Word of God

ആണ്ടുവട്ടം : ഇരുപത്തിനാലാം വാരം : ചൊവ്വ സെപ്തംബർ : 16 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (3 : 1 -13)

(മെത്രാൻ ആരോപണങ്ങൾക്കതീതനായിരിക്കണം; ഡീക്കന്മാർ നിർമല മനസ്സാക്ഷിയോടുകൂടെ വിശ്വാസത്തിൻ്റെ രഹസ്യം സൂക്ഷിക്കുന്നവരായിരിക്കണം)

വാത്സല്യമുള്ളവനേ, മെത്രാൻസ്‌ഥാനം ആഗ്രഹിക്കുന്നവൻ ഉത്കൃഷ്ടമായ ഒരു ജോലിയാണ് ആഗ്രഹിക്കുന്നത് എന്നതു സത്യമാണ്. മെത്രാൻ ആരോപണങ്ങൾക്കതീതനും ഏകഭാര്യയുടെ ഭർത്താവും സംയമിയും വിവേകിയും അച്ചടക്കമുള്ളവനും അതിഥിസത്കാരപ്രിയനും യോഗ്യനായ പ്രബോധകനുമായിരിക്കണം. അവൻ മദ്യാസക്‌തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; സൗമ്യശീലനും കലഹിക്കാത്തവനും അത്യാഗ്രഹമില്ലാത്തവനുമായിരിക്കണം. അവൻ തന്റെ കുടുംബം ശരിയായി നിയന്ത്രിക്കുന്നവനും സന്താനങ്ങളെ അനുസരണത്തിലും വിനയത്തിലും വളർത്തുന്നവനുമായിരിക്കണം. സ്വന്തം കുടുംബം ഭരിക്കാൻ അറിഞ്ഞുകൂടാത്തവൻ ദൈവത്തിന്റെ സഭയെ എങ്ങനെ ഭരിക്കും? അവൻ പുതുതായി വിശ്വാസം സ്വീകരിച്ചവനായിരിക്കരുത്; ആയിരുന്നാൽ അവൻ അഹങ്കാരംകൊണ്ടു മതിമറന്നു പിശാചിനെപ്പോലെ ശിക്‌ഷാവിധിക്ക് അർഹനായിത്തീർന്നെന്നുവരും. കൂടാതെ, അവൻ സഭയ്ക്കു പുറത്തുള്ളവരുടെയിടയിലും നല്ല മതിപ്പുള്ളവനായിരിക്കണം; അല്ലെങ്കിൽ, ദുഷ്‌കീർത്തിയിലും പിശാചിന്റെ കെണിയിലും പെട്ടുപോയെന്നു വരാം.

അതുപോലെതന്നെ, ഡീക്കൻമാർ ഗൗരവബുദ്‌ധികളായിരിക്കണം; അസത്യവാദികളോ മദ്യാസക്‌തിക്ക് അധീനരോ ഹീനമായ ലാഭേച്ഛയുള്ളവരോ ആയിരിക്കരുത്. അവർ നിർമല മനഃസാക്ഷിയോടുകൂടെ വിശ്വാസത്തിന്റെ രഹസ്യം സൂക്‌ഷിക്കുന്നവരാകണം. ആദ്യംതന്നെ അവർ പരീക്‌ഷണവിധേയരാകണം. കുറ്റമറ്റവരെന്നു തെളിയുന്നപക്ഷം, അവർ സഭാശുശ്രൂഷ ചെയ്യട്ടെ.

അപ്രകാരംതന്നെ, അവരുടെ സ്ത്രീകൾ ഗൗരവ ബുദ്ധികളും പരദൂഷണം പറയാത്തവരും സംയമനമുള്ളവരും എല്ലാ കാര്യങ്ങളിലും വിശ്വസ്‌തരുമായിരിക്കണം. ഡീക്കൻമാർ ഏക പത്നീ വ്രതം അനുഷ്‌ഠിക്കുന്നവരും സന്താനങ്ങളെയും കുടുംബത്തെയും നന്നായി നിയന്ത്രിക്കുന്നവരുമായിരിക്കണം. എന്തെന്നാൽ, സ്തുത്യർഹമായി ശുശ്രൂഷ ചെയ്യുന്നവർ ബഹുമാന്യമായ സ്ഥാനം നേടുകയും യേശുക്രിസ്‌തുവിലുള്ള വിശ്വാസത്തിൽ അടിയുറച്ച്, ആത്മ‌ധൈര്യം സമ്പാദിക്കുകയും ചെയ്യും.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (101: 1-2ab, 2cd-3ab, 5, 6)

ഞാൻ പരമാർഥഹൃദയത്തോടെ വ്യാപരിക്കും.

