Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം വാരം : ബുധൻ സെപ്തംബർ: 03 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:1-8)

(സുവിശേഷസത്യത്തിൻ്റെ വചനം ലോകത്തിൽ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെ അടുക്കലുമെത്തി)

ദൈവഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ അപ്പ‌സ്തോലനായ പൗലോസും സഹോദരനായ തിമോത്തേയോസും കൂടെ, ക്രിസ്തു‌വിൽ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരർക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും!

ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴൊക്കെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തിനു നന്ദിപറയുന്നു. എന്തെന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങൾക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്നേഹത്തെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. നിങ്ങളോട് അറിയിക്കപ്പെട്ട സുവിശേഷസത്യത്തിന്റെ വചനത്തിൽനിന്ന് ഈ പ്രത്യാശയെക്കുറിച്ച് മുമ്പുതന്നെ നിങ്ങൾ കേട്ടിട്ടുണ്ട്. നിങ്ങൾ സുവിശേഷം ശ്രവിക്കുകയും സത്യത്തിൽ ദൈവത്തിന്റെ കൃപ പൂർണമായി മനസ്‌സിലാക്കുകയും ചെയ്ത നാൾമുