Word of God

പെസഹകാലം രണ്ടാം വാരം തിങ്കൾ വചനവായന

ഏപ്രിൽ 13 തിങ്കൾ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(പ്രാർഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവം പ്രസംഗിച്ചു.

അക്കാലത്ത്, മോചിതരായ അവർ സ്വസമൂഹത്തിലെത്തി പുരോഹിതപ്രമുഖൻമാരും ജനപ്രമാണികളും പറഞ്ഞകാര്യങ്ങൾ അവരെ അറിയിച്ചു. അതുകേട്ടപ്പോൾ അവർ ഏക മനസ്സോടെ ഉച്ചത്തിൽ ദൈവത്തോടപേക്‌ഷിച്ചു: നാഥാ, ആകാശത്തിന്റെയും ഭൂമിയുടെയും സമുദ്രത്തിന്റെയും അവയിലുള്ള സകലത്തിന്റെയും സ്രഷ്‌ടാവേ, ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന്റെ അധരത്തിലൂടെ പരിശുദ്‌ധാത്‌മാവു മുഖേന അവിടന്ന് ഇപ്രകാരം അരുൾചെയ്‌തിട്ടുണ്ടല്ലോ: വിജാതീയർ രോഷാകുലരായതെന്തിന്? ജനങ്ങൾ വ്യർഥമായ കാര്യങ്ങൾ വിഭാവനം ചെയ്തതുമെന്തിന്? കർത്താവിനും അവിടത്തെ അഭിഷിക്തനുമെതിരായി ഭൂമിയിലെ രാജാക്കൻമാർ അണിനിരക്കുകയും അധികാരികൾ ഒരുമിച്ചുകൂടുകയും ചെയ്‌തു. അവിടന്ന് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്‌ധദാസനായ യേശുവിനെതിരേ ഹേറോദേസും പന്തിയോസ് പീലാത്തോസും വിജാതീയരോടും ഇസ്രായേൽജനങ്ങളോടുമൊപ്പം സത്യമായും ഈ നഗരത്തിൽ ഒരുമിച്ചുകൂടി. അവിടത്തെ ശക്തിയും ഹിതവും അനുസരിച്ചു നിശ്ചയിച്ചിരുന്ന കാര്യങ്ങൾ നിറവേറുന്നതിനുവേണ്ടിയാണ്അവർ ഇപ്രകാരം ചെയ്‌തത്‌. അതിനാൽ, കർത്താവേ, അവരുടെ ഭീഷണികൾ അവിടന്നു ശ്രദ്‌ധിക്കണമേ. അവിടത്തെ പരിശുദ്‌ധ ദാസനായ യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടത്തെ കൈകൾ നീട്ടണമേ. അവിടത്തെ വചനം പൂർണധൈര്യത്തോടെ പ്രസംഗിക്കാൻ ഈ ദാസരെ അനുഗ്രഹിക്കണമേ. പ്രാർഥന കഴിഞ്ഞപ്പോൾ അവർ സമ്മേളിച്ചിരുന്ന സ്‌ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്‌ധാത്‌മാവിനാൽ പൂരിതരായി ദൈവവചനം ധൈര്യപൂർവം പ്രസംഗിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ, (അല്ലെങ്കിൽ: അല്ലേലൂയാ!)

ജനതകൾ ഇളകിമറിയുന്നതെന്തിന്? ജനങ്ങൾ എന്തിനു വ്യർഥമായി ഗൂഢാലോചന നടത്തുന്നു? കർത്താവിനും അവിടത്തെ അഭിഷിക്‌തനും എതിരേ ഭൂമിയിലെ രാജാക്കൻമാർ അണിനിരക്കുന്നു; ഭരണാധിപൻമാർ കൂടിയാലോചിക്കുന്നു. അവർ വച്ചവിലങ്ങുകൾ തകർക്കാം; അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം.

കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ,

സ്വർഗത്തിലിരിക്കുന്നവൻ അതു കേട്ടു ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു. അവിടന്ന് അവരോടു കോപമത്താടെ സംസാരിക്കും; ക്രോധത്തോടെ അവരെ സംഭീതരാക്കും. എന്റെ വിശുദ്‌ധ പർവതമായ സീയോനിൽ ഞാനാണ് എന്റെ രാജാവിനെ വാഴിച്ചതെന്ന് അവിടന്ന് അരുൾചെയ്യും.

കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ.

കർത്താവിന്റെ കല്പന ഞാൻ വിളംബരം ചെയ്യും; അവിടന്ന് എന്നോട് അരുൾചെയ്തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജൻമം നല്‌കി. എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും. ഇരുമ്പുദണ്ഡുകൊണ്ട് നീ അവരെ തകർക്കും, മൺപാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.

കർത്താവിൽ ശരണം വയ്ക്കുന്നവർ ഭാഗ്യവാന്മാർ,

അല്ലേലൂയാ !

അല്ലേലൂയാ! (കൊളോ 3 : 1). ക്രിസ്‌തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിൻ്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്‌തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല)

ഫരിസേയരിൽ നിക്കൊദേമോസ് എന്നുപേരുള്ള ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു. അവൻ രാത്രി യേശുവിന്റെ അടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തിൽനിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങൾ അറിയുന്നു. ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല. യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു. വീണ്ടും ജനിക്കുന്നില്ലെങ്കിൽ ഒരുവന് ദൈവരാജ്യം കാണാൻ കഴിയുകയില്ല. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തിൽ വീണ്ടും പ്രവേശിച്ച് അവനു ജനിക്കാൻ കഴിയുമോ? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ജലത്താലും ആത്‌മാവാലും ജനിക്കുന്നില്ലെങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല. മാംസത്തിൽനിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവിൽനിന്നു ജനിക്കുന്നത് ആത്‌മാവും. നിങ്ങൾ വീണ്ടും ജനിക്കണം എന്നു ഞാൻ പറഞ്ഞതുകൊണ്ട് നീ വിസ്‌മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേൾക്കു ന്നു. എന്നാൽ, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവിൽനിന്നു ജനിക്കുന്ന ഏവനും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.