Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : വ്യാഴം സെപ്തംബർ : 11 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (3 : 12-17)

(പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ)

സഹോദരരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയിൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൗമ്യശീലം, ക്ഷമ എന്നിവ ധരിക്കുവിൻ. ഒരാൾക്കു മറ്റൊരാളോടു പരിഭവമുണ്ടായാൽ, പരസ്പ്‌പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്‌ഷമിക്കണം.

സർവോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്‌ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ഈ സമാധാനത്തിലേക്കാണ് നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടത്. അതിനാൽ, നിങ്ങൾ കൃതജ്‌ഞതാനിർഭരരായിരിക്കുവിൻ. പരസ്പ‌രം പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുമ്പോഴും, കൃതജ്ഞതനിറഞ്ഞ ഹൃദയത്തോടെ, ദൈവത്തിനു സങ്കീർത്തനങ്ങളും ഗാനങ്ങളും ആത്മീയഗീതങ്ങളും പാടുമ്പോഴും ക്രിസ്തുവിന്റെ വചനം നിങ്ങളിൽ സമൃദ്ധമായി വസിക്കട്ടെ! നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിനു കൃതജ്‌ഞതയർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (150: 1-2, 3-4, 5-6)

സർവ ജീവജാലങ്ങളും കർത്താവിനെ സ്‌തുതിക്കട്ടെ!
(അല്ലെങ്കിൽ: അല്ലേലൂയാ!)

കർത്താവിനെ സ്‌തുതിക്കുവിൻ; ദൈവത്തിന്റെ വിശുദ്‌ധ മന്ദിരത്തിൽ അവിടത്തെ സ്‌തുതിക്കുവിൻ; പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്‌തുതിക്കുവിൻ. ശക്തമായ പ്രവൃത്തികളെപ്രതി അവിടത്തെ സ്‌തുതിക്കുവിൻ; അവിടത്തെ മഹിമാതിശയത്തിനു ചേർന്നവിധം അവിടത്തെ സ്തു‌തിക്കുവിൻ.

സർവ ജീവജാലങ്ങളും കർത്താവിനെ സ്‌തുതിക്കട്ടെ!

കാഹളനാദത്തോടെ അവിടത്തെ സ്‌തുതിക്കുവിൻ; വീണയും കിന്നരവും മീട്ടി അവിടത്തെ സ്‌തുതിക്കുവിൻ. തപ്പുകൊട്ടി യും നൃത്തമാടിയും അവിടത്തെ സ്‌തുതിക്കുവിൻ ; തന്ത്രികളും കുഴലുകളുംകൊണ്ട് അവിടത്തെ സ്‌തുതിക്കുവിൻ.

സർവ ജീവജാലങ്ങളും കർത്താവിനെ സ്‌തുതിക്കട്ടെ!

കൈത്താളം കൊട്ടി അവിടത്തെ സ്‌തുതിക്കുവിൻ; ഉച്ചത്തിൽ മുഴങ്ങുന്ന കൈത്താളം കൊട്ടി അവിടത്തെ സ്‌തുതിക്കുവിൻ. സർവ ജീവജാലങ്ങളും കർത്താവിനെ സ്തുതിക്കട്ടെ! കർത്താവിനെ സ്‌തുതിക്കുവിൻ.

സർവ ജീവജാലങ്ങളും കർത്താവിനെ സ്‌തുതിക്കട്ടെ!

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (1 യോഹ 4 : 12).

അല്ലേലൂയാ!
അല്ലേലൂയാ! നാം പരസ്‌പരം സ്നേഹിച്ചാൽ ദൈവം നമ്മിൽ വസിക്കും. അവിടത്തെ സ്നേഹം നമ്മിൽ പൂർണമാവുകയും ചെയ്യും. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (6: 27-38)

(നിങ്ങളുടെ പിതാവു കാരുണ്യവാനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾചെയ്തു. ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ ദ്വേഷിക്കുന്നവർക്കു നൻമ ചെയ്യുവിൻ; ശപിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അധിക്ഷേപിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുന്നവനെ കുപ്പായം കൂടി എടുക്കുന്നതിൽനിന്നു തടയരുത്. നിന്നോടു ചോദിക്കുന്ന ആർക്കും കൊടുക്കുക. നിന്റെ വസ്‌തുക്കൾ എടുത്തുകൊണ്ടുപോകുന്നവനോടു തിരിയെ ചോദിക്കരുത്. മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ. നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിക്കുന്നതിൽ എന്തു മേൻമയാണുള്ളത്? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ. നിങ്ങൾക്കു നൻമ ചെയ്യുന്നവർക്കു നിങ്ങൾ നൻമ ചെയ്യുന്നതിൽ എന്തു മേൻമയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ. തിരിച്ചുകിട്ടുമെന്നു പ്രതീക്‌ഷിച്ച് വായ്‌പ കൊടുക്കുന്നതിൽ എന്തു മേൻമയാണുള്ളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ പാപികളും പാപികൾക്കു വായ്‌പ കൊടുക്കുന്നില്ലേ? എന്നാൽ, നിങ്ങൾ ശത്രുക്കളെ സ്നേഹിക്കുവിൻ. തിരിച്ചുകിട്ടും എന്നു പ്രതീക്‌ഷിക്കാതെ മറ്റുള്ളവർക്കു നൻ മചെയ്യുകയും വായ്‌പ കൊടുക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങൾ അത്യുന്നതന്റെ പുത്രൻമാരായിരിക്കുകയും ചെയ്യും. കാരണം, അവിടന്നു നന്ദിഹീനരോടും ദുഷ്‌ടരോടും കരുണ കാണിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.

നിങ്ങൾ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിൻ; നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും. നിങ്ങൾ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങൾക്കും അളന്നു കിട്ടും.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.