ഒന്നാം വായന
മക്കബായരുടെ ഒന്നാം പുസ്തകത്തിൽനിന്ന് (1:11-16, 43-45, 54-57, 62-64)
(ഇസ്രായേലിന്റെമേൽ അത്യുഗ്രമായ ക്രോധം നിപതിച്ചു)
പുത്രനായി അക്കാലത്ത്, അന്തിയോക്കസ് രാജാവിന്റെ പുത്രനായി തിൻമയുടെ വേരായ അന്തിയോക്കസ് എപ്പിഫാനസ് ജനിച്ചു. ഗ്രീക്കുസാമ്രാജ്യം സ്ഥാപിതമായതിന്റെ നൂറ്റിമുപ്പത്തേഴാംവർഷം, ഭരണമേല്ക്കുന്നതിനുമുൻപ്, അവൻ റോമായിൽ തടവിലായിരു ന്നു. അക്കാലത്ത് നിയമനിഷേധകരായ ചിലർ മുൻപോട്ടുവന്ന് ഇസ്രായേലിൽ അനേകംപേരെ വഴിതെറ്റിക്കുംവിധം പറഞ്ഞു: ചുറ്റുമുള്ള വിജാതീയരുമായി നമുക്ക് ഉടമ്പടി ചെയ്യാം. കാരണം, അവരിൽനിന്നു പിരിഞ്ഞതിൽപ്പിന്നെ വളരെയേറെ അനർഥങ്ങൾ നമുക്കു ഭവിച്ചിരിക്കുന്നു. ഈ നിർദേശം അവർക്ക് ഇഷ്ടപ്പെട്ടു. കുറെ ആളുകൾ താത്പര്യപൂർവം രാജാവിന്റെ അടുക്കലെത്തി. വിജാതീയരുടെ ആചാരങ്ങളനുഷ്ഠിക്കാൻ അവൻ അവർക്ക് അനുവാദം നല്കി. അവർ ജറുസലേമിൽ വിജാതീയരീതിയിലുള്ള ഒരു കായികാഭ്യാസക്കളരി സ്ഥാപിച്ചു. പരിച്ഛേദനത്തിന്റെ അടയാളങ്ങൾ അവർ മായിച്ചുകളഞ്ഞു; വിശുദ്ധ ഉടമ്പടി പരിത്യജിച്ചു; വിജാതീയരോടു ചേർന്ന് ദുഷ്കൃത്യങ്ങളിൽ മുഴുകുകയും ചെയ്തു. രാജ്യം തന്റെ കൈയിൽ ഭേദമായി എന്നുകണ്ട്, ഈജിപ്തിൻറെകൂടി രാജാവാകാൻ അന്തിയോക്കസ് തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അധിപനാകാനായിരുന്നു അവന്റെ മോഹം. സ്വന്തം ആചാരങ്ങൾ ഉപേക്ഷിച്ച് എല്ലാവരും ഒരു ജനതയായിത്തീരണമെന്ന് രാജാവ് രാജ്യത്തെങ്ങും കല്പ്പന വിളംബരം ചെയ്തു. വിജാതീയരെല്ലാം രാജകല്പന സ്വാഗതം ചെയ്തു. ഇസ്രായേലിൽനിന്നുപോലും വളരെപ്പേർ അവന്റെ ഇംഗിതം സസന്തോഷം സ്വീകരിച്ചു. അവർ വിഗ്രഹങ്ങൾക്കു ബലി സമർപ്പിക്കുകയും സാബത്ത് അശുദ്ധമാക്കുകയും ചെയ്തു.
