മൂന്നാം വാരം ശനി
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(ഒരു കന്യക ഗർഭം ധരിക്കും)
അക്കാലത്ത്, കർത്താവ് ആഹാസിനോട് അരുൾ ചെയ്തു: നിന്റെ ദൈവമായ കർത്താവിൽ നിന്ന് ഒരടയാളം ആവശ്യപ്പെടുക; അതു പാതാളംപോലെ അഗാധമോ ആകാശംപോലെ ഉന്നതമോ ആയിരിക്കട്ടെ. ആഹാസ് പ്രതിവചിച്ചു: ഞാൻ അത് ആവശ്യപ്പെടുകയോ കർത്താവിനെ പരീക്ഷിക്കുകയോ ഇല്ല. അപ്പോൾ ഏശയ്യാ പറഞ്ഞു: ദാവീദിന്റെ ഭവനമേ, ശ്രദ്ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ, എന്റെ ദൈവത്തിന്റെ ക്ഷമ പരീക്ഷിക്കുന്നത്? അതിനാൽ, കർത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളി ക്കപ്പെടും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്.
ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ഭൂതലവും അതിലെ നിവാസികളും കർത്താവിന്റെതാണ്. സമുദ്രങ്ങൾക്കു മുകളിൽ അതിന്റെ അടിസ്ഥഥാനമുറപ്പിച്ചതും നദിക്കു മുകളിൽ അതിനെ സ്ഥാപിച്ചതും അവിടന്നാണ്.
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്.
കർത്താവിന്റെ മലയിൽ ആരു കയറും? അവിടത്തെ വിശുദ്ധ സ്ഥലത്ത് ആരു നില്ക്കും? കളങ്കമറ്റ കൈകളും നിർമലമായ ഹൃദയവും ഉള്ളവൻ, മിഥ്യയുടെമേൽ മനസ്സു പതിക്കാത്തവനും.
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്.
അവന്റെമേൽ കർത്താവ് അനുഗ്രഹം ചൊരിയും: രക്ഷകനായ ദൈവം അവനു നീതിനടത്തിക്കൊടുക്കും. ഇപ്രകാരമുള്ളവരാണ് അവിടത്തെ അന്വേഷിക്കുന്നവരുടെ തലമുറ; അവരാണ് യാക്കോബിൻ്റെ ദൈവത്തെ തേടുന്നത്.
കർത്താവ് പ്രവേശിക്കട്ടെ! അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്.
അല്ലേലൂയാ !
അല്ലേലൂയാ! നിത്യരാജ്യത്തിൻറെ കവാടം തുറക്കുന്ന ദാവീദിന്റെ താക്കോലാകുന്ന കർത്താവേ, ഇരുളിലായിരിക്കുന്നവരെ സ്വാതന്ത്യ്രത്തിലേക്കു നയിക്കാൻ വരുക – അല്ലേലൂയാ!
സുവിശേഷം
ലുക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും)
ആറാംമാസം ഗബ്രിയേൽദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നുപേരുള്ള പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു. ദൈവക്യപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! ഈ വചനം കേട്ട് അവൾ ഏറെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്റെ അർഥം എന്ന് അവൾ ചിന്തിച്ചു.
ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവനായിരിക്കും; അത്യുന്നതൻ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിൻ്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിൻമേൽ അവൻ എന്നേക്കും ഭരണം നടത്തും. അവൻ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദുതൻ മറുപടി പറഞ്ഞു
പരിശുദ്ധാത്മാവ് നിൻ്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാംമാസമാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ല. മറിയം പറഞ്ഞു: ഇതാ, കർത്താവിൻ്റെ ദാസി! നിൻ്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുമ്പിൽ നിന്നു മറഞ്ഞു.




