മാർച്ച് 02 തിങ്കൾ
ഒന്നാം വായന
ദാനിയേൽ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(ഞങ്ങൾ അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വർത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു)
കർത്താവേ, അങ്ങയെ സ്നേഹിക്കുകയും അങ്ങയുടെ കല്പനകൾ പാലിക്കുകയും ചെയ്യുന്നവരുമായി ഉടമ്പടി പാലിക്കുകയും അവരെ നിത്യമായി സ്നേഹിക്കുകയും ചെയ്യുന്ന ഉന്നതനും ഭീതിദനുമായ ദൈവമേ, ഞങ്ങൾ അങ്ങയുടെ കല്പനകളിലും ചട്ടങ്ങളിലും നിന്നകന്ന്, അകൃത്യങ്ങളും അപരാധങ്ങളും ചെയ്യുകയും ദുഷ്ടതയോടെ വർത്തിക്കുകയും അങ്ങയെ ധിക്കരിക്കുകയും ചെയ്തു. ഞങ്ങളുടെ രാജാക്കൻമാരോടും പ്രഭുക്കൻമാരോടും പിതാക്കൻമാരോടും ദേശത്തെ ജനത്തോടും അങ്ങയുടെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസൻമാരായ പ്രവാചകരുടെ വാക്ക് ഞങ്ങൾ ചെവിക്കൊണ്ടില്ല. കർത്താവേ, നീതി അങ്ങയുടേതാണ്. എന്നാൽ, ഞങ്ങളുടെ മുഖത്ത്, അങ്ങേക്കെതിരേ ചെയ്ത വഞ്ചനനിമിത്തം അങ്ങ് വിവിധ ദേശങ്ങളിൽ ചിതറിച്ചുകളഞ്ഞ യൂദായിലെയും ജറുസലേമിലെയും നിവാസികളുടെയും സമീപസ്ഥരും ദൂരസ്ഥരുമായ ഇസ്രായേൽജനത്തിന്റെയും മുഖത്ത്, ഇന്നു കാണപ്പെടുന്നതുപോലെ, ലജ്ജയാണ് നിഴലിക്കുന്നത്. കർത്താവേ, അങ്ങേക്കെതിരേ പാപം ചെയ്തതിനാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കൻമാരും പ്രഭുക്കൻമാരും പിതാക്കൻമാരും ലജ്ജിതരാണ്. ഞങ്ങളുടെ ദൈവമായ കർത്താവേ, കാരുണ്യവും പാപമോചനവും അങ്ങയുടേതാണ്; എന്നാൽ, ഞങ്ങൾ അങ്ങയോടു മത്സരിച്ചു. ഞങ്ങളുടെ ദൈവമായ കർത്താവിന്റെ സ്വരം ഞങ്ങൾ ചെവിക്കൊണ്ടില്ല. അവിടന്ന് തന്റെ ദാസൻമാരായ പ്രവാചകൻമാർ വഴി ഞങ്ങൾക്കു നല്കിയ നിയമം ഞങ്ങൾ അനുസരിച്ചില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവേ, ഞങ്ങളുടെ പാപങ്ങൾക്കൊത്ത് അങ്ങ് ഞങ്ങളോട് പ്രവർത്തിക്കരുതേ.
ഞങ്ങളുടെ പൂർവികൻമാരുടെ അകൃത്യങ്ങൾ ഞങ്ങൾക്കെ തിരായി ഓർക്കരുതേ! അങ്ങയുടെ കൃപ അതിവേഗം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ തീർത്തും നിലംപറ്റിയി രിക്കുന്നു.
കർത്താവേ, ഞങ്ങളുടെ പാപങ്ങൾക്കൊത്ത് അങ്ങ് ഞങ്ങളോട് പ്രവർത്തിക്കരുതേ.
ഞങ്ങളുടെ രക്ഷയായ ദൈവമേ, അങ്ങയുടെ നാമത്തിന്റെ മഹത്ത്വത്തെപ്രതി ഞങ്ങളെ സഹായിക്കണമേ! അങ്ങയുടെ നാമത്തെപ്രതി ഞങ്ങളെ മോചിപ്പിക്കുകയും ഞങ്ങളുടെ പാപങ്ങൾ പൊറുക്കുകയും ചെയ്യണമേ!
കർത്താവേ, ഞങ്ങളുടെ പാപങ്ങൾക്കൊത്ത് അങ്ങ് ഞങ്ങളോട് പ്രവർത്തിക്കരുതേ.
ബന്ധിതരുടെ ഞരക്കം അങ്ങയുടെ സന്നിധിയിൽ എത്തട്ടെ! വിധിക്കപ്പെട്ടവരെ അങ്ങയുടെ ശക്തി രക്ഷിക്കട്ടെ! അപ്പോൾ, അങ്ങയുടെ ജനമായ ഞങ്ങൾ, അങ്ങയുടെ മേച്ചില്പുറങ്ങളിലെ ആടുകൾ, എന്നേക്കും അങ്ങേക്കു കൃതജ്ഞത അർപ്പിക്കും. തലമുറകളോളം ഞങ്ങൾ അങ്ങയുടെ സ്തുതികൾ ആലപിക്കും.
കർത്താവേ, ഞങ്ങളുടെ പാപങ്ങൾക്കൊത്ത് അങ്ങ് ഞങ്ങളോട് പ്രവർത്തിക്കരുതേ.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അങ്ങേക്കു സ്തുതിയുംകർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്; നിത്യജീവൻ്റെ വചനങ്ങൾ നിന്റെ പക്കലുണ്ട്.
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ക്ഷമിക്കുവിൻ, നിങ്ങളോടും ക്ഷമിക്കപ്പെടും)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു: നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ. നിങ്ങൾ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി, നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും. നിങ്ങൾ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങൾക്കും അളന്നു കിട്ടും.