ഞാൻ കരുണയെയും നീതിയെയും കുറിച്ചു പാടും; കർത്താവേ, ഞാൻ അങ്ങേക്കു കീർത്തനമാലപിക്കും. നിഷ്കളങ്ക മാർഗത്തിൽ ചരിക്കാൻ ഞാൻ ശ്രദ്‌ധവയ്ക്കും; എപ്പോഴാണ് അങ്ങ് എന്റെ അടുക്കൽ വരുക?

ഞാൻ പരമാർഥഹൃദയത്തോടെ വ്യാപരിക്കും.

ഞാൻ എന്റെ ഭവനത്തിൽ പരമാർഥ ഹൃദയത്തോടെ വ്യാപരിക്കും. നീചമായ ഒന്നിലും ഞാൻ കണ്ണുവയ്ക്കുകയില്ല; വഴിപിഴച്ചവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു.

ഞാൻ പരമാർഥഹൃദയത്തോടെ വ്യാപരിക്കും.

അയല്ക്കാരനെതിരേ ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; അഹങ്കാരിയെയും ഗർവിഷ്ഠനെയും ഞാൻ പൊറുപ്പിക്കുകയില്ല.

ഞാൻ പരമാർഥഹൃദയത്തോടെ വ്യാപരിക്കും.

ദേശത്തുള്ള വിശ്വസ്‌തരെ ഞാൻ പ്രീതിയോടെ വീക്‌ഷിക്കും; അവർ എന്നോടൊത്തു വസിക്കും; നിഷ്‌കളങ്കമാർഗത്തിൽ ചരിക്കുന്നവൻ എന്റെ സേവകനായിരിക്കും.

ഞാൻ പരമാർഥഹൃദയത്തോടെ വ്യാപരിക്കും.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 7:16).

അല്ലേലൂയാ!
അല്ലേലൂയാ! ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയംചെയ്ത്‌തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (7: 11-17)

(യുവാവേ, ഞാൻ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക)

അക്കാലത്ത്, യേശു നായിൻ എന്ന പട്ടണത്തിലേക്കു പോയി. ശിഷ്യൻമാരും വലിയ ഒരു ജനക്കൂട്ടവും അവനെ അനുഗമിച്ചു. അവൻ നഗരകവാടത്തിനടുത്തെത്തിയപ്പോൾ, മരിച്ചുപോയ ഒരുവനെ ചിലർ എടുത്തുകൊണ്ടുവരുന്നതു കണ്ടു. ഒരു വിധവയുടെ ഏകപുത്രനായിരുന്നു അവൻ. പട്ടണത്തിൽനിന്ന് വലിയ ഒരു ജനക്കൂട്ടവും അവളോടൊപ്പം ഉണ്ടായിരുന്നു. അവളെക്കണ്ട് മനസ്സലിഞ്ഞ് കർത്താവ് അവളോടു പറഞ്ഞു: കരയേണ്ടാ. അവൻ മുന്നോട്ടു വന്ന് ശവമഞ്ചത്തിൻമേൽ തൊട്ടു. അതു വഹിച്ചിരുന്നവർ നിന്നു. അപ്പോൾ അവൻ പറഞ്ഞു: യുവാവേ, ഞാൻ നിന്നോടു പറയുന്നു, എഴുന്നേല്ക്കുക. മരിച്ചവൻ ഉടനേ എഴുന്നേറ്റിരുന്നു. അവൻ സംസാരിക്കാൻ തുടങ്ങി. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു. എല്ലാവരും ഭയപ്പെട്ടു. അവർ ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അവനെപ്പറ്റിയുള്ള ഈ വാർത്ത യൂദയാ മുഴുവനിലും പരിസരങ്ങളിലും പരന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.