നൂറ്റിനാല്പത്തഞ്ചാം വർഷത്തിൽ കിസ്ലേവ് മാസം പതിനഞ്ചാംദിവസം ദഹനബലിപീഠത്തിൻമേൽ അവർ വിനാശത്തിന്റെ മ്ലേച്ഛവസ്തു പ്രതിഷ്ഠിച്ചു. ചുറ്റുമുള്ള യൂദാനഗരങ്ങളിലും അവർ ബലിപീഠങ്ങൾ നിർമിച്ചു. വീടുകളുടെ വാതിലുകളിലും തെരുവീഥികളിലും അവർ ധൂപമർപ്പിച്ചു. കിട്ടിയ നിയമ ഗ്രന്ഥങ്ങൾ കീറി തീയിലിട്ടു. ഉടമ്പടിഗ്രന്ഥം കൈവശംവയ്ക്കുകയോ നിയമത്തോടു കൂറുപുലർത്തുകയോ ചെയ്യുന്നവൻ രാജശാസനപ്രകാരം മരണത്തിന് അർഹനായിരുന്നു. എങ്കിലും ഇസ്രായേലിൽ വളരെപ്പേർ അചഞ്ചലരായി നിന്നു. അശുദ്ധഭക്ഷണം കഴിക്കുകയില്ലെന്ന് അവർ ദൃഢനിശ്ചയം ചെയ്തു. ഭക്ഷണത്താൽ മലിനരാകുകയോ വിശുദ്ധ ഉടമ്പടി അശുദ്ധമാക്കുകയോ ചെയ്യുന്നതിനെക്കാൾ മരിക്കാൻ അവർ സന്നദ്ധരായി. അവർ മരണം വരിക്കുകയും ചെയ്തു. ഇസ്രായേലിൻമേൽ അത്യുഗ്രമായ ക്രോധം നിപതിച്ചു.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം(119 : 53+61,134+150, 155+158)
കർത്താവേ, എൻ്റെ ജീവൻ രക്ഷക്ഷിക്കണമേ. അങ്ങയുടെ കല്പനകൾ ഞാൻ അനുസരിക്കട്ടെ.
അങ്ങയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്ന ദുഷ്ടർമൂലം രോഷം എന്നിൽ ജ്വലിക്കുന്നു. ദുഷ്ടരുടെ കെണികളിൽ കുടുങ്ങിയെങ്കിലും ഞാൻ അങ്ങയുടെ നിയമം മറന്നില്ല.
കർത്താവേ, എൻ്റെ ജീവൻ രക്ഷക്ഷിക്കണമേ. അങ്ങയുടെ കല്പനകൾ ഞാൻ അനുസരിക്കട്ടെ.
മർദകരിൽനിന്ന് എന്നെ മോചിപ്പിക്കണമേ! ഞാൻ അങ്ങയുടെ പ്രമാണങ്ങൾ പാലിക്കട്ടെ! ക്രൂരമർദകർ എന്നെ സമീപിക്കുന്നു, അവർ അങ്ങയുടെ നിയമത്തിൽനിന്നു വളരെ അകലെയാണ്.
കർത്താവേ, എൻ്റെ ജീവൻ രക്ഷക്ഷിക്കണമേ. അങ്ങയുടെ കല്പനകൾ ഞാൻ അനുസരിക്കട്ടെ.
രക്ഷ, ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു; എന്തെന്നാൽ, അവർ അങ്ങയുടെ ചട്ടങ്ങൾ അന്വേഷിക്കുന്നില്ല. അവിശ്വസ്തതരോട് എനിക്കു വെറുപ്പാണ്; അവർ അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുന്നില്ല.
കർത്താവേ, എൻ്റെ ജീവൻ രക്ഷക്ഷിക്കണമേ. അങ്ങയുടെ കല്പനകൾ ഞാൻ അനുസരിക്കട്ടെ.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 8:12).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: ഞാൻ ലോകത്തിൻ്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (18:35-43)
(ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? എനിക്കു കാഴ്ച വീണ്ടുകിട്ടണം)
അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോൾ ഒരു കുരുടൻ വഴിയരികിൽ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട്, എന്താണു സംഭവിക്കു ന്നതെന്ന് അവൻ അന്വേഷിച്ചു. നസറായനായ യേശു കടന്നു പോകുന്നു എന്ന് അവർ പറഞ്ഞു. അപ്പോൾ അവൻ വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കനിയണമേ! മുമ്പേ പൊയ്ക്കൊണ്ടിരുന്നവർ, നിശ്ശബ്ദനായിരിക്കാൻ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതൽ ഉച്ചത്തിൽ ദാവീദിൻ്റെ പുത്രാ, എന്നിൽ കനിയണമേ എന്നു നിലവിളിച്ചു കൊണ്ടിരുന്നു. യേശു അവിടെനിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാൻ കല്പിച്ചു. അവൻ അടുത്തുവന്നപ്പോൾ യേശു ചോദിച്ചു: ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവൻ പറഞ്ഞു: കർത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവൻ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലേ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.




