സ്വന്തം ലേഖകൻ
വീണ്ടുമൊരു തീർത്ഥാടന കാലത്തിനായി ബോണക്കാട് ഇന്നുണരുകയാണ്.
നാല്പത് നോമ്പാചരണത്തെ സാർത്ഥകമാക്കി ബോണക്കാട് കുരിശുമലചവുട്ടി യേശുവിൻ്റെ കാൽവരിയാത്രയെ ധ്യാനിച്ച് സായൂജ്യമടഞ്ഞിരുന്ന ഭക്തലക്ഷങ്ങളെ നിരാശരാക്കി കൊണ്ടാണ് 2017 ൽ കുരിശുമലയിൽ ഉണ്ടായിരുന്ന കുരിശിനെ വർഗീയ വാദികൾ തകർത്തത്. ഈ സംഭവത്തിൽ വിശ്വാസീ സമൂഹത്തിന് പിന്തുണയും ആശ്വാസവും സുരക്ഷയും നല്കേണ്ട അന്നത്തെ സർക്കാരിൽ നിന്ന് വർഗീയ വാദികളുടെ പക്ഷം ചേരുന്ന നിലപാടാണ് നാം കണ്ടത്.
2018 ജനുവരിയിൽ സമാനതകളില്ലാത്ത പോലീസ് നരനായാട്ട് വിശ്വാസികൾക്ക് മേൽ ഉണ്ടായി. വനം വകുപ്പും പോലീസ് വകുപ്പും പരസ്പരം മത്സരിച്ച് പിതാവിനും വൈദികർക്കും വിശ്വാസികൾക്കും എതിരെ നിരവധി കള്ളക്കേസുകൾ എടുത്തു.
ഇതിനിടയിൽ ചില നിഷിപ്ത താല്പര്യക്കാർ ഹൈക്കോടതിയിൽ വിശ്വാസികളുടെ കുരിശുമല പ്രവേശനം വിലക്കാനായി കേസിന് പോയി. ഇവിടെയും അന്നത്തെ സർക്കാർ നമ്മെ ദ്രോഹിച്ചു. പരാതിക്കാരെ പിന്തുണച്ച് സത്യവാഗ് മൂലം നല്കി വനം വകുപ്പ് നമ്മെ പറ്റിച്ചു.
ചുരുക്കത്തിൽ, കുരിശു തകർക്കാൻ കൂട്ടുനിന്നും നരനായാട്ട് നടത്തിയും കള്ള ക്രിമിനൽ കേസുകൾ എടുത്തും സിവിൽ കേസിൽ കള്ള സത്യവാങ്മുലം നല്കിയും നമ്മെ പറ്റിച്ചു പിണറായി സർക്കാർ.
ഉയരുന്ന ചോദ്യങ്ങൾ:
1) 1957 മുതൽ തീർത്ഥാടനം നടന്നു വരുന്നുവെന്നത് ഒരു സത്യമായിരിക്കെ ഇത് സംബന്ധിച്ച് സത്യസന്ധമായ ഒരു അഫിഡവിറ്റ് കോടതിയിൽ സമർപ്പിച്ച് വിശ്വാസികളുടെ പക്ഷം ചേരാൻ സർക്കാർ തയ്യാറാകേണ്ടേ?
2) സമാധാനപരമായി പ്രതിക്ഷേധിച്ച വിശ്വാസികളെ അകാരണമായി തല്ലി ചതച്ച പോലീസ് ക്രിമിനലുകളെ സംരക്ഷിച്ചു എന്നത് ഒഴിച്ചു നിർത്താം, നൂറു ശതമാനവും അന്യായമായി എടുത്ത എല്ലാ ക്രിമിനൽ കേസുകളും പിൻവലിക്കേണ്ടതല്ലേ?
3) ദീർഘനാളായി വിശ്വാസികൾ വണങ്ങി വന്നിരുന്ന കുരിശു തകർത്തവർക്കെതിരെയും ഒരു റിസർവ് ഫോറസ്റ്റിൽ ഇരുട്ടിൻ്റെ മറവിൽ ഈ നീച കൃത്യം ചെയ്യാൻ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ സ്വീകരിക്കേണ്ടേ?
4) വർത്തമാന കേരളത്തിൽ റിസർവ് ഫോറസ്റ്റിനുള്ളിൽ നിരവധി തീർത്ഥാടനങ്ങൾ നടക്കുന്നുവെന്നത് സത്യമായിരിക്കേ ക്രൈസ്തവർക്ക് മാത്രം അത് നിഷേധിക്കുന്നത് അന്യായമല്ലേ?
5) ഗ്രീൻ തീർത്ഥാടനം, സന്ദർശക നിയന്ത്രണം, വനഭൂമിയെ റവന്യൂ ഭൂമിയായി പരിവർത്തനപ്പെടുത്തൽ തുടങ്ങി പ്രശ്നപരിഹാരത്തിന് നിരവധി സാധ്യതകൾ മുന്നിലുള്ളപ്പോൾ അതിനായി ഒരു ചർച്ച നടത്താൻ പോലും തയ്യാറാവാത്ത സർക്കാരിനെ വിശ്വാസികൾ എങ്ങനെയാണു സമീപിക്കേണ്ടത്?




