ഡിസംബർ 27 ശനി
ഒന്നാം വായന
വിശുദ്ധ യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സുക്‌ഷിച്ചു വീക്‌ഷിച്ചതും കൈകൊണ്ടു സ്‌പർശിച്ചതുമായ ജീവൻെറ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു: ഞങ്ങൾ അതു കണ്ടു; അതിനു സാക്‌ഷ്യം നല്‌കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടു പ്രഘോഷിക്കുന്നു. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത് നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ ഇതു പ്രഘോഷിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയാകട്ടെ, പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്. ഞങ്ങൾ ഇതെഴുതുന്നത് ഞങ്ങളുടെ സന്തോഷം പൂർണമാകാനാണ്.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
കർത്താവു വാഴുന്നു: ഭൂമി സന്തോഷിക്കട്ടെ ദീപസമൂഹങ്ങൾ ആനന്ദിക്കട്ടെ! മേഘങ്ങളും കൂരിരുട്ടും അവിടത്തെ ചുറ്റും ഉണ്ട്; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്‌ഥാനമാണ്.
നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ
കർത്താവിന്റെ മുൻപിൽ, ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ മുൻപിൽ, പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു. ആകാശം അവിടത്തെ നീതി പ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടത്തെ മഹത്ത്വം ദർശിക്കുന്നു.
നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ
നീതിമാൻമാരുടെമേൽ പ്രകാശം ഉദിച്ചിരിക്കുന്നു; പരമാർഥ ഹൃദയർക്കു സന്തോഷമുദിച്ചിരിക്കുന്നു. നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ, അവിടത്തെ വിശുദ്ധനാമത്തിന് കൃതജ്‌ഞതയർപ്പിക്കുവിൻ.
നീതിമാന്മാരേ, കർത്താവിൽ ആനന്ദിക്കുവിൻ
അല്ലേലൂയാ !
അല്ലേലൂയാ! ദൈവമേ, അങ്ങയെ ഞങ്ങൾ സ്‌തുതിക്കുന്നു; അങ്ങയെ പ്രകീർത്തിക്കുന്നു; അപ്പസ്തോലന്മാരുടെ മഹാഗണം കർത്താവേ, അങ്ങയെ സ്‌തുതിക്കുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
( ശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി)
ആഴ്ചയുടെ ഒന്നാം ദിവസം അതിരാവിലേ മഗ്ദലനമറിയം ഓടി ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ചിരുന്ന മറ്റേ ശിഷ്യന്റെ യും അടുത്തെത്തി പറഞ്ഞു: കർത്താവിനെ അവർ കല്ലറയിൽനിന്നു മാറ്റിയിരിക്കുന്നു. എന്നാൽ, അവനെ അവർ എവിടെ വച്ചുവെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ. പത്രോസ് ഉടനേ മറ്റേ ശിഷ്യനോടുകൂടെ കല്ലറയുടെ അടുത്തേക്കു പോയി. അവർ ഇരുവരും ഒരുമിച്ച് ഓടി, എന്നാൽ, മറ്റേശിഷ്യൻ പത്രോസിനെക്കാൾ കൂടുതൽ വേഗം ഓടി ആദ്യം കല്ലറയുടെ അടുത്തെത്തി. കുനിഞ്ഞുനോക്കിയപ്പോൾ കച്ച കിടക്കുന്നത് അവൻ കണ്ടു. എങ്കിലും അവൻ അകത്തു പ്രവേശിച്ചില്ല. അവന്റെ പിന്നാലേവന്ന ശിമയോൻ പത്രോസ് കല്ലറയിൽ പ്രവേശിച്ചു. കച്ച അവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാല കച്ചയോടുകൂടെയല്ലാതെ തനിച്ച് ഒരിടത്തു ചുരുട്ടി വച്ചിരിക്കുന്നതും അവൻ കണ്ടു. അപ്പോൾ കല്ലറയുടെ സമീപത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അകത്തുപ്രവേശിച്ച് കണ്ടു വിശ്വസിച്ചു.




