Word of God

തിരുപിറവികാലം ജനുവരി 05 വചന വായന

ജനുവരി 05 തിങ്കൾ

ഒന്നാം വായന

വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ)

പ്രിയപ്പെട്ടവരേ, നാം ആവശ്യപ്പെടുന്നതെന്തും അവിടന്നു നമുക്കു നല്‌കുകയും ചെയ്യും. കാരണം, നമ്മൾ അവിടത്തെ കല്‌പനകൾ അനുസരിക്കുകയും അവിടത്തേക്കു പ്രീതിജനകമായതു പ്രവർത്തിക്കുകയും ചെയ്യുന്നു. അവിടത്തെ പുത്രനായ യേശുവിന്റെ നാമത്തിൽ നാം വിശ്വസിക്കുകയും അവൻ നമ്മോടു കല്‌പിച്ചതുപോലെ നാം പരസ്‌പരം സ്നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്റെ കൽപ്പന . അവന്റെ കൽപനകൾ അനുസരിക്കുന്ന ഏവനും അവനിൽ വസിക്കുന്നു; അവൻ കല്പനകൾ പാലിക്കുന്നവനിലും. അവൻ നമുക്കു നല്കിയിരിക്കുന്ന ആത്മാവുമൂലം അവൻ നമ്മിൽ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു. പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങൾ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തിൽ നിന്നാണോ എന്നു വിവേചിക്കുവിൻ. പല വ്യാജപ്രവാചകൻമാരും ലോകത്തിലെങ്ങും പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തുശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്‌മാവ് ദൈവത്തിൽ നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്‌മാവ് ദൈവത്തിൽ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങൾ കേട്ടിട്ടുള്ള അന്തി ക്രിസ്തുവിന്റെ ആത്മാവാണ് അത്. ഇപ്പോൾത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ്. നിങ്ങൾ വ്യാജപ്രവാചകൻമാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാൽ, നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്. അവർ ലോകത്തിന്റേതാണ്; അതുകൊണ്ട്, അവർ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്‌ധിക്കുകയും ചെയ്യുന്നു. നാം ദൈവത്തിൽ നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവൻ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തിൽ നിന്നല്ലാത്തവൻ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി, സത്യത്തിന്റെ ആത്‌മാവിനെയും അസത്യത്തിന്റെ ആത്മാവിനെയും നമുക്കു തിരിച്ചറിയാം.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും.

കർത്താവിന്റെ കല്പന ഞാൻ വിളംബരം ചെയ്യും; അവിടന്ന് എന്നോട് അരുൾചെയ്‌തു: നീ എന്റെ പുത്രനാണ്; ഇന്നു ഞാൻ നിനക്കു ജൻമം നല്‌കി. എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു ജനതകളെ അവകാശമായിത്തരും; ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമാകും.

ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും.

രാജാക്കൻമാരേ, വിവേകമുള്ളവരായിരിക്കുവിൻ, ഭൂമിയുടെ അധിപൻമാരേ, സൂക്‌ഷിച്ചുകൊള്ളുവിൻ ഭയത്തോടെ കർത്താവിനു ശുശ്രൂഷ ചെയ്യുവിൻ

ഞാൻ നിനക്ക് ജനതകളെ അവകാശമായിത്തരും.

അല്ലേലൂയാ !

അല്ലേലൂയാ! യേശു രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്‌തു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു)

അക്കാലത്ത്, യോഹന്നാൻ ബന്‌ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്കു പിൻവാങ്ങി. അവൻ നസറത്തു വിട്ടു സെബുലൂണിൻെറയും നഫ്ത്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽച്ചെന്നു പാർത്തു. ഇത് ഏശയ്യാപ്രവാചകൻ വഴി അരുൾചെയ്യപ്പെട്ടത് നിവൃത്തിയാകാൻ വേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദാൻ മറുകരയിൽ, സെബുലൂൺ, നഫ്ത്‌താലി പ്രദേശങ്ങൾ – വിജാതീയരുടെ ഗലീലി! അന്‌ധകാരത്തിൽ സ്‌ഥിതിചെയ്‌തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ഒരു ദീപ്‌തി ഉദയം ചെയ്തു. അപ്പോൾമുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ, സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അവൻ അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ജനങ്ങളുടെ എല്ലാരോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും ഗലീലി മുഴുവൻ ചുറ്റി സഞ്ചരിച്ചു. അവന്റെ കീർത്തി സിറിയായിലെങ്ങും വ്യാപിച്ചു. എല്ലാ രോഗികളെയും വിവിധ വ്യാധികളാലും വ്യഥകളാലും അവശരായവരെയും പിശാചുബാധിതർ, അപസ്മാരരോഗികൾ, തളർവാതക്കാർ എന്നിവരെയും അവർ അവൻറെ അടുത്തുകൊണ്ടുവന്നു. അവൻ അവരെ സുഖപ്പെടുത്തി. ഗലീലി, ദക്കാപ്പോളിസ്, ജറുസലേം, യൂദയാ, ജോർദാന്റെ മറുകര എന്നിവിടങ്ങളിൽനിന്ന് വലിയ ജനക്കൂട്ടങ്ങൾ അവനെ അനുഗമിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.