Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 14 വചനവായന

ജനുവരി 14  ബുധൻ  

ഒന്നാം വായന

സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(കർത്താവേ, അരുൾചെയ്‌താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു)

    അക്കാലത്ത്, ഏലിയുടെ സാന്നിധ്യത്തിൽ ബാലനായ സാമുവൽ കർത്താവിനു ശുശ്രൂഷ ചെയ്‌തുപോന്നു. അക്കാലത്ത് കർത്താവിന്റെ  അരുളപ്പാടു ചുരുക്കമായേ ലഭിച്ചിരുന്നുള്ളൂ. ദർശനങ്ങൾ വിരളമായിരുന്നു. ഏലി ഒരു ദിവസം തന്റെ മുറിയിൽ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച  മങ്ങിത്തുടങ്ങിയിരുന്നു. ദൈവത്തിന്റെ മുൻപിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവൽ ദേവലായത്തിൽ ദൈവത്തിന്റെ  പേടകം സ്‌ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.

അപ്പോൾ കർത്താവ് സാമുവലിനെ വിളിച്ചു: സാമുവൽ സാമുവൽ! അവൻ വിളികേട്ടു: ഞാൻ ഇതാ! അവൻ ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാൻ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക. അവൻ പോയിക്കിടന്നു. കർത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവൽ! അവൻ എഴുന്നേറ്റ് ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ, നിന്നെ ഞാൻ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക കർത്താവാണ് വിളിച്ചതെന്നു സാമുവൽ അപ്പോഴും അറിഞ്ഞില്ല. കാരണം, അതുവരെ കർത്താവിൻെറ ശബ്ദ‌ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല. മൂന്നാമതും കർത്താവ് സാമുവലിനെ വിളിച്ചു. അവൻ എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കർത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോൾ ഏലിക്ക് മനസ്‌സിലായി. അതിനാൽ, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നു കൊള്ളുക. ഇനി നിന്നെ വിളിച്ചാൽ, കർത്താവേ, അരുൾചെയ് താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവൽ പോയി കിടന്നു.അപ്പോൾ കർത്താവ് വന്നുനിന്ന് മുൻപിലത്തെപ്പോലെ സാമുവൽ! സാമുവൽ! എന്നുവിളിച്ചു. സാമുവൽ പ്രതിവചിച്ചു: അരുൾചെയ്‌താലും, അങ്ങയുടെ ദാസനിതാ ശ്രവിക്കുന്നു.സാമുവൽ വളർന്നുവന്നു. കർത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ  വാക്കുകളിലൊന്നും വ്യർഥമാകാൻ അവിടന്ന് ഇടവരുത്തിയില്ല. സാമുവൽ കർത്താവിന്റെ  പ്രവാചകനായിത്തീർന്നിരിക്കുന്നു എന്ന് ദാൻ മുതൽ ബേർഷെബ വരെയുള്ള ഇസ്രായേൽജനം മുഴുവനും അറിഞ്ഞു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

കർത്താവേ ഇതാ ഞാൻ വരുന്നു അങ്ങയുടെ  ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ഞാൻ ക്‌ഷമാപൂർവം കർത്താവിനെ കാത്തിരുന്നു; അവിടന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു. കർത്താവിനെ ആശ്രയിക്കുന്നവൻ ഭാഗ്യവാൻ; വഴിതെറ്റി വ്യാജദേവൻമാരെ അനു ഗമിക്കുന്ന അഹങ്കാരികളിലേക്ക് അവൻ തിരിയുന്നില്ല.

കർത്താവേ ഇതാ ഞാൻ വരുന്നു അങ്ങയുടെ  ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ബലികളും കാഴ്ചകളും അവിടന്ന് ആഗ്രഹിക്കുന്നില്ല; എന്നാൽ, അവിടന്ന് എന്റെ കാതുകൾ തുറന്നുതന്നു. ദഹന ബലിയും പാപപരിഹാരബലിയും അവിടന്ന് ആവശ്യപ്പെട്ടില്ല.അപ്പോൾ ഞാൻ പറഞ്ഞു: ഇതാ ഞാൻ വരുന്നു.

കർത്താവേ ഇതാ ഞാൻ വരുന്നു അങ്ങയുടെ  ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

പുസ്തകച്ചുരുളിൽ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്. എന്റെ ദൈവമേ, അങ്ങയുടെ ഹിതം നിറവേറ്റുകയാണ് എൻ്റെ സന്തോഷം, അങ്ങയുടെ നിയമം എൻറെ ഹൃദയത്തിലുണ്ട്.

കർത്താവേ ഇതാ ഞാൻ വരുന്നു അങ്ങയുടെ  ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

ഞാൻ മഹാസഭയിൽ വിമോചനത്തിന്റെ  സന്തോഷവാർത്ത അറിയിച്ചു; കർത്താവേ, അങ്ങേക്കറിയാവുന്നപോലെ ഞാൻ എന്റെ  അധരങ്ങൾ അടക്കിനിർത്തിയില്ല.

കർത്താവേ ഇതാ ഞാൻ വരുന്നു അങ്ങയുടെ  ഹിതം നിറവേറ്റുകയാണ് എന്റെ സന്തോഷം.

അല്ലേലൂയാ

അല്ലേലൂയാ!  കർത്താവ് അരുൾചെയ്യുന്നു. എന്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. അല്ലേലൂയാ!

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(വിവിധ രോഗങ്ങൾ ബാധിച്ചിരുന്ന വളരെപ്പേരെ അവൻ സുഖപ്പെടുത്തി)

     അക്കാലത്ത്, യേശു സിനഗോഗിൽനിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്തയോസിന്റെയും ഭവനത്തിലെത്തി. ശിമയോന്റെ  അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവർ അവനോടു പറഞ്ഞു. അവൻ അടുത്തുചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്‌പിച്ചു. പനി അവളെ വിട്ടുമാറി. അവൾ അവരെ ശുശ്രൂഷിച്ചു.

     അന്നു വൈകുന്നേരം സൂര്യാസ്‌തമയമായപ്പോൾ, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവർ അവന്റെ  അടുത്തു കൊണ്ടുവന്നു. നഗരവാസികളെല്ലാം വാതില്ക്കൽ സമ്മേളിച്ചു. വിവിധ രോഗങ്ങൾ ബാധിച്ചിരുന്ന വളരെപ്പേരെ അവൻ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കൾ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാൻ അവരെ അവൻ അനുവദിച്ചില്ല.അതിരാവിലേ അവൻ ഉണർന്ന് ഒരു വിജനസ്‌ഥലത്തേക്കു പോയി. അവിടെ അവൻ പ്രാർഥിച്ചുകൊണ്ടിരുന്നു. ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. കണ്ടെത്തിയപ്പോൾ അവർ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. അവൻ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാൻ വന്നിരിക്കുന്നത്. സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവൻ ഗലീലിയിലുടനീളം സഞ്ചരിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.