മൂന്നാം വാരം : വെള്ളി
ഒന്നാം വായന
ന്യായാധിപന്മാരുടെ പുസ്‌തകത്തിൽനിന്ന്
(സാംസന്റെ ജനനം ദൈവദൂതൻ അറിയിക്കുന്നു.)
അക്കാലത്ത്, സോറായിൽ ദാൻഗോത്രക്കാരനായ മനോവ എന്നൊരാൾ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവൾക്കു മക്കളില്ലായിരുന്നു. കർത്താവിന്റെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സുക്ഷിക്കണം. വീഞ്ഞോ വീര്യമുള്ളപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടരുത്. അവൻ ജനനം മുതൽ ദൈവത്തിനു നാസീർവതക്കാരനായിരിക്കും. അവൻ ഫിലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ വിടുവിക്കാൻ ആരംഭിക്കും. അവൾ ഭർത്താവിനോടു പറഞ്ഞു: ഒരു ദൈവപുരുഷൻ എന്റെ അടുത്തുവന്നു. അവൻ മുഖം ദൈവദൂതന്റേതുപോലെ പേടിപ്പെടുത്തുന്നതാണ്. എവിടെനിന്നു വരുന്നുവെന്ന് അവനോടു ഞാൻ ചോദിച്ചില്ല; അവൻ പേരു പറഞ്ഞതുമില്ല. അവൻ എന്നോടു പറഞ്ഞു: നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും വീഞ്ഞോ വീര്യമുള്ള പാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. ബാലൻ ആജീവനാന്തം ദൈവത്തിന് നാസീർവ്രതക്കാരനായിരിക്കും.
അവൾ ഒരു പുത്രനെ പ്രസവിച്ചു. സാംസൺ എന്ന് അവനു പേരിട്ടു. കുട്ടി വളർന്നു; കർത്താവ് അവനെ അനുഗ്രഹിച്ചു. സോറായ്ക്കും എഷ്‌താവോലിനും മധ്യേയുള്ള മഹനേദാനിൽ വച്ച് കർത്താവിൻെറ ആത്‌മാവ് അവനിൽ പ്രവർത്തിച്ചുതുടങ്ങി.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
എൻ്റെ അധരങ്ങൾ സദാ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മഹത്ത്വം പ്രഘോഷിക്കുന്നു.
അങ്ങ് എനിക്ക് അഭയശിലയും ഉറപ്പുള്ള രക്‌ഷാദുർഗവും ആയിരിക്കണമേ! അങ്ങാണ് എൻ്റെ അഭയശിലയും ദുർഗവും, എന്റെ ദൈവമേ, ദുഷ്‌ടന്റെ കൈയിൽനിന്ന്, നീതികെട്ട ക്രൂരൻെറ പിടിയിൽനിന്ന്, എന്നെ വിടുവിക്കണമേ!
എൻ്റെ അധരങ്ങൾ സദാ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മഹത്ത്വം പ്രഘോഷിക്കുന്നു.
കർത്താവേ, അങ്ങാണ് എൻ്റെ പ്രത്യാശ, ചെറുപ്പംമുതൽ അങ്ങാണ് എന്റെ ആശ്രയം. ജനനം മുതൽ ഞാൻ അങ്ങയെ ആശ്രയിച്ചു. മാതാവിന്റെ ഉദരത്തിൽനിന്ന് അങ്ങാണ് എന്നെ എടുത്തത്.
എൻ്റെ അധരങ്ങൾ സദാ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മഹത്ത്വം പ്രഘോഷിക്കുന്നു.
ദൈവമായ കർത്താവിന്റെ ശക്തമായ പ്രവൃത്തികളുടെ സാക്ഷ്യമായി ഞാൻ വരും. ഞാൻ അങ്ങയുടെമാത്രം നീതി പ്രകീർത്തിക്കും ദൈവമേ, ചെറുപ്പംമുതൽ എന്നെ അങ്ങ്. പരിശീലിപ്പിച്ചു. ഞാനിപ്പോഴും അയുടെ അത്ഭുത പ്രവൃത്തികൾ പ്രാഘാഷിക്കുന്നു
എന്റെ അധരങ്ങൾ സദാ അങ്ങയെ സ്തുതിക്കുന്നു. അങ്ങയുടെ മഹത്ത്വം പ്രഘോഷിക്കുന്നു
അല്ലേലൂയാ !
അല്ലേലൂയാ! ജനതകൾക്കടയാളമായ, ജസ്സെയുടെ വേരാകുന്ന കർത്താവേ, വൈകാതെ ഞങ്ങളെ രക്ഷിക്കാൻ വരുക അല്ലേലൂയാ!
