Word of God

ജ്ഞാനസ്നാനതിരുന്നാൾ ജനുവരി 11 വചനവായന

ജനുവരി 11 ഞായർ

ഒന്നാം വായന

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്

(ഇനാ എന്റെ ദാസൻ ഞാൻ തിരഞ്ഞെടുത്ത എൻ്റെ പ്രീതിപാത്രം)

കർത്താവ് അരുൾചെയ്യുന്നു: ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നല്‌കി; അവൻ ജനതകൾക്ക് നീതി പ്രദാനംചെയ്യും. അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല; തെരുവീഥിയിൽ ആ സ്വരം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്‌തതയോടെ നീതിപുലർത്തും. ഭൂമിയിൽ നീതി സ്ഥാപിക്കുന്നതുവരെ അവൻ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു.

ഞാനാണു കർത്താവ്, ഞാൻ നിന്നെ നീതി സ്ഥാപിക്കാൻ വിളിച്ചു. ഞാൻ നിന്നെ കൈക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. അന്‌ധർക്കു കാഴ്ചനല്‌കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്‌ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയിൽ നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാൻ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകൾക്കു പ്രകാശവുമായി നല്‌കിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവു തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ

സ്വർഗവാസികളേ, കർത്താവിനെ സ്തുതിക്കുവിൻ, മഹത്ത്വവും ശക്‌തിയും അവിടത്തേതെന്നു പ്രഘോഷിക്കുവിൻ കർത്താവിന്റെ മഹത്ത്വപൂർണമായ നാമം സ്‌തുതിക്കുവിൻ,വിശുദ്‌ധവസ്ത്രങ്ങളണിഞ്ഞ് അവിടത്തെ ആരാധിക്കുവിൻ

കർത്താവു തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ

കർത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു; ജലസഞ്ചയങ്ങൾക്കുമീതേ മഹത്ത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.കർത്താവിൻെറ സ്വരം ശക്തിനിറഞ്ഞതാണ്; അവിടത്തെ ശബ്ദം പ്രതാപമുറ്റതാണ്.

കർത്താവു തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ

കർത്താവിന്റെ സ്വരം ദേവദാരുക്കളെ തകർക്കുന്നു; കർത്താവു ലബനോനിലെ ദേവദാരുക്കളെ ഒടിച്ചു തകർക്കുന്നു.കർത്താവു ജലസഞ്ചയത്തിനുമേൽ സിംഹാസനസ്ഥനായിരിക്കുന്നു. അവിടന്ന് എന്നേക്കും രാജാവായി സിംഹാസനത്തിൽ വാഴുന്നു.

കർത്താവു തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കട്ടെ

രണ്ടാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

അക്കാലത്ത് പത്രോസ് പ്രഭാഷണമാരംഭിച്ചു: സത്യമായും ദൈവത്തിനു പക്‌ഷപാതമില്ലെന്നും അവിടത്തെ ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്ന ആരും, ഏതു ജനതയിൽ പ്പെട്ടവനായാലും, അവിടത്തേക്കു സ്വീകാര്യനാണെന്നും ഞാൻ സത്യമായി അറിയുന്നു. സമാധാനത്തിന്റെ സദ്വാർത്ത സകലത്തിന്റെയും കർത്താവായ യേശുക്രിസ്‌തുവിലൂടെ വിളംബരം ചെയ്തുകൊണ്ട് തന്റെ വചനം അവിടന്ന് ഇസ്രായേൽ മക്കൾക്കു നല്‌കി. യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിനുശേഷം ഗലീലിയിൽ ആരംഭിച്ച് യൂദയാ മുഴുവനിലും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്ക് അറിവുള്ളതാണല്ലോ. നസറായനായ യേശുവിനെ പരിശുദ്ധാത്മാവാലും ശക്തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്തുവെന്നും അവൻ ഏപ്രകാരം നൻമ പ്രവർത്തിച്ചു കൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തി ക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.

കർത്താവിന്റെ വചനം.
അല്ലേലൂയാ !

അല്ലേലൂയാ! മേഘത്തിൽനിന്ന് ഒരു സ്വരം പുറപ്പെട്ടു. ഇവൻ എന്റെ പ്രിയപുത്രൻ; ഇവന്റെ വാക്കു ശ്രവിക്കുവിൻ അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സ്നാനം കഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറിയപ്പോൾ ദൈവാത്മാവ് തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു!)

അക്കാലത്ത്, യേശു യോഹന്നാനിൽ നിന്നു സ്നാനം സ്വീകരിക്കാൻ ഗലീലിയിൽനിന്ന് ജോർദാനിൽ അവന്റെ അടുത്തേക്കുവന്നു. ഞാൻ നിന്നിൽനിന്ന് സ്നാനം സ്വീകരിക്കേണ്ടിയിരിക്കേ, നീ എന്റെ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാൻ അവനെ തടഞ്ഞു. എന്നാൽ, യേശു പറഞ്ഞു: ഇപ്പോൾ ഇതു സമ്മതിക്കുക; അങ്ങനെ സർവനീതിയും പൂർത്തിയാക്കുക നമുക്ക് ഉചിതമാണ്. അവൻ സമ്മതിച്ചു. സ്നാനം കഴിഞ്ഞയുടൻ യേശു വെള്ളത്തിൽനിന്നു കയറി. അപ്പോൾ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപ ത്തിൽ തന്റെമേൽ ഇറങ്ങിവരുന്നത് അവൻ കണ്ടു. ഇവൻ എൻ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വർഗത്തിൽനിന്നു കേട്ടു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.