ഒന്നാം വാരം : വെളളി
ഒന്നാം വായന
ഏശയ്യാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(അന്ന് അന്ധർക്ക് അന്ധകാരത്തിൽ ദർശനം ലഭിക്കും)
കർത്താവായ ദൈവം അരുൾചെയ്യുന്നു: ലബനോൻ ഫലസമ്യദ്ധമായ ഒരു വയലായിത്തീരാനും അത് ഒരു വനമായി പരിഗണിക്കപ്പെടാനും അല്പസമയം പോരേ? അന്നു ചെകിടർ ഗ്രന്ഥത്തിലെ വാക്കുകൾ വായിച്ചുകേൾക്കുകയും അന്ധർക്ക് അന്ധകാരത്തിൽ ദർശനം ലഭിക്കുകയും ചെയ്യും. ശാന്തശീലർക്ക് കർത്താവിൽ നവ്യമായ സന്തോഷം ലഭിക്കും; ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആഹ്ളാദിക്കും. നിർദയർ അപ്രത്യക്ഷരാവുകയും നിന്ദകർ ഇല്ലാതാവുകയും തിൻമ ചെയ്യാൻ നോക്കിയിരിക്കുന്നവർ വിച്ഛേദിക്കപ്പെടുകയും ചെയ്യും. അവർ ഒരുവനെ ഒരു വാക്കിൽ പിടിച്ചു കുറ്റക്കാരനാക്കുകയും നഗരകവാടത്തിങ്കലിരുന്നു ശാസിക്കുന്നവന് കെണി വയ്ക്കുകയും അടിസ്ഥാനരഹിതമായ വാദംകൊണ്ട് നീതിമാനു നീതി നിഷേധിക്കുകയും ചെയ്യുന്നു. അബ്രാഹത്തെ രക്ഷിച്ച കർത്താവ് യാക്കോബിന്റെ വനത്തെക്കുറിച്ച് അരുൾചെയ്യുന്നു: യാക്കോബ് ഇനിമേൽ ലജ്ജിതനാവുകയില്ല; ഇനിമേൽ അവന്റെ മുഖം വിവർണമാവുകയുമില്ല. ഞാൻ ജനത്തിന്റെ മധ്യേ ചെയ്ത പ്രവൃത്തികൾ കാണുമ്പോൾ അവൻറെ സന്തതി എന്റെ നാമം മഹത്ത്വപ്പെടുത്തും. അവർ യാക്കോബിന്റെ പരിശുദ്ധനെ മഹത്ത്വപ്പെടുത്തും; ഇസ്രായേലിന്റെ ദൈവത്തിന്റെ മുൻപിൽഭക്തിയോടെ അവർ നിലകൊള്ളും. തെറ്റിലേക്കു വഴുതിപ്പോയവർ വിവേകത്തിലേക്കു മടങ്ങിവരും; പിറുപിറുത്തിരുന്നവർ ഉപദേശം സ്വീകരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്. ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എൻ്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിന്റെ മാധുര്യം ആസ്വദിക്കാനും കർത്താവിന്റെ ആലയത്തിൽ അവിടത്തെ ഹിതം ആരായാനും വേണ്ടി ജീവിതകാലം മുഴുവൻ അവിടത്തെ ആലയത്തിൽ വസിക്കാൻ തന്നെ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.
കർത്താവ് എൻ്റെ പ്രകാശവും രക്ഷയുമാണ്.
അല്ലേലൂയാ! അവിടത്തെ ദാസരുടെ കണ്ണുകൾ പ്രകാശിപ്പി ക്കാൻ ഇതാ നമ്മുടെ കർത്താവ് പ്രതാപത്തോടെ വരുന്നു. അല്ലേ ലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യേശുവിൽ വിശ്വസിച്ച രണ്ട് അന്ധന്മാർക്ക് കാഴ്ച ലഭിക്കുന്നു)
അക്കാലത്ത്, യേശു കടന്നുപോകുമ്പോൾ, രണ്ട് അന് ന്മാർ, ദാവീദിൻ്റെ പുത്രാ, ഞങ്ങളിൽ കനിയണമേ എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു. അവൻ ഭവനത്തിലെത്തിയപ്പോൾ ആ അന്ധൻമാർ അവൻ്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ? ഉവ്വ്, കർത്താവേ, എന്ന് അവർ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവൻ അവരുടെ കണ്ണുകളിൽ സ്പർശിച്ചു. അവരുടെ കണ്ണുകൾ തുറന്നു. ഇത് ആരും അറിയാനിടയാകരുത് എന്ന് യേശു അവരോടു കർശനമായി നിർദേശിച്ചു. എന്നാൽ, അവർ പോയി അവൻ്റെ കീർത്തി നാടെങ്ങും പരത്തി.




