ഫെബ്രുവരി 22 ഞായർ
ഒന്നാം വായന
ഉത്പത്തി പുസ്തകത്തിൽനിന്ന്
(ആദിമാതാപിതാക്കന്മാരുടെ സൃഷ്ടിയും ആദിപാപവും)
ദൈവമായ കർത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. അവിടന്ന് കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു. കാഴ്ചയ്ക്ക് കൗതുകവും ഭക്ഷിക്കാൻ സ്വാദുമുള്ള പഴങ്ങൾ കായ്ക്കുന്ന എല്ലാത്തരം വ്യക്ഷങ്ങളും അവിടന്നു മണ്ണിൽ നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വ്യക്ഷവും നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ അവിടന്നു വളർത്തി.
ദൈവമായ കർത്താവു സൃഷ്ടിച്ച എല്ലാ വന്യജീവികളിലുംവച്ച് കൗശലമേറിയതായിരുന്നു സർപ്പം. അതു സ്ത്രീയോടു ചോദിച്ചു: തോട്ടത്തിലെ ഒരു വൃക്ഷത്തിന്റെയും ഫലം തിന്നരുതെന്നു ദൈവം കല്പ്പിച്ചിട്ടുണ്ടോ? സ്ത്രീ സർപ്പത്തോടു പറഞ്ഞു: തോട്ടത്തിലെ വൃക്ഷങ്ങളുടെ പഴങ്ങൾ ഞങ്ങൾക്കു ഭക്ഷിക്കാം. എന്നാൽ, തോട്ടത്തിന്റെ നടുവിലുള്ള മരത്തിന്റെ പഴം ഭക്ഷിക്കുകയോ തൊടുകപോലുമോ അരുത്; ഭക്ഷിച്ചാൽ നിങ്ങൾ മരിക്കും എന്നു ദൈവം പറഞ്ഞിട്ടുണ്ട്. സർപ്പം സ്ത്രീയോടു പറഞ്ഞു: നിങ്ങൾ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നൻമയും തിൻമയും അറിഞ്ഞ് നിങ്ങൾ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. ആ വൃക്ഷത്തിന്റെ പഴം ആസ്വാദ്യവും കണ്ണിനു കൗതുകകവും അറിവേകാൻ കഴിയുമെന്നതിനാൽ അഭികാമ്യവും ആണന്നു കണ്ട് അവൾ അതു പറിച്ചുതിന്നു. ഭർത്താവിനും കൊടുത്തു; അവനും തിന്നു. ഉടനേ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരാണെന്ന് അവരറിഞ്ഞു. അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി.
പ്രതിവചന സങ്കീർത്തനം
കർത്താവേ, ഞങ്ങളിൽ കനിയണമേ. എന്തെന്നാൽ ഞങ്ങൾ പാപം ചെയ്തു.
ദൈവമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത് എന്നോടു ദയ തോന്നണമേ! അങ്ങയുടെ കാരുണ്യാതിരേകത്തിനൊത്ത് എന്റെ അതിക്രമങ്ങൾ മായിച്ചുകളയണമേ! എന്റെ അകൃത്യം നിശ്ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കണമേ!
കർത്താവേ, ഞങ്ങളിൽ കനിയണമേ. എന്തെന്നാൽ ഞങ്ങൾ പാപം ചെയ്തു.
എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുൻപിലുണ്ട്. അങ്ങേക്കെതിരായി, അങ്ങേക്കു മാത്രമെതിരായി, ഞാൻ പാപംചെയ്തു.
കർത്താവേ, ഞങ്ങളിൽ കനിയണമേ. എന്തെന്നാൽ ഞങ്ങൾ പാപം ചെയ്തു.
ദൈവമേ, നിർമലമായ ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ! അങ്ങയുടെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുത്തുകളയരുതേ!
കർത്താവേ, ഞങ്ങളിൽ കനിയണമേ. എന്തെന്നാൽ ഞങ്ങൾ പാപം ചെയ്തു.
അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ! ഒരുക്കമുള്ള ഹൃദയം നല്കി എന്നെ താങ്ങണമേ! കർത്താവേ, എൻെറ അധരങ്ങൾ തുറക്കണമേ! എൻെറ നാവ് അങ്ങയുടെ സ്തുതികൾ ആലപിക്കും.
കർത്താവേ, ഞങ്ങളിൽ കനിയണമേ എന്തെന്നാൽ ഞങ്ങൾ പാപം ചെയ്തു.
