ഫെബ്രുവരി 23 തിങ്കൾ
ഒന്നാം വായന
ലേവ്യരുടെ പുസ്തകത്തിൽനിന്ന്
(അയല്ക്കാരെ നീതിപൂർവം വിധിക്കണം)
കർത്താവ് മോശയോട് അരുൾ ചെയ്‌തു: ഇസ്രായേൽ സമൂഹത്തോടു പറയുക, നിങ്ങൾ പരിശുദ്‌ധരായിരിക്കുവിൻ. എന്തെന്നാൽ, നിങ്ങളുടെ ദൈവവും കർത്താവുമായ ഞാൻ പരിശുദ്‌ധനാണ്.
നിങ്ങൾ മോഷ്‌ടിക്കുകയോ വഞ്ചിക്കുകയോ പരസ്പരം വ്യാജം പറയുകയോ അരുത്. എന്റെ നാമത്തിൽ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്‌ധമാക്കുകയുമരുത്. ഞാനാണ് കർത്താവ്. നിങ്ങളുടെ അയല്ക്കാരെ മർദിക്കുകയോ കൊള്ളയടിക്കുകയോ അരുത്. കൂലിക്കാരനു വേതനം നല്കാൻ, പിറ്റേന്നു രാവിലേവരെ കാത്തിരിക്കരുത്. ചെകിടരെ ശപിക്കുകയോ കുരുടൻ വഴിയിൽ തടസ്സം വയ്ക്കുകയോ അരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക. ഞാനാണ് കർത്താവ്. അനീതിയായി വിധിക്കരുത്. ദരിദ്രനോടു ദാക്ഷിണ്യമോ ശക്തനോടു പ്രത്യേക പരിഗണനയോ കാണിക്കാതെ അയല്ക്കാരെ നീതിപൂർവം വിധിക്കണം. ഏഷണി പറഞ്ഞു നടക്കുകയോ അയല്ക്കാരൻെറ ജീവൻ അപകടത്തി ലാക്കുകയോ അരുത്. ഞാനാണ് കർത്താവ്. സഹോദരനെഹൃദയംകൊണ്ട് വെറുക്കരുത്. അയല്ക്കാരനെ ശാസിക്കണം. അല്ലെങ്കിൽ അവൻമൂലം നീ തെറ്റുകാരനാകും. നിന്റെ ജനത്തോട് പകയോ പ്രതികാരമോ പാടില്ല. നിന്നെപ്പോലെതന്നെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക. ഞാനാണ് കർത്താവ്.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്.
കർത്താവിന്റ നിയമം അവികലമാണ്; അത് ആത്മാവിനു പുതുജീവൻ പകരുന്നു. കർത്താവിൻെറ സാക്‌ഷ്യം വിശ്വാസ്യമാണ്; അത് വിനീതരെ വിജ്‌ഞാനികളാക്കുന്നു.
കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്.
കർത്താവിന്റെ കല്‌പനകൾ നീതിയുക്‌തമാണ്; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; കർത്താവിൻ്റെ പ്രമാണം വിശുദ്ധമാണ്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്.
ദൈവഭക്തി നിർമലമാണ്; അത് എന്നേക്കും നിലനില്ക്കുന്നു; കർത്താവിന്റെ വിധികൾ സത്യമാണ്; അവ തികച്ചും നീതിപൂർണമാണ്.
കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്.
എന്റെ അഭയശിലയും വിമോചകനുമായ കർത്താവേ! എന്റെ അധരങ്ങളിലെ വാക്കുകളും ഹൃദയത്തിലെ വിചാരങ്ങളും അങ്ങയുടെ ദൃഷ്ടിയിൽ സ്വീകാര്യമായിരിക്കട്ടെ!
കർത്താവേ, അങ്ങയുടെ വാക്കുകൾ ആത്മാവും ജീവനുമാണ്.
സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി. ഇതാ, ഇപ്പോൾ സ്വീകാര്യമായ സമയം. ഇതാ. ഇപ്പോൾ രക്ഷയുടെ ദിവസം. കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി.
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(എൻ്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കുതന്നെയാണു ചെയ്‌തുതന്നത്)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്തു മനുഷ്യപുത്രൻ എല്ലാ ദൂതൻമാരോടും കൂടെ മഹത്ത്വത്തിൽ എഴുന്നള്ളുമ്പോൾ അവൻ തന്റെ മഹിമയുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകും. അവന്റെ മുമ്പിൽ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്നു വേർതിരിക്കുന്നതുപോലെ, അവൻ അവരെത്തമ്മിൽ വേർതിരിക്കും. അവൻ ചെമ്മരിയാടുകളെ തന്റെ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്റെ വലത്തുഭാഗത്തുള്ളവരോട് അരുൾചെയ്യും: എൻെറ പിതാവാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ, ലോകസംസ്‌ഥാപനം മുതൽ നിങ്ങൾക്കായി സജ്‌ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിൻ. എന്തെന്നാൽ, എനിക്കു വിശന്നു; നിങ്ങൾ ഭക്ഷിക്കാൻ തന്നു. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചു. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചു. ഞാൻ രോഗിയായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചു. ഞാൻ കാരാഗ്യഹത്തിലായിരുന്നു; നിങ്ങൾ എന്റെയടുത്തു വന്നു. അപ്പോൾ നീതിമാൻമാർ ഇങ്ങനെ മറുപടി പറയും: കർത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങൾ ആഹാരം നല്‌കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാൻ നല്‌കിയതും എപ്പോൾ? നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോൾ? നിന്നെ ഞങ്ങൾ രോഗാവസ്‌ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദർശിച്ചത് എപ്പോൾ? രാജാവു മറുപടി പറയും: സത്യമായി ഞാൻ നിങ്ങ ളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരൻ മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്‌തുകൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്തുതന്നത്.
അനന്തരം അവൻ തൻറെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങൾ എന്നിൽ നിന്നകന്ന് പിശാചിനും അവന്റെ ദൂതൻമാർക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ. എനിക്കു വിശന്നു; നിങ്ങൾ ആഹാരം തന്നില്ല. എനിക്കു ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നില്ല. ഞാൻ പരദേശിയായിരുന്നു; നിങ്ങൾ എന്നെ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു; നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല. രോഗാവസ്‌ഥയിലും കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ സന്ദർശിച്ചില്ല. അപ്പോൾ അവർ ചോദിക്കും: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ, പരദേശിയോ, നഗ്നനോ രോഗിയോ കാരാഗൃഹത്തിൽ കഴിയുന്നവനോ ആയി കണ്ടതും നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നതും എപ്പോൾ? അവൻ മറുപടി പറയും: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഈ ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്യാതിരുന്നപ്പോൾ എനിക്കു തന്നെയാണു ചെയ്യാതിരുന്നത്. ഇവർ നിത്യശിക്‌ഷയിലേക്കും നീതിമാൻമാർ നിത്യ ജീവനിലേക്കും പ്രവേശിക്കും.




