നാലാം വാരം ഞായർ
ഒന്നാം വായന
എശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രവസിക്കും)
കർത്താവ് ആഹാസിനോട് അരുൾചെയ്തു: നിന്റെ ദൈവമായ കർത്താവിൽനിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാൻ അത് ആവശ്യപ്പെടുകയോ കർത്താവിനെ പരീക്ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യാ പറഞ്ഞു: ദാവീദിൻെറ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിൻ്റെ രാജാവ്
ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റെതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്ഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും അവിടന്നാണ്.
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിൻ്റെ രാജാവ്
കർത്താവിൻെറ മലയിൽ ആരു കയറും?
അവിടത്തെ വിശുദ്ധസ്ഥലത്ത് ആരു നില്ക്കും?
കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ; മിഥ്യയുടെമേൽ മനസ്സുപതിക്കാത്തവനും
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്.
അവന്റെമേൽ കർത്താവ് അനുഗ്രഹം ചൊരിയും; രക്ഷകനായ ദൈവം അവനു നീതി നടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ, അവരാണു യാക്കോബിന്റെ ദൈവത്തെ തേടുന്നത്.
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിൻ്റെ രാജാവ്
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന്
(ദാവീദിന്റെ വംശത്തിൽ ജനിച്ച യേശുക്രിസ്തു ദൈവപുത്രനാണ്)
യേശുക്രിസ്തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. ഈ സുവിശേഷം വിശുദ്ധലിഖിതങ്ങളിൽ പ്രവാചകൻമാർ മുഖേന ദൈവം മുൻകൂട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ഇത് അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ളതാണ്. അവൻ, ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചവനും മരിച്ചവരിൽനിന്നുള്ള ഉത്ഥാനം വഴി വിശുദ്ധിയുടെ ആത്മാവിനു ചേർന്നവിധം ശക്തിയിൽ ദൈവപുത്രനായി നിശ്ചയിക്കപ്പെട്ടവനുമാണ്. അവന്റെ നാമത്തെപ്രതി, വിശ്വാസത്തിൻെറ വിധേയത്വം സകല ജാതികളുടെയിടയിലും ഉളവാകേണ്ടതിന്, ഞങ്ങൾ കൃപയും അപ്പസ്തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു. യേശുക്രിസ്തുവിന്റെ സ്വന്തമാകാൻ വിളിക്കപ്പെട്ടിരിക്കുന്ന നിങ്ങളും അവരിൽ ഉൾപ്പെടുന്നു. ദൈവത്തിന്റെ സ്നേഹഭാജനങ്ങളും വിശുദ്ധരാകാൻ വിളിക്ക പ്പെട്ടവരുമായി റോമായിലുള്ള നിങ്ങൾക്കെല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും ക്യപയും സമാധാനവും.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ദാവീദിന്റെ പുത്രനായ യൗസേപ്പിന് വിവാഹസമ്മതം നല്കിയിരുന്ന മറിയത്തിൽനിന്ന് യേശുപിറന്നു)
യേശുക്രിസ്തുവിൻെറ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കേ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവാൽ ഗർഭിണിയായി കാണപ്പെട്ടു
അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാൻ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കേ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ. അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും. കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻ മുഖേന അരുൾചെയ്തതു പൂർത്തിയാകാനാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയിൽനിന്ന് ഉണർന്ന്, കർത്താവിന്റെ ദുതൻ കല്പിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.




