മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (6: 1-13)
(ജറുസലേമിൽ ഞാൻ ചെയ്ത അകൃത്യങ്ങൾ ഞാൻ ഓർക്കുന്നു)
അക്കാലത്ത്, അന്തിയോക്കസ് രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോൾ, പേർഷ്യയിലെ എലിമായിസ്, സ്വർ ണത്തിനും വെള്ളിക്കും പ്രശസ്‌തിയാർജിച്ച ഒരു നഗരമാണെന്നു കേട്ടു. ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്‌സാണ്ടർ ഉപേക്‌ഷിച്ചിട്ടുപോയ സ്വർണപരിചകൾ, കവചങ്ങൾ, ആയുധങ്ങൾ എന്നിവ സൂക്‌ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്ഷേത്രം വളരെ സമ്പന്നമായിരുന്നു. അതിനാൽ, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ള ചെയ്യാൻ ശ്രമിച്ചു. പക്ഷേ, അതു സാധിച്ചില്ല. കാരണം, അവന്റെ തന്ത്രം മനസ്സിലാക്കിയ നഗരവാസികൾ അവനോടു യുദ്‌ധംചെയ്തു ചെറുത്തുനിന്നു. യുദ്‌ധക്കളത്തിൽനിന്നു പലായനം ചെയ്ത അന്തിയോക്കസ് ഭഗ്നാശനായി ബാബിലോണിലേക്കു പിൻവാങ്ങി.
യൂദാദേശം ആക്രമിക്കാൻ പോയ സൈന്യം പരാജയപ്പെട്ടുവെന്നു പേർഷ്യയിൽവച്ച് ഒരു ദൂതൻ അന്തിയോക്കസിനെ അറിയിച്ചു. ലിസിയാസ് ആദ്യം ശക്തമായൊരു സൈന്യവുമായി ചെന്നെങ്കിലും യഹൂദർ അവനെ തുരത്തിയോടിച്ചു. തങ്ങൾ തോല്പിച്ച സൈന്യങ്ങളിൽനിന്നു പിടിച്ചെടുത്ത ആയുധങ്ങൾ, വിഭവങ്ങൾ, കൊള്ളവസ്‌തുക്കൾ എന്നിവകൊണ്ട് യഹൂദരുടെ ശക്തി വർദ്‌ധിച്ചിരിക്കുന്നു. ജറുസലേമിലെ ബലിപീഠത്തിൽ അവൻ സ്‌ഥാപിച്ച മ്ലേച്ഛവിഗ്രഹം അവർ തച്ചുടച്ചു; വിശുദ്‌ധമന്ദിരത്തിനു ചുറ്റും മുൻപുണ്ടായിരുന്നതുപോലെ ഉയരമുള്ള മതിലുകൾ പണിയുകയും അവൻ്റ നഗരമായ ബത്‌സൂറിനെ കോട്ട കെട്ടി സുശക്തമാക്കുകയും ചെയ്‌തിരിക്കുന്നു. ഈ വാർത്ത കേട്ടപ്പോൾ രാജാവ് അദ്ഭുതസ്‌തബ്‌ധനായി. തന്റെ പദ്ധതികളനുസരിച്ചു കാര്യങ്ങൾ നടക്കാഞ്ഞതുമൂലം ദുഃഖിതനും രോഗിയുമായിത്തീർന്ന അവൻ കിടപ്പിലായി. ആഴമേറിയ ദുഃഖത്തിന് അധീനനായിത്തീർന്ന അവൻ വളരെനാൾ കിടക്കയിൽത്തന്നെ കഴിഞ്ഞു. മരണമടുത്തുവെന്ന് അവന് ഉറപ്പായി. അതിനാൽ, സുഹൃത്തുക്കളെ അടുക്കൽ വിളിച്ചു പറഞ്ഞു: എനിക്ക് ഉറക്കമില്ലാതായിരിക്കുന്നു. ആകുലതയാൽ എന്റെ ഹൃദയം തകരുന്നു. ഞാൻ എന്നോടുതന്നെ പറഞ്ഞുപോകുന്നു, പ്രതാപകാലത്ത് ദയാലുവും ജനസമ്മതനുമായിരുന്ന എനിക്ക് എത്ര വലിയ ദുരിതമാണു വന്നുഭവിച്ചിരിക്കുന്നത്! എത്ര ആഴമുള്ള കയത്തിൽ ഞാൻ വീണുപോയിരിക്കുന്നു! ജറുസലേമിൽ ഞാൻ ചെയ്ത അകൃത്യങ്ങൾ ഞാൻ ഓർക്കുന്നു. അവളുടെ കനകരജതപാത്രങ്ങളെല്ലാം ഞാൻ കവർച്ചചെയ്‌തു. ഒരു കാരണവും കൂടാതെ യൂദാനിവാസികളെ നശിപ്പിക്കാൻ ഞാൻ സൈന്യത്തെ വിട്ടു. ഇതിനാലാണ് ഈ അനർഥങ്ങൾ എനിക്കു വന്നുകൂടിയതെന്നു ഞാനറിയുന്നു. ഇതാ അന്യദേശത്തു കിടന്ന് ദുഃഖാധിക്യത്താൽ ഞാൻ മരിക്കുന്നു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (9 : 1-2, 3+5, 15b+18)
കർത്താവേ, അങ്ങു നല്‌കിയ വിമോചനമോർത്ത് ഞാൻ സന്തോഷിക്കട്ടെ.
പൂർണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും;
അവിടത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വിവരിക്കും.
ഞാൻ അങ്ങിൽ ആഹ്ളാദിച്ചുല്ലസിക്കും;
അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമാലപിക്കും.
കർത്താവേ, അങ്ങു നല്‌കിയ വിമോചനമോർത്ത് ഞാൻ സന്തോഷിക്കട്ടെ.
എന്തെന്നാൽ, എന്റെ എതിരാളികൾ പിൻതിരിഞ്ഞോടിയപ്പോൾ
കാലിടറി വീഴുകയും അങ്ങയുടെ മുൻപിൽ നാശമടയുകയും ചെയ്തു.
അവിടന്നു ജനതകളെ ശകാരിച്ചു; അവിടന്നു ദുഷ്ടരെ നശിപ്പിച്ചു;
അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു.
കർത്താവേ, അങ്ങു നല്‌കിയ വിമോചനമോർത്ത് ഞാൻ സന്തോഷിക്കട്ടെ.
അങ്ങു നല്‌കിയ വിമോചനമോർത്ത് സീയോൻ പുത്രിയുടെ
കവാടങ്ങളിൽ ഞാൻ സന്തോഷിക്കട്ടെ!
ദരിദ്രർ എന്നേക്കും വിസ്മരിക്കപ്പെടുകയില്ല;
പാവങ്ങളുടെ പ്രത്യാശ എന്നേക്കു മായി അസ്തമിക്കുകയില്ല.
കർത്താവേ, അങ്ങു നല്‌കിയ വിമോചനമോർത്ത് ഞാൻ സന്തോഷിക്കട്ടെ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (2 തിമോ 1:10).
അല്ലേലൂയാ!
അല്ലേലൂയാ! നമ്മുടെ രക്ഷകനായ യേശു ക്രിസ്തു മരണം ഇല്ലാതാക്കുകയും തൻ്റെ സുവിശേഷത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (20:27-40)
(അവിടന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്)
അക്കാലത്ത്, ഉത്ഥാനം നിഷേധിക്കുന്ന സദുക്കായരിൽ ചിലർ യേശുവിനെ സമീപിച്ചു ചോദിച്ചു: ഗുരോ, ഒരാളുടെ വിവാഹിതനായ സഹോദരൻ സന്താനമില്ലാതെ മരിച്ചാൽ, അവൻ ആ സഹോദരന്റെ വിധവയെ സ്വീകരിച്ച് അവനുവേണ്ടി സന്താനത്തെ ഉത്പാദിപ്പിക്കണമെന്ന് മോശ കല്പിച്ചിട്ടുണ്ട്. ഒരിടത്ത് ഏഴു സഹോദരൻമാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരുവളെ വിവാഹം ചെയ്തു; അവൻ സന്താനമില്ലാതെ മരിച്ചു. അനന്തരം, രണ്ടാമനും പിന്നെ മൂന്നാമനും അവളെ ഭാര്യയായി സ്വീകരിച്ചു. അങ്ങനെ ഏഴുപേരും സന്താനമില്ലാതെ മരിച്ചു. അവസാനം, ആ സ്ത്രീയും മരിച്ചു. ഉത്‌ഥാനത്തിൽ അവൾ അവരിൽ ആരുടെ ഭാര്യയായിരിക്കും? അവൾ ഏഴുപേരുടെയും ഭാര്യയായിരുന്നല്ലോ. യേശു അവരോടു പറഞ്ഞു: ഈ യുഗത്തിന്റെ സന്താനങ്ങൾ വിവാഹം ചെയ്യുകയും ചെയ്‌തുകൊടുക്കുകയും ചെയ്യുന്നു. എന്നാൽ, വരാനിരിക്കുന്ന യുഗത്തെ പ്രാപിക്കുന്നതിനും മരിച്ച വരിൽനിന്ന് ഉയിർക്കുന്നതിനും യോഗ്യരായവർ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. ഉത്ഥാനത്തിന്റെ മക്കൾ എന്ന നിലയിൽ അവർ ദൈവദൂതൻമാർക്കു തുല്യരും ദൈവമക്കളുമാണ്. ആകയാൽ, അവർക്ക് ഇനിയും മരിക്കാൻ സാധിക്കുകയില്ല. മോശപോലും മുൾപ്പടർപ്പിങ്കൽ വച്ചു കർത്താവിനെ, അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിൻ്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവർ ഉയിർക്കുമെന്നു കാണിച്ചുതന്നിട്ടുണ്ട്. അവിടന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടത്തേക്ക് എല്ലാവരും ജീവിക്കുന്നവർ തന്നെ. നിയമജ്‌ഞരിൽ ചിലർ ഗുരോ, നീ ശരിയായി സംസാരിക്കുന്നു എന്നു പറഞ്ഞു. അവനോട് എന്തെങ്കിലും ചോദിക്കാൻ പിന്നീട് അവർ മുതിർന്നില്ല.




