ഒന്നാം വായന
ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (5 : 7-9)
(അവൻ അനുസരണം അഭ്യസിക്കുകയും നിത്യരക്ഷയുടെ ഉറവിടമാകുകയും ചെയ്തു)
തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു, മരണത്തിൽ നിന്നു തന്നെ രക്ഷിക്കാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടും കൂടെ പ്രാർഥനകളും യാചനകളും സമർപ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാർഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു. പരിപൂർണനാക്കപ്പെട്ടതുവഴി അവൻ തന്നെ അനുസരി ക്കുന്നവർക്കെല്ലാം നിത്യരക്ഷയുടെ ഉറവിടമായി.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (31 : 1-2a, 2bc-3, 4-5, 14-15)
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
കർത്താവേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു, ലജ്ജിക്കാൻ എനിക്കിടവരുത്തരുതേ! നീതിമാനായ അങ്ങ് എന്നെ രക്ഷിക്കണമേ! എൻ്റെ നേരേ ചെവിചായിച്ച്, എന്നെ അതിവേഗം വിടുവിക്കണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
അവിടുന്ന് എൻ്റെ അഭയശിലയും എനിക്കു രക്ഷ നൽകുന്ന ശക്തിദുർഗവുമായിരിക്കണമേ! അവിടുന്ന് എനിക്കു പാറയും കോട്ടയുമാണ്; അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ രക്ഷിക്കണമേ! അവിടുന്നാണ് എൻ്റെ അഭയസ്ഥാനം. അങ്ങയുടെ കരങ്ങളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു; കർത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു.
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
കർത്താവേ, ഞാനങ്ങയിൽ ആശ്രയിക്കുന്നു; അങ്ങാണ് എന്റെ ദൈവമെന്നു ഞാൻ പ്രഖ്യാപിക്കുന്നു. എന്റെ ഭാഗധേയം അങ്ങയുടെ കൈകളിലാണ്; ശത്രുക്കളുടെയും പീഡകരുടെയും കൈകളിൽനിന്ന് എന്നെ മോചിപ്പിക്കണമേ!
കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം
അല്ലേലൂയാ!
അല്ലേലൂയാ! പരിശുദ്ധ കന്യകാമറിയം അനുഗൃഹീതയാകു ന്നു; എന്തെന്നാൽ, മരണംവഴിയല്ലാതെ, കർത്താവിൻ്റെ കുരിശിൻ ചുവട്ടിൽ നിന്നുകൊണ്ട് അവൾ രക്തസാക്ഷിത്വകിരീടം നേടി. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
വി. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽനിന്ന് (19 : 25-27)
(മരണവേദനയനുഭവിക്കുന്ന തന്റെ വത്സലസുതനെ മറിയം കുരിശിൻ ചുവട്ടിൽനിന്നു കണ്ടു)
യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദലേ നമറിയവും നിൽക്കുന്നുണ്ടായിരുന്നു. യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിൻ്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോടു പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു.
കർത്താവിൻ്റെ സുവിശേഷം
ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി
അല്ലെങ്കിൽ
വി. ലൂക്കാ എഴുതിയ സുവിശേഷത്തിൽനിന്ന് (2 : 33-35)
(നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും)
അക്കാലത്ത്, യേശുവിനെപ്പറ്റി പറയപ്പെട്ടതെല്ലാം കേട്ട് അവന്റെ പിതാവും മാതാവും അദ്ഭുതപ്പെട്ടു. ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും.




