും ഉണരട്ടെ; ഞാൻ പ്രഭാതത്തെ ഉണർത്തും.

കർത്താവേ, ജനതകളുടെ മധ്യത്തിൽ ഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കും

കർത്താവേ, ജനതകളുടെ മധ്യത്തിൽ ഞാൻ അങ്ങേക്കു കൃതജ്‌ഞതയർപ്പിക്കും; ജനതകളുടെയിടയിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. അങ്ങയുടെ കാരുണ്യം ആകാശത്തോളവും അങ്ങയുടെ വിശ്വസ്‌തത മേഘങ്ങളോളവും വലുതാണ്.

കർത്താവേ, ജനതകളുടെ മധ്യത്തിൽ ഞാൻ അങ്ങേക്കു കൃതജ്ഞതയർപ്പിക്കും

അല്ലേലുയാ !

അല്ലേലൂയാ! (യോഹ 15:15b). കർത്താവ് അരുൾചെയ്യുന്നു: ഞാൻ നിങ്ങളെ സ്നേഹിതന്മാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഇതാണ് എന്റെ കല്പന ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്‌പരം സ്നേഹിക്കണം)

അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു‌. ഇതാണ് എന്റെ കല്‌പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ, നിങ്ങളും പരസ്പ‌രം സ്നേഹിക്കണം. സ്നേഹിതർക്കുവേണ്ടി ജീവനർപ്പിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല. ഞാൻ നിങ്ങളോടു കല്പിക്കുന്നത് നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്. ഇനി ഞാൻ നിങ്ങളെ ദാസൻമാർ എന്നു വിളിക്കുകയില്ല. കാരണം, യജമാനൻ ചെയ്യുന്നതെന്തെന്ന് ദാസൻ അറിയുന്നില്ല. എന്നാൽ, ഞാൻ നിങ്ങളെ സ്നേഹിതൻമാരെന്നു വിളിച്ചു. എന്തെന്നാൽ, എന്റെ പിതാവിൽനിന്നു കേട്ടതെല്ലാം നിങ്ങളെ ഞാൻ അറിയിച്ചു. നിങ്ങൾ എന്നെ തിരഞ്ഞെടുക്കുകയല്ല, ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്. നിങ്ങൾ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടി ഞാൻ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തൻമൂലം, നിങ്ങൾ എൻെറ നാമത്തിൽ പിതാവിനോടു ചോദിക്കുന്നതെന്തും അവിടന്നു നിങ്ങൾക്കു നല്‌കും. ഞാൻ നിങ്ങളോടു കല്‌പിക്കുന്നു: പരസ്‌പരം സ്നേഹിക്കുവിൻ.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.