Word of God

തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 24 വചനവായന

മാർച്ച് 24 ചൊവ്വ

ഒന്നാം വായന

സംഖ്യയുടെ പുസ്‌തകത്തിൽനിന്ന്

(ദംശനമേല്ക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല)

അക്കാലത്ത്, ഏദോം ചുറ്റിപ്പോകാൻ ഹോർ മലയിൽനിന്നു ചെങ്കടലിലേക്കുള്ള വഴിയേ അവർ യാത്രപുറപ്പെട്ടു; യാത്രാ മധ്യേ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവർ സംസാരിച്ചു. ഈ മരുഭൂമിയിൽ മരിക്കാൻ നീ ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങൾ മടുത്തു.

അപ്പോൾ കർത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയ സർപ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് ഇസ്രായേലിൽ വളരെപ്പേർ മരിച്ചു. ജനം മോശയുടെ അടുക്കൽ വന്നു പറഞ്ഞു: അങ്ങേക്കും കർത്താവിനുമെതിരായി സംസാരിച്ചു ഞങ്ങൾ പാപം ചെയ്തു. ഈ സർപ്പങ്ങളെ പിൻവലിക്കാൻ കർത്താവിനോടു പ്രാർഥിക്കണമേ! മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു. കർത്താവ് മോശയോട് അരുൾചെയ്തു. ഒരു പിച്ചള സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തിനിർത്തുക. ദംശനമേല്ക്കുന്നവർ അതിനെ നോക്കിയാൽ മരിക്കുകയില്ല. മോശ പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി അതിനെ വടിയിൽ ഉയർത്തിനിർത്തി; ദംശനമേറ്റവർ പിച്ചളസർപ്പത്തെ നോക്കി; അവർ ജീവിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിൽ എത്തട്ടെ.

കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിൽ എത്തട്ടെ. എന്റെ കഷ്ടതയുടെ ദിനത്തിൽ അങ്ങ് എന്നിൽനിന്നു മുഖം മറയ്ക്കരുതേ! അങ്ങ് എനിക്കു ചെവിതരണമേ! ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ വേഗം എനിക്കുത്തരമരുളണമേ!

കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിൽ എത്തട്ടെ.

ജനതകൾ കർത്താവിന്റെ നാമത്തെ ഭയപ്പെടും; ഭൂമിയിലെ രാജാക്കൻമാർ അങ്ങയുടെ മഹത്ത്വത്തെയും കർത്താവു സീയോനെ പണിതുയർത്തും; അവിടന്നു തന്റെ മഹത്ത്വ ത്തിൽ പ്രത്യക്‌ഷപ്പെടും. അഗതികളുടെ പ്രാർഥന അവിടന്നു പരിഗണിക്കും; അവരുടെ യാചനകൾ നിരസിക്കുകയില്ല.

കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിൽ എത്തട്ടെ.

ഭാവിതലമുറയ്ക്കുവേണ്ടി, ഇനിയും ജനിച്ചിട്ടില്ലാത്ത ജനം അവിടത്തെ സ്തുതിക്കാൻവേണ്ടി, ഇത് ആലേഖനം ചെയ്യപ്പെടട്ടെ! അവിടന്ന് തന്റെ വിശുദ്‌ധമന്ദിരത്തിൽനിന്നു താഴേക്കു നോക്കി; സ്വർഗത്തിൽനിന്ന് കർത്താവു ഭൂമിയെ നോക്കി.

കർത്താവേ, എന്റെ പ്രാർഥന കേൾക്കണമേ! എന്റെ നിലവിളി അങ്ങയുടെ സന്നിധിയിൽ എത്തട്ടെ.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്‌തുതി.
വിത്ത് ദൈവത്തിന്റെ വചനവും വിതക്കാരൻ ക്രിസ്തുവുമാണ്. അവന്റെയടുക്കൽ വരുന്നവരെല്ലാം നിത്യമായി നിലനില്ക്കും.
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ, ഞാൻ ഞാൻ തന്നെയെന്ന് നിങ്ങൾ മനസ്സിലാക്കും)

അക്കാലത്ത്, യേശു ഫരിസേയരോട് അരുൾചെയ്തു: യേശു വീണ്ടും അവരോടു പറഞ്ഞു: ഞാൻ പോകുന്നു. നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ, നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല. അപ്പോൾ യഹുദർ പറഞ്ഞു: ഞാൻ പോകുന്നിടത്തേക്കു വരാൻ നിങ്ങൾക്കു കഴിയുകയില്ല എന്ന് അവൻ പറയുന്നല്ലോ. അവൻ ആത്മഹത്യ ചെയ്തേക്കുമോ? അവൻ പറഞ്ഞു: നിങ്ങൾ താഴേനിന്നുള്ളവരാണ്; ഞാൻ മുകളിൽനിന്നുള്ളവനും. നിങ്ങൾ ഈലോകത്തിന്റെതാണ്; ഞാൻ ഈലോകത്തിന്റെതല്ല. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു. എന്തെന്നാൽ, ഞാൻ, ഞാൻ തന്നെ എന്നു വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും. അപ്പോൾ അവർ ചോദിച്ചു: നീ ആരാണ്? യേശു പറഞ്ഞു: ആരംഭംമുതലേ ഞാൻ നിങ്ങളോടു പറഞ്ഞിരുന്നതുതന്നെ. എനിക്കു നിങ്ങളെക്കുറിച്ചു പലതും പറയാനും വിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാനാണ്. അവിടത്തെ അധരത്തിൽ നിന്നുകേട്ടത് ഞാൻ ലോകത്തോടു പറയുന്നു. പിതാവിനെക്കുറിച്ചാണ് അവൻ തങ്ങളോടു സംസാരിച്ചതെന്ന് അവർ മനസ്‌സിലാക്കിയില്ല.

അതുകൊണ്ട് യേശു പറഞ്ഞു: നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ, ഞാൻ, ഞാൻ തന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസ്‌സിലാക്കും. എന്നെ അയച്ചവൻ എന്നോടു കൂടെയുണ്ട്. അവിടന്ന് എന്നെ തനിയേ വിട്ടിരിക്കുകയല്ല. കാരണം, ഞാൻ എപ്പോഴും അവിടത്തേക്ക് ഇഷ്ടമുള്ളതു പ്രവർത്തിക്കുന്നു. ഇതു പറഞ്ഞപ്പോൾ വളരെപ്പേർ അവനിൽ വിശ്വസിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.