ഒന്നാം വായന
ജോയേൽപ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് (1: 13-15, 2: 1-2)
(കർത്താവിന്റെ ദിനം കാർമേഘങ്ങളുടെയും കൂരിരുട്ടിൻറെയും ദിനമാണ്)
പുരോഹിതൻമാരേ, ചാക്കുടുത്തു വിലപിക്കുവിൻ. ബലിപീഠശുശ്രൂഷകരേ, വിലപിക്കുവിൻ; എൻ്റെ ദൈവത്തിൻ്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിൻ. ധാന്യ ബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ അർപ്പിക്കപ്പെടുന്നില്ല. ഉപവാസം പ്രഖ്യാപിക്കുകയും മഹാ സഭ വിളിച്ചുകൂട്ടുകയും ചെയ്യുവിൻ. ശ്രേഷ്ഠൻമാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തിൽ ഒരുമിച്ചുകൂട്ടുവിൻ; കർത്താവിനോടു പ്രാർഥിക്കുവിൻ. കർത്താവിന്റെദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്ടം! സർവശക്തനിൽനിന്നുള്ള സംഹാരമായി അതു വരുന്നു.
സീയോനിൽ കാഹളം ഊതുവിൻ. എന്റെ വിശുദ്ധഗിരിയിൽ പെരുമ്പറ മുഴക്കുവിൻ. ദേശവാസികൾ സംഭ്രാന്തരാകട്ടെ! കർത്താവിന്റെ ദിനം ആഗതമായിരിക്കുന്നു; അത്യാസന്നമായിരിക്കുന്നു. അത് അന്ധകാരത്തിന്റെയും മനത്തകർച്ചയുടെയും ദിനമാണ്. കാർമേഘങ്ങളുടെയും കൂരിരുട്ടിന്റെയും ദിനം! ശക്തിയും പ്രതാപവുമുള്ള ഒരു ജനതതി അന്ധകാരംപോലെ പർവതങ്ങളിൽ വ്യാപിച്ചിരിക്കുന്നു. ഇതുപോലൊന്ന് ഇതിനുമുൻപ് ഉണ്ടായിട്ടില്ല; തലമുറകളോളം ഇനി ഉണ്ടാവുകയുമില്ല.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (9 : 1-2, 5+15, 7-8)
കർത്താവ് ലോകത്തെ നീതിയോടെ വിധിക്കുന്നു.
പൂർണഹൃദയത്തോടെ ഞാൻ കർത്താവിനു നന്ദിപറയും; അവിടത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വിവരിക്കും. ഞാൻ അങ്ങിൽ ആഹ്ളാദിച്ചുല്ലസിക്കും; അത്യുന്നതനായവനേ, അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമാലപിക്കും.
കർത്താവ് ലോകത്തെ നീതിയോടെ വിധിക്കുന്നു.
അവിടന്നു ജനതകളെ ശകാരിച്ചു; അവിടന്നു ദുഷ്ടരെ നശിപ്പിച്ചു; അവരുടെ നാമം എന്നേക്കുമായി മായിച്ചുകളഞ്ഞു. തങ്ങൾ കുഴിച്ച കുഴിയിൽത്തന്നെ ജനതകൾ വീണടിഞ്ഞു; തങ്ങൾ ഒരുക്കിയ കെണിയിൽ അവരുടെതന്നെ പാദങ്ങൾ കുരുങ്ങി.
കർത്താവ് ലോകത്തെ നീതിയോടെ വിധിക്കുന്നു.
എന്നാൽ, കർത്താവ് എന്നേക്കുമായി സിംഹാസനസ്ഥനായിരിക്കുന്നു; ന്യായവിധിക്കാണ് അവിടന്നു സിംഹാസനം സ്ഥാപിച്ചിരിക്കുന്നത്. അവിടന്നു ലോകത്തെ നീതിയോടെ വിധിക്കുന്നു; അവിടന്നു ജനതകളെ നിഷ്പക്ഷമായി വിധിക്കുന്നു.
കർത്താവ് ലോകത്തെ നീതിയോടെ വിധിക്കുന്നു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (യോഹ 12:31b-32).
അല്ലേലൂയാ!
അല്ലേലൂയാ! കർത്താവ് അരുൾചെയ്യുന്നു: ഇപ്പോൾ ലോകത്തിൻ്റെ അധികാരി പുറന്തള്ളപ്പെടും. ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (11: 14-26)
(ദൈവകരംകൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, ദൈവ രാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു.)
അക്കാലത്ത്, യേശു ഊമയായ ഒരു പിശാചിനെ ബഹിഷ്കരിക്കുകയായിരുന്നു. ജനങ്ങൾ അദ്ഭുതപ്പെട്ടു. അവരിൽ ചിലർ പറഞ്ഞു: അവൻ പിശാചുക്കളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്കരിക്കുന്നത്. വേറെ ചിലർ അവനെ പരീക്ഷിക്കാൻ സ്വർഗത്തിൽനിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു. അവരുടെ വിചാരങ്ങൾ അറിഞ്ഞുകൊണ്ട് അവൻ പറഞ്ഞു: അന്തശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്തശ്ഛിദ്രമുള്ള ഭവനവും വീണുപോകും. സാത്താൻ തനിക്കുതന്നെ എതിരായി ഭിന്നിച്ചാൽ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? ഞാൻ ബേൽസെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങൾ പറയുന്നു. ബേൽസെബൂലിനെക്കൊണ്ടാണ് ഞാൻ പിശാചുക്കളെ ബഹിഷ്കരിക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രൻമാർ ആരെക്കൊണ്ടാണ് അവയെ ബഹിഷ്കരിക്കുന്നത്? അതുകൊണ്ട് അവർ നിങ്ങളുടെ വിധികർത്താക്കളായിരിക്കും. എന്നാൽ, ദൈവകരംകൊണ്ടാണ് ഞാൻ പിശാചുക്കളെ പുറത്താക്കുന്നതെങ്കിൽ, ദൈവരാജ്യം നിങ്ങളുടെയിടയിൽ വന്നുകഴിഞ്ഞിരിക്കുന്നു. ശക്തൻ ആയുധധാരിയായി തന്റെ കൊട്ടാരത്തിനു കാവൽ നില്ക്കുമ്പോൾ അവന്റെ വസ്തുക്കൾ സുരക്ഷിതമാണ്. എന്നാൽ, കൂടുതൽ ശക്തനായ ഒരുവൻ അവനെ ആക്രമിച്ചു കീഴ്പ്പെടുത്തിയാൽ, അവൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ മറ്റവൻ അപഹരിക്കുകയും കൊള്ള മുതൽ ഭാഗിച്ചെടുക്കുകയും ചെയ്യും. എന്നോടുകൂടെയല്ലാത്തവൻ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവൻ ചിതറിച്ചുകളയുന്നു.
അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാൽ, വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോൾ അവൻ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കു തന്നെ ഞാൻ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോൾ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായിക്കാണുന്നു. അപ്പോൾ അവൻ പോയി തന്നെക്കാൾ ദുഷ്ടരായ മറ്റ് ഏഴ് അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാൾ മോശമായിത്തീരുന്നു.