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(എവിടെ പാപം ധാരാളമുണ്ടോ, അവിടെ അതിൽ കൂടുതൽ കൃപാവരവുമുണ്ട്)
(ഒരു മനുഷ്യൻമൂലം പാപവും പാപംമൂലം മരണവും ലോകത്തിൽ പ്രവേശിച്ചു. അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപിച്ചു). നിയമം നല്കപ്പെടുന്നതിനുമുമ്പുതന്നെ പാപം ലോകത്തിൽ ഉണ്ടായിരുന്നു. എന്നാൽ, നിയമമില്ലാത്തപ്പോൾ പാപം കണക്കിലെടുക്കപ്പെടുന്നില്ല. ആദത്തിന്റെ പാപത്തിനു സദൃശമായ പാപം ചെയ്യാതിരുന്നവരുടെമേൽ പോലും, ആദത്തിന്റെ കാലം മുതൽ മോശയുടെ കാലംവരെ മരണം ആധിപത്യം പുലർത്തി. ആദം വരാനിരുന്നന്റെ പ്രതിരൂപമാണ്.
എന്നാൽ, പാപംപോലെയല്ല കൃപാദാനം. ഒരു മനുഷ്യന്റെ പാപംമൂലം വളരെപ്പേർ മരിച്ചുവെങ്കിൽ, ദൈവകൃപയും യേശു ക്രിസ്തുവെന്ന ഒരു മനുഷ്യന്റെ കൃപാദാനവും അനേകർക്ക് എത്രയധികം സമൃദ്ധമായി ലഭിച്ചിരിക്കുന്നു! ഒരുവന്റെ പാപത്തിൽ നിന്നുളവായ ഫലംപോലെയല്ല ഈ ദാനം. ഒരു പാപത്തിന്റെ ഫലമായുണ്ടായ വിധി ശിക്ഷയ്ക്കു കാരണമായി. അനേകം പാപങ്ങൾക്കുശേഷം ആഗതമായ കൃപാദാനമാകട്ടെ, നീതിമത്കരണത്തിനു കാരണമായി (ഒരു മനുഷ്യന്റെ പാപത്താൽ, ആ മനുഷ്യൻമൂലം മരണം ആധിപത്യം നടത്തിയെങ്കിൽ, ക്യപയുടെയും നീതിയുടെ ദാനത്തിന്റെയും സമ്യദ്ധി സ്വീകരിക്കുന്നവർ യേശുക്രിസ്തു എന്ന ഒരു മനുഷ്യൻമൂലം ഏത്രയോ അധികമായി ജീവനിൽ വാഴും! അങ്ങനെ, ഒരു മനുഷ്യന്റെ പാപം എല്ലാവർക്കും ശിക്ഷാവിധിക്കു കാരണമായതുപോലെ, ഒരു മനുഷ്യൻ നീതിപൂർവകമായ പ്രവൃത്തി എല്ലാവർക്കും ജീവദായകമായ നീതിമത്കരണത്തിനു കാരണമായി. ഒരു മനുഷ്യന്റെ അനുസരണക്കേടാൽ അനേകർ പാപികളായിത്തീർന്നതുപോലെ, ഒരു മനുഷ്യന്റെ അനുസരണത്താൽ അനേകർ നീതിയുള്ളവരാകും).
കർത്താവിന്റെ വചനം.
(ബ്രാക്കറ്റിൽ ഉള്ളത് ഹ്രസ്വരൂപം)
സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം
കർത്താവായ യേശുക്രിസ്തുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത്. കർത്താവായ യേശു ക്രിസ്തുവേ, അനന്ത മഹിമയുടെ രാജാവേ, അങ്ങേക്കു സ്തുതി
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യേശു നാല്പതുദിനരാത്രങ്ങൾ ഉപവസിച്ചു.അതിനുശേഷം പിശാചിനാൽ അവിടന്നു പരീക്ഷിക്കപ്പെട്ടു).
അക്കാലത്ത്, പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു. യേശു നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചു. അപ്പോൾ അവനു വിശന്നു. പ്രലോഭകൻ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക. അവൻ പ്രതിവചിച്ചു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു. അനന്തരം, അവനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തിൽ കയറ്റി നിർത്തിയിട്ടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവൻ തന്റെ ദൂതൻമാർക്കു കല്പന നല്കും; നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു. യേശു പറഞ്ഞു: നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു. വീണ്ടും, പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്ത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്കു ഞാൻ നല്കും. യേശു കല്പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാൽ, നിൻ്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവ ദൂതൻമാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.




