ഫെബ്രുവരി 26 വ്യാഴം
ഒന്നാം വായന
എസ്തേറിന്റെ പുസ്‌തകത്തിൽനിന്ന്
(കർത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ!)
അക്കാലത്ത്, എസ്തേർ രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനനായി കർത്താവിങ്കലേക്ക് ഓടി. അവൾ ഇസ്രായേലിന്റെ ദൈവമായ കർത്താവിനോടു പ്രാർഥിച്ചു: എന്റെ കർത്താവേ, അങ്ങു മാത്രമാണ് ഞങ്ങളുടെ രാജാവ്; അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു. കർത്താവേ, അങ്ങ് സകല ജനതകളിലും നിന്ന് ഇസ്രായേലിനെ തിരഞ്ഞെടുത്തുവെന്നും, ഞങ്ങളുടെ പിതാക്കന്മാരെ അവരുടെ എല്ലാ പൂർവികന്മാരിലും നിന്ന് ഒരു ശാശ്വതാവകാശമായി തിരഞ്ഞെടുത്തുവെന്നും അവരോടു വാഗ്ദാനം ചെയ്‌തതെല്ലാം അങ്ങ് നിറവേറ്റിയെന്നും ജനനം മുതൽ ഞാൻ കുടുംബഗോത്രത്തിൽ പറഞ്ഞുകേട്ടിട്ടുണ്ട്.
കർത്താവേ, അങ്ങ് ഇതെല്ലാം ഓർക്കണമേ; ഞങ്ങളുടെ ഈ കഷ്ടദിനങ്ങളിൽ അങ്ങ് അങ്ങയെ വെളിപ്പെടുത്തണമേ! ദേവന്മാരുടെ രാജാവേ, സകലാധികാരത്തിൻ്റെയും അധിപനേ,എനിക്കു ധൈര്യം പകരണമേ. സിംഹത്തിൻ്റെ മുൻപിൽ എനിക്ക് ഭാഷണചാതുര്യം നല്‌കണമേ; ഞങ്ങൾക്കെതിരേ പൊരുതുന്നവനെ വെറുക്കേണ്ടതിന് അവനു മനംമാറ്റം വരുത്തണമേ! ശത്രുവും അവനോടു ചേർന്നവരും നശിക്കട്ടെ. ഞങ്ങളെ അങ്ങയുടെ കരത്താൽ രക്ഷിക്കണമേ! കർത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത ഏകയായ എന്നെ സഹായിക്കണമേ! അങ്ങ് എല്ലാം അറിയുന്നുവല്ലോ.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി.
കത്താവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു നന്ദി പറയുന്നു; ദേവൻമാരുടെ മുൻപിൽ ഞാൻ അങ്ങയെ പാടിപ്പുകഴ്ത്തും. ഞാൻ അങ്ങയുടെ വിശുദ്‌ധമന്ദിരത്തിനു നേരേ ശിരസ്സു നമിക്കുന്നു.
കർത്താവേ, ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി.
അങ്ങയുടെ കാരുണ്യത്തെയും വിശ്വസ്‌തതയെയുമോർത്ത് അങ്ങേക്കു നന്ദിപറയുന്നു, അങ്ങയുടെ നാമവും വാഗ്ദാനവും അത്യുന്നതമാണ്. ഞാൻ വിളിച്ചപേക്ഷിച്ചനാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എൻ്റെ ആത്മാവിൽ ധൈര്യം പകർന്ന് എന്നെ ശക്തിപ്പെടുത്തി.
കർത്താവേ, ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി.
അവിടത്തെ വലത്തുകൈ എന്നെ രക്ഷിക്കും എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കർത്താവു നിറവേറ്റും; കർത്താവേ, അവിടത്തെ കാരുണ്യം അനന്തമാണ്; അങ്ങയുടെ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
കർത്താവേ, ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അവിടന്ന് എനിക്ക് ഉത്തരമരുളി.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി. ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ; അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു തരണമേ.
കർത്താവായ യേശുക്രിസ്‌തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ചോദിക്കുന്ന ഏവനും ലഭിക്കുന്നു.)
അക്കാലത്ത്, യേശു തൻ്റെ ശിഷ്യന്മാരോട് അരുൾചെയ്തു ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ. നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകൻ അപ്പം ചോദിച്ചാൽ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളിൽ ഉണ്ടോ? അഥവാ, മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? മക്കൾക്കു നല്ല വസ്‌തുക്കൾ കൊടുക്കണമെന്ന് ദുഷ്‌ടരായ നിങ്ങൾ അറിയുന്നുവെങ്കിൽ, നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവർക്ക് എത്രയോ കൂടുതൽ നൻമകൾ നല്‌കും! മറ്റുള്ളവർ നിങ്ങൾക്കുചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ. ഇതാണു നിയമവും പ്രവാചകൻമാരും.



