ഒന്നാം വായന
സാമുവലിന്റെ രണ്ടാം പുസ്തകത്തിൽനിന്ന് (5 : 1-3)
(അവർ ദാവീദിനെ ഇസ്രായേലിൻ്റെ രാജാവായി അഭിഷേചിച്ചു)
അക്കാലത്ത്, ഇസ്രായേൽഗോത്രങ്ങൾ ഹെബ്രോണിൽ ദാവീദിന്റെ അടുത്തുവന്നുപറഞ്ഞു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവുമാണ്. സാവൂൾ ഞങ്ങളുടെ രാജാവായിരുന്നപ്പോൾപ്പോലും നീയത്രേ ഇസ്രായേലിനെ നയിച്ചത്. എന്റെ ജനമായ ഇസ്രായേലിന് നീ ഇടയനും അധിപനും ആയിരിക്കും എന്ന് കർത്താവ് അരുൾചെയ്തിട്ടുണ്ടല്ലോ. ഇസ്രായേലിലെ ശ്രേഷ്ഠൻമാർ ഹെബ്രോണിൽ രാജാവിന്റെ അടുത്തുവന്നു. ദാവീദ് രാജാവ് അവിടെവച്ച് കർത്താവിൻ്റെ സന്നിധിയിൽ അവരുമായി ഉടമ്പടിചെയ്തു. ഇസ്രായേലിന്റെ രാജാവായി ദാവീദിനെ അവർ അഭിഷേകംചെയ്തു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (122 : 1-2, 3-4a, 4b-5)
കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
കർത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ
പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലേമേ, ഇതാ,
ഞങ്ങൾ നിന്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു.
കർത്താവിൻ്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
നന്നായി പണിതിണക്കിയ നഗരമാണു ജറുസലേം.
അതിലേക്കു ഗോത്രങ്ങൾ വരുന്നു;
കർത്താവിൻ്റെ ഗോത്രങ്ങൾ.
കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
ഇസ്രായേലിനോടു കല്പിച്ചതുപോലെ,
കർത്താവിന്റെ നാമത്തിനു കൃതജ്ഞതയർപ്പിക്കാൻ അവർ വരുന്നു.
അവിടെ ന്യായാസനങ്ങൾ ഒരുക്കിയിരുന്നു; ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങൾ.
കർത്താവിന്റെ ആലയത്തിലേക്ക് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1 : 12 – 20)
(ദൈവം നമ്മെ തൻ്റെ പ്രിയപുത്രൻ്റെ രാജ്യത്തിലേക്ക് ആനയിച്ചിരിക്കുന്നു)
സഹോദരരേ, പ്രകാശത്തിൽ വിശുദ്ധരോടൊപ്പം പങ്കുചേരാനുള്ള അവകാശത്തിന് നമ്മെ യോഗ്യരാക്കിയ പിതാവിന് കൃതജ്ഞതയർപ്പിക്കുവിൻ. അന്ധകാരത്തിന്റെ ആധിപത്യത്തിൽനിന്ന് അവിടന്നു നമ്മെ വിമോചിപ്പിച്ചു. അവിടത്തെ പ്രിയപുത്രന്റെ രാജ്യത്തിലേക്ക് നമ്മെ ആനയിക്കുകയും ചെയ്തു. അവനിലാണല്ലോ നമുക്കു രക്ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതി രൂപവും എല്ലാ സൃഷ്ടികൾക്കും മുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ; അവനിൽ സമസ്തവും സ്ഥിതിചെയ്യുന്നു. അവൻ സഭയാകുന്ന ശരീരത്തിന്റെ ശിരസ്സാണ്. അവൻ എല്ലാറ്റിന്റെയും ആരംഭവും മരിച്ചവരിൽനിന്നുള്ള ആദ്യജാതനുമാണ്. ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവൻ പ്രഥമസ്ഥാനീയനായി. എന്തെന്നാൽ, അവനിൽ സർവസമ്പൂർണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്സായി. സ്വർഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവൻ കുരിശിൽ ചിന്തിയ രക്തം വഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (Mk. 11 : 9,10).
അല്ലേലുയാ !
അല്ലേലൂയാ! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! നമ്മുടെ പിതാവായ ദാവീദിൻ്റെ ആസന്നമായ രാജ്യം അനുഗൃഹീതം – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (23:35-43)
(യേശുവേ നീ നിൻ്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ!)
യേശുവിനെ കുരിശിൽ തറയ്ക്കുന്നത് ജനം നോക്കിനിന്നു. പ്രമാണികളാകട്ടെ, അവനെ പരിഹസിച്ചു പറഞ്ഞു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു. ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടത്തെ തിരഞ്ഞെടുക്കപ്പെട്ടവനാണെങ്കിൽ, തന്നത്തന്നെ രക്ഷിക്കട്ടെ. പടയാളികൾ അടുത്തുവന്ന് വിനാഗിരി കൊടുത്ത് അവനെ പരിഹസിച്ചു പറഞ്ഞു: നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നത്തന്നെ രക്ഷിക്കുക. ഇവൻ യഹൂദരുടെ രാജാവ് എന്ന ഒരു ലിഖിതം അവന്റെ തലക്കു മീതേ ഉണ്ടായിരുന്നു. കുരിശിൽ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളിൽ ഒരുവൻ അവനെ ദുഷിച്ചു പറഞ്ഞു; നീ ക്രിസ്തുവല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക! അപരൻ അവനെ ശകാരിച്ചു പറഞ്ഞു: നീ ദൈവത്തെ ഭയപ്പെടുന്നില്ലേ? നീയും ആ ശിക്ഷാവിധിയിൽത്തന്നെയാണല്ലോ. നമ്മുടെ ശിക്ഷാവിധി ന്യായമാണ്. നമ്മുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു. ഇവൻ ഒരു തെറ്റും ചെയ്തിട്ടില്ല. അവൻ തുടർന്നു: യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കണമേ! യേശു അവനോട് അരുൾചെയ്തു: സത്യമായി ഞാൻ നിന്നോടു പറയുന്നു, നീ ഇന്ന് എന്നോടുകൂടെ പറുദീസായിൽ ആയിരിക്കും.




