ജനുവരി 29 വ്യാഴം
ഒന്നാം വായന
സാമുവലിൻ്റെ രണ്ടാം പുസ്‌തകത്തിൽനിന്ന്
(ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എൻ്റെ കുടുംബവും എന്താകുന്നു?)
അക്കാലത്ത്, നാഥാൻ ദാവീദുരാജാവിനോട് സംസാരിച്ചശേഷം കൂടാരത്തിനകത്തു ചെന്ന് കർത്താവിൻെറ സന്നിധിയിലിരുന്നു പ്രാർഥിച്ചു. ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എന്റെ കുടുംബവും എന്താകുന്നു? ദൈവമായ കർത്താവേ, ഇത് അങ്ങേക്ക് എത്ര നിസ്‌സാരം! വരാനുള്ള ദീർഘകാലത്തേക്ക് അങ്ങയുടെ ദാസന്റെ കുടുംബത്തിന്റെ വിദൂരഭാവിയെക്കുറിച്ചും വരുംതലമുറകളെക്കുറിച്ചും അങ്ങ് അരുൾചെയ്‌തിരിക്കുന്നുവല്ലോ.
ഇസ്രായേൽ എന്നേക്കും അങ്ങയുടെ ജനമായിരിക്കേണ്ടതിന് അവരെ അങ്ങു സ്‌ഥിരപ്പെടുത്തി. കർത്താവേ, അങ്ങ് അവർക്ക് ദൈവമായിത്തീർന്നു. ദൈവമായ കർത്താവേ, അങ്ങയുടെ ദാസനോടും കുടുംബത്തോടും അരുൾചെയ്‌തിരിക്കുന്ന വചനം എന്നേക്കും സ്‌ഥിരപ്പെടുത്തി അങ്ങയുടെ വാക്കു നിവർത്തിക്കണമേ! അങ്ങയുടെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ! സർവശക്തനായ കർത്താവാണ് ഇസ്രായേലിൻെറ ദൈവമെന്നു പ്രഘോഷിക്കപ്പെടട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്റെ കുടുംബം അങ്ങയുടെ മുൻപിൽ സുസ്‌ഥിരമാകട്ടെ! സർവശകനായ കർത്താവേ, ഇസ്രായേലിൻെറ ദൈവമേ, ഞാൻ നിൻെറ വംശം ഉറപ്പിക്കും എന്നുപറഞ്ഞ് അങ്ങയുടെ ദാസന് ഇതു വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. അതുകൊണ്ട്, അങ്ങയോട് ഇങ്ങനെ പ്രാർഥിക്കാൻ ഈ ദാസൻ ധൈര്യപ്പെട്ടിരിക്കുന്നു. ദൈവമായ കർത്താവേ, അങ്ങുതന്നെ ദൈവം; അങ്ങയുടെ വചനം സത്യം; ഈ നല്ലകാര്യം അടിയനോട് അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നുവല്ലോ. അടിയന്റെ കുടുംബം അങ്ങയുടെ മുൻപിൽനിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളമാകണമേ! ദൈവമായ കർത്താവേ, അങ്ങു വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടത്തെ അനുഗ്രഹത്താൽ അടിയന്റെ കുടുംബം എന്നേക്കും അനുഗൃഹീതമാകും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ദൈവമായ കർത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും.
കർത്താവേ, ദാവീദിനെയും അവൻ സഹിച്ച കഷ്‌ടതകളെയും ഓർക്കണമേ. അവൻ കർത്താവിനോടു ശപഥം ചെയ്തു, യാക്കോബിന്റെ ശക്തനായവനോടു സത്യം ചെയ്തു.
ദൈവമായ കർത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും
കർത്താവിന് ഒരു സ്‌ഥലം, ഒരു വാസസ്‌ഥലം, കണ്ടെത്തുന്നതുവരെ ഞാൻ വീട്ടിൽ പ്രവേശിക്കുകയോ കിടക്കയിൽ ശയിക്കുകയോ ഇല്ല; ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കമോ കൺപോളകൾക്കു മയക്കമോ കൊടുക്കുകയില്ല.
ദൈവമായ കർത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും
ദാവീദിനോടു കർത്താവ് ഒരു ശപഥം ചെയ്‌തു. അവിടന്ന് പിൻമാറുകയില്ല; നിന്റെ മക്കളിൽ ഒരുവനെ നിന്റെ സിംഹാസനത്തിൽ ഞാൻ ഉപവിഷ്ടനാക്കും എന്റെ ഉടമ്പടിയും ഞാൻ നല്‌കുന്ന കല്പനകളും നിൻ്റെ മക്കൾ അനുസരിച്ചാൽ, അവരുടെ മക്കൾ എന്നേക്കും നിന്റെ സിംഹാസനത്തിൽ വാഴും.
ദൈവമായ കർത്താവ് പിതാവായ ദാവീദിൻ്റെ സിംഹാസനം അവനു കൊടുക്കും.
കർത്താവു സീയോനെ തിരഞ്ഞെടുത്തു; അതിനെ തന്റെ വാസസ്‌ഥലമാക്കാൻ അവിടന്ന് ആഗ്രഹിച്ചു: ഇതാണ് എന്നേക്കും എൻ്റെ വിശ്രമസ്ഥലം; ഞാനിവിടെ വസിക്കും; എന്തെന്നാൽ, ഞാൻ അത് ആഗ്രഹിച്ചു.
ദൈവമായ കർത്താവ് പിതാവായ ദാവീദിന്റെ സിംഹാസനം അവനു കൊടുക്കും
അല്ലേലുയാ !
അല്ലേലൂയാ! അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാണ് – അല്ലേലൂയാ
സുവിശേഷം
മർക്കോസിൻ്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(വിളക്ക് പീഠത്തിന്മേൽ വയ്ക്കാനല്ലേ? നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും)
അക്കാലത്ത്, യേശു ജനത്തോടു പറഞ്ഞു: വിളക്കുകൊണ്ടുവരുന്നത് പറയുടെ കീഴിലോ കട്ടിലിൻെറ അടിയിലോ വയ്ക്കാനാണോ? പീഠത്തിൻമേൽ വയ്ക്കാനല്ലേ? വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തുവരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അവൻ പറഞ്ഞു: നിങ്ങൾ ശ്രദ്‌ധിച്ചുകേൾക്കുവിൻ. നിങ്ങൾ അളക്കുന്ന അളവിൽത്തന്നെ നിങ്ങൾക്കും അളന്നുകിട്ടും; കൂടുതലും ലഭിക്കും. ഉള്ളവനു നല്കപ്പെടും; ഇല്ലാത്തവനിൽനിന്ന് ഉള്ളതുപോലും എടുക്കപ്പെടും.




