Word of God

തിരുപിറവികാലം ഡിസംബർ 31 വചനവായന

ഡിസംബർ 31 ബുധൻ

ഒന്നാം വായന

വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്

(പരിശുദ്ധനായവൻ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?)

കുഞ്ഞുങ്ങളേ, ഇത് അവസാനമണിക്കൂറാണ്. അന്തി ക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം വ്യാജക്രിസ്തു‌മാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതിൽനിന്നു നമുക്കറിയാം. അവർ നമ്മുടെ കൂട്ടത്തിൽ നിന്നാണു പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടു കൂടെ നില്ക്കുമായിരുന്നു. എന്നാൽ, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. പരിശുദ്‌ധനായവൻ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ സത്യം അറിയായ്‌കകൊണ്ടല്ല ഞാൻ നിങ്ങൾക്കെഴുതുന്നത്. നിങ്ങൾ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തിൽ നിന്നല്ലാത്തതുകൊണ്ടുമാണ്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ആകാശം ആഹ്ളാദിക്കട്ടെ ഭൂമി ആനന്ദിക്കട്ടെ.

കർത്താവിന് ഒരു പുതിയ കീർത്തനമാലപിക്കുവിൻ, ഭൂമി മുഴുവൻ കർത്താവിനെ പാടിസ്‌തുതിക്കട്ടെ കർത്താവിനെ പാടിപ്പുകഴ്ത്തുവിൻ. അവിടത്തെ നാമം വാർത്തുവിൻ അവിടത്തെ രക്ഷ പ്രതിദിനം പ്രകീർത്തിക്കുവിൻ

ആകാശം ആഹ്ളാദിക്കട്ടെ ഭൂമി ആനന്ദിക്കട്ടെ.

ആകാശം ആഹ്ലാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ. സമുദ്രവും അതിലുള്ളവയും ആർപ്പുവിളിക്കട്ടെ! വയലും അതിലുള്ളവയും ആഹ്ലാദിക്കട്ടെ!

ആകാശം ആഹ്ളാദിക്കട്ടെ ഭൂമി ആനന്ദിക്കട്ടെ.

അപ്പോൾ കർത്താവിന്റെ സന്നിധിയിൽ വനവൃക്ഷങ്ങൾ ആനന്ദഗീതമുതിർക്കും. എന്തെന്നാൽ, അവിടന്നു വരുന്നു. അവിടന്നു ഭൂമിയെ വിധിക്കാൻ വരുന്നു; അവിടന്നു ലോകത്തെ നീതിയോടും ജനതകളെ സത്യത്തോടും കൂടെ വിധിക്കും.

ആകാശം ആഹ്ളാദിക്കട്ടെ ഭൂമി ആനന്ദിക്കട്ടെ.

അല്ലേലൂയാ !

അല്ലേലൂയാ! വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവുനല്‌കി. – അല്ലേലൂയാ

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

ആദിയിൽ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു. അവൻ ആദിയിൽ ദൈവത്തോടുകൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു. ആ ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു; അതിനെ കീഴടക്കാൻ ഇരുളിനു കഴിഞ്ഞില്ല.

ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേര് യോഹന്നാൻ എന്നാണ്. അവൻ സാക്ഷ്യത്തിനായി വന്നു വെളിച്ചത്തിനു സാക്‌ഷ്യം നല്‌കാൻ; അവൻ വഴി എല്ലാവരും വിശ്വസിക്കാൻ. അവൻ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്‌ഷ്യം നല്‌കാൻ വന്നവനാണ്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥവെളിച്ചം ലോകത്തിലേക്കു വരുന്നു ണ്ടായിരുന്നു. അവൻ ലോകത്തിലായിരുന്നു. ലോകം അവനി ലൂടെ സൃഷ്ടിക്കപ്പെട്ടു. എങ്കിലും, ലോകം അവനെ അറിഞ്ഞില്ല. അവൻ സ്വജനത്തിന്റെ അടുത്തേക്കു വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവർക്കെല്ലാം, തന്റെ നാമത്തിൽ വിശ്വസിക്കുന്നവർക്കെല്ലാം, ദൈവമക്കളാകാൻ അവൻ കഴിവു നല്‌കി. അവർ ജനിച്ചതു രക്തത്തിൽ നിന്നോശാരീരികാഭിലാഷത്തിൽ നിന്നോ പുരുഷന്റെ ഇച്ഛയിൽ നിന്നോ അല്ല, ദൈവത്തിൽ നിന്നത്രേ. വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. അവന്റെ മഹത്ത്വം നമ്മൾ ദർശിച്ചു കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റെതുമായ മഹത്ത്വം.

യോഹന്നാൻ അവനു സാക്ഷ്യം നല്കിക്കൊണ്ടു വിളിച്ചു പറഞ്ഞു: ഇവനെപ്പറ്റിയാണു ഞാൻ പറഞ്ഞത്, എന്റെ പിന്നാലേ വരുന്നവൻ എന്നെക്കാൾ വലിയവനാണ്; കാരണം, എനിക്കു മുമ്പുതന്നെ അവനുണ്ടായിരുന്നു. അവന്റെ പൂർണതയിൽനിന്നു നാമെല്ലാം കൃപയ്ക്കുമേൽകൃപ സ്വീകരിച്ചിരിക്കുന്നു. എന്തു കൊണ്ടെന്നാൽ, നിയമം മോശവഴി നല്‌കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, യേശുക്രിസ്‌തുവഴി ഉണ്ടായി. ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്‌ധം പുലർത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.