ഒന്നാം വാരം : വ്യാഴം
ഒന്നാം വായന
ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന്
(വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വാതിലുകൾ തുറക്കുവിൻ)
അക്കാലത്ത്, യൂദാദേശത്ത് ഈ കീർത്തനം ആലപിക്കും: നമുക്കു പ്രബലമായ ഒരു നഗരമുണ്ട്. കർത്താവ് നമ്മുടെ രക്ഷയ്ക്കുവേണ്ടി കോട്ടകൾ ഉയർത്തിയിരിക്കുന്നു. വിശ്വസ്തത പാലിക്കുന്ന നീതിനിഷ്ഠമായ ജനതയ്ക്കു പ്രവേശിക്കാൻ വാതിലുകൾ തുറക്കുവിൻ. അങ്ങിൽ ഹൃദയമുറപ്പിച്ചിരിക്കുന്നവനെ അങ്ങ് സമാധാനത്തിൻ്റെ തികവിൽ സംരക്ഷിക്കുന്നു. എന്തെന്നാൽ, അവൻ അങ്ങിൽ ആശ്രയിക്കുന്നു. കർത്താവിൽ എന്നേക്കും ആശ്രയിക്കുവിൻ; ദൈവമായ കർത്താവ് ശാശ്വതമായ അഭയശിലയാണ്. ഗിരിശൃംഗത്തിൽ പണിത കോട്ടകളിൽ വസിക്കുന്നവരെ അവിടന്ന് താഴേയിറക്കി; അതിനെ നിലംപറ്റെ നശിപ്പിച്ചു പൊടിയിലാഴ്ത്തി. ദരിദ്രരുടെയും അഗതികളുടെയും പാദങ്ങൾ അതിനെ ചവിട്ടിമെതിക്കുന്നു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ.
കർത്താവിനു കൃതജ്ഞത അർപ്പിക്കുവിൻ; അവിടന്നു നല്ലവനാണ്; അവിടത്തെ കാരുണ്യം എന്നേക്കും നില നില്ക്കുന്നു. മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ, കർത്താവിൽ അഭയം തേടുന്നതു നല്ലത്.
കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ
നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നുതരുക; ഞാൻ അവയിലൂടെ പ്രവേശിച്ചു കർത്താവിനു നന്ദിപറയട്ടെ. ഇതാണു കർത്താവിന്റെ കവാടം; നീതിമാൻമാർ ഇതിലൂടെ പ്രവേശിക്കുന്നു. അവിടന്ന് എനിക്കുത്തരമരുളി; അവിടന്ന് എന്റെ പ്രാർഥനകേട്ട് എന്നെ രക്ഷിച്ചു: ഞാൻ അവിടത്തേക്കു നന്ദിപറയും.
കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ
കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. ഞങ്ങളെ രക്ഷിക്കണമേ! കർത്താവേ, ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങൾക്കു വിജയം നല്കണമേ! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; ഞങ്ങൾ കർത്താവിന്റെ ആലയത്തിൽനിന്ന് നിങ്ങളെ ആശീർവദിക്കും. കർത്താവാണു ദൈവം; അവിടന്നാണു നമുക്കു പ്രകാശം നല്കിയത്.
കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ
അല്ലേലൂയാ! (ഏശ 55 6) കർത്താവിനെ കാണാൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടത്തെ അന്വേഷിക്കുവിൻ; അവിടന്ന് അരികെയുള്ളപ്പോൾ അവിടത്തെ വിളിക്കുവിൻ അല്ലേലുയ
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്. സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്)
അക്കാലത്ത് യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു:കർത്താവേ, കർത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്.
എന്റെ ഈ വചനങ്ങൾ ശ്രവിക്കുകയും അവ അനുസരിക്കുകയും ചെയ്യുന്നവൻ പാറമേൽ ഭവനം പണിത വിവേകമതി യായ മനുഷ്യനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റൂതി, അതു ഭവനത്തിൻമേൽ ആഞ്ഞടിച്ചു. എങ്കിലും അതു വീണില്ല. എന്തുകൊണ്ടെന്നാൽ, അതു പാറമേൽ സ്ഥാപിതമായിരുന്നു. എന്റെ ഈ വചനങ്ങൾ കേൾക്കുകയും എന്നാൽ, അത് അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ മണല്പ്പുറത്തു ഭവനംപണിത ഭോഷനു തുല്യനായിരിക്കും. മഴപെയ്തു, വെള്ളപ്പൊക്കമുണ്ടായി, കാറ്റുതി, അതു ഭവനത്തിൻമേൽ ആഞ്ഞടിച്ചു, അതു വീണുപോയി. അതിൻ്റെ വീഴ്ച വലുതായിരുന്നു.




