സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ത്യയിലെ അല്‌മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ പരിശുദ്ധ പിതാവ് ലിയോ പാപ്പാ പ്രഖ്യാപിച്ചു. ദിവ്യാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമുള്ള ഡിക്കാസ്റ്ററി വഴിയാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (CCBI) അഭ്യർത്ഥനയെ തുടർന്നാണ് ഈ പ്രഖ്യാപനം.
2025 ഒക്ടോബർ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ദിവ്യകാരുണ്യ ആഘോഷ വേളയിൽ ഔദ്യോധിക പ്രഖ്യാപനം നടക്കും. രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന CCBI അല്മായ കമ്മീഷന്റെയും രൂപതയുടെയും മേഖലാ സെക്രട്ടറിമാരുടെയും വാർഷിക ദേശീയ യോഗത്തോടൊപ്പമായിരിക്കും പ്രഖ്യാപന പരിപാടി.
ഇന്ത്യയിലെ എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും ഇന്ത്യയിലുടനീളം വിശുദ്ധ ലാസർ ദേവസഹായത്തോടുള്ള ഭക്തി സജീവമായി പ്രോത്സാഹിപ്പിക്കാനും ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ, ഇടവക വൈദികർ, സന്യാസിമാർ, അൽമായ വിശ്വാസികൾ എന്നിവരെ ക്ഷണിച്ചുകൊണ്ട് സിസിബിഐ പ്രസിഡന്റ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറോ ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.