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(സ്നാപകയോഹന്നാൻ്റെ ജനനം ഗബ്രിയേൽ അറിയിക്കുന്നു)
ഹേറോദേസ് യൂദയാ രാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തിൽ സഖറിയാ എന്ന ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്ത് ആയിരുന്നു അവന്റെ ഭാര്യ. അവർ ദൈവത്തിന്റെ മുമ്പിൽ നീതിനിഷ്ഠരും കർത്താവിൻ്റെ കല്‌പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവർക്കുമക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്‌ധ്യയായിരുന്നു. ഇരുവരും പ്രായംകവിഞ്ഞവരുമായിരുന്നു.
തന്റെ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയിൽ ശുശ്രൂഷ നടത്തിവരവേ, പൗരോഹിത്യ വിധി പ്രകാരം കർത്താവിൻ്റെ ആലയത്തിൽ പ്രവേശിച്ച് ധൂപം സമർപ്പിക്കാൻ സഖറിയായ്ക്ക് കുറിവീണു. ധൂപാർപ്പണ സമയത്ത് സമൂഹം മുഴുവൻ വെളിയിൽ പ്രാർഥിച്ചുകൊണ്ടിരുന്നു. അപ്പോൾ, കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു വശത്തു നില്ക്കുന്നതായി അവനു പ്രത്യക്‌ഷപ്പെട്ടു. അവനെ കണ്ട് സഖറിയാ അസ്വസ്‌ഥനാവുകയും ഭയപ്പെടുകയും ചെയ്തു. ദൂതൻ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തിൽ നിനക്ക് ഒരു പുത്രൻ ജനിക്കും. നീ അവന് യോഹന്നാൻ എന്നു പേരിടണം. നിനക്ക് ആനന്ദവും സന്തുഷ്‌ടിയുമുണ്ടാകും. അനേകർ അവന്റെ ജനനത്തിൽ ആഹ്ളാദിക്കുകയുംചെയ്യും. കർത്താവിന്റെ സന്നിധിയിൽ അവൻ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവൻ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവൻ പരിശുദ്ധാത്മാവാൽ നിറയും. ഇസ്രായേൽമക്കളിൽ വളരെപ്പേരെ അവരുടെ ദൈവമായ കർത്താവിലേക്ക് അവൻ തിരിയെ കൊണ്ടുവരും. പിതാക്കൻമാരുടെ ഹൃദയങ്ങൾ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാൻമാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീക്യതമായ ഒരു ജനത്തെ കർത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവൻ കർത്താവിന്റെ മുമ്പേ പോകും. സഖറിയാ ദൂതനോടു ചോദിച്ചു: ഞാൻ ഇത് എങ്ങനെ അറിയും? ഞാൻ വൃദ്‌ധനാണ്; എന്റെ ഭാര്യപ്രായംകവിഞ്ഞവളുമാണ്. ദുതൻമറുപടി പറഞ്ഞു: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാർത്ത നിന്നെ അറിയിക്കാനും ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു. യഥാകാലം പൂർത്തിയാകേ, എന്റെ വചനം അവിശ്വസിച്ചതുകൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാൻ നിനക്കു സാധിക്കുകയില്ല. ജനം സഖറിയായെ കാത്തുനില്ക്കുകയായിരുന്നു. ദേവാലയത്തിൽ അവൻ വൈകുന്നതിനെപ്പററി അവർ അദ്ഭുതപ്പെട്ടു. പുറത്തുവന്നപ്പോൾ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തിൽ വച്ച് അവന് ഏതോ ദർശനമുണ്ടായി എന്ന് അവർ മനസ്‌സിലാക്കി. അവൻ അവരോട് ആംഗ്യം കാണിക്കുകയും ഊമയായി കഴിയുകയും ചെയ്തു.
തന്റെ ശുശ്രൂഷയുടെ ദിവസങ്ങൾ പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്കു പോയി. താമസിയാതെ അവന്റെ ഭാര്യ എലിസബത്ത് ഗർഭംധരിച്ചു. അഞ്ചു മാസത്തേക്ക് അവൾ മറ്റുള്ളവരുടെ മുമ്പിൽ പ്രത്യക്‌ഷപ്പെടാതെ കഴിഞ്ഞുകൂടി. അവൾ പറഞ്ഞു: മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന അപമാനം നീക്കിക്കളയാൻ കർത്താവ് എന്നെ കടാക്‌ഷിച്ച് എനിക്ക് ഇതു ചെയ്തുതന്നിരിക്കുന്നു.




