ജനുവരി 27 ചൊവ്വ
ഒന്നാം വായന
സാമുവലിൻ്റെ രണ്ടാം പുസ്തകത്തിൽനിന്ന്
(ദാവീദും ഇസ്രായേൽഭവനവും ആർപ്പുവിളിച്ചും കാഹളം മുഴക്കിയും കർത്താവിന്റെ പേടകം കൊണ്ടുവന്നു)
അക്കാലത്ത്, ദാവീദ് ദൈവത്തിൻ്റെ പേടകം ഓബദ് ഏദ മിന്റെ ഭവനത്തിൽനിന്ന് ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂർവം കൊണ്ടുവന്നു. കർത്താവിൻ്റെ പേടകം വഹിച്ചിരുന്നവർ ആറു ചുവടു നടന്നപ്പോൾ അവൻ ഒരു കാളയെയും തടിച്ച കിടാവിനെയും ബലികഴിച്ചു. ദാവീദ് കർത്താവിന്റെ മുൻപാകെ സർവശക്തിയോടുംകൂടെ നൃത്തം ചെയ്തു. ചണനൂൽകൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവൻ ധരിച്ചിരുന്നുള്ളൂ. അങ്ങനെ ദാവീദും ഇസ്രായേൽഭവനവും ആർപ്പുവിളിച്ചും കാഹളം മുഴക്കിയും കർത്താവിന്റെ പേടകം കൊണ്ടുവന്നു.
അവർ കർത്താവിൻ്റെ പേടകം കൊണ്ടുവന്ന് ദാവീദ് പ്രത്യേകം നിർമിച്ചിരുന്ന കൂടാരത്തിനുള്ളിൽ അതിന്റെ സ്‌ഥാനത്തു പ്രതിഷ്ഠിച്ചു. ദാവീദ് കർത്താവിന്റെ മുൻപിൽ ദഹനബലികളും സമാധാനബലികളും അർപ്പിച്ചു. അർപ്പണം കഴിഞ്ഞപ്പോൾ ദാവീദ് സൈന്യങ്ങളുടെ കർത്താവിന്റെ നാമത്തിൽ ജനങ്ങളെ അനുഗ്രഹിച്ചു. സ്ത്രീപുരുഷഭേദമെന്നിയേ ഇസ്രായേൽ സമൂഹത്തിനു മുഴുവൻ, ആളൊന്നിന് ഒരപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം, വിതരണം ചെയ്‌തു. പിന്നെ ജനം വീട്ടിലേക്കു മടങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
മഹത്ത്വത്തിന്റെ രാജാവ് കർത്താവുതന്നെ.
കവാടങ്ങളേ, ശിരസ്‌സുയർത്തുവിൻ; പുരാതന കവാടങ്ങളേ, ഉയർന്നു നില്ക്കുവിൻ, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ!
മഹത്ത്വത്തിന്റെ രാജാവ് കർത്താവുതന്നെ.
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്? പ്രബലനും ശക്ത നുമായ കർത്താവ്, യുദ്‌ധവീരനായ കർത്താവുതന്നെ.
മഹത്ത്വത്തിന്റെ രാജാവ് കർത്താവുതന്നെ.
കവാടങ്ങളേ. ശിരസ്‌സുയർത്തുവിൻ: പുരാതന കവാടങ്ങളേ ഉയർന്നു നില്ക്കുവിൻ. മഹത്ത്വത്തിൻ്റ രാജാവു പ്രവേശിക്കട്ടെ!
മഹത്ത്വത്തിൻ്റെ രാജാവ് കർത്താവുതന്നെ.
ആരാണ് ഈ മഹത്ത്വത്തിന്റെ രാജാവ്? സൈന്യങ്ങളുടെ കർത്താവു തന്നെ; അവിടന്നാണു മഹത്ത്വത്തിന്റെ രാജാവ്.
മഹത്ത്വത്തിന്റെ രാജാവ് കർത്താവുതന്നെ.
അല്ലേലൂയാ !
അല്ലേലൂയാ! ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ശിശുക്കൾക്കു വെളിപ്പെടുത്തിയ സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥനായ പിതാവ് വാഴ്ത്തപ്പെട്ടവനാകട്ടെ. അല്ലേലൂയാ
സുവിശേഷം
മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരോ, അവനാണ് എൻ്റെ സഹോദരനും സഹോദരിയും അമ്മയും)
അക്കാലത്ത്, യേശുവിൻ്റെ അമ്മയും സഹോദരൻമാരും വന്നു പുറത്തുനിന്നുകൊണ്ട് അവനെ വിളിക്കാൻ ആളയച്ചു. ജനക്കൂട്ടം അവനുചുറ്റും ഇരിക്കുകയായിരുന്നു. അവർ പറഞ്ഞു: നിന്റെ അമ്മയും സഹോദരൻമാരും സഹോദരിമാരും നിന്നെ ക്കാണാൻ പുറത്തു നില്ക്കുന്നു. അവൻ ചോദിച്ചു: ആരാണ് എന്റെ അമ്മയും സഹോദരങ്ങളും? ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു: ഇതാ, എൻെറ അമ്മയും എന്റെ സഹോദരങ്ങളും! ദൈവത്തിന്റെ ഹിതം നിർവഹിക്കുന്നവനാരോ, അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.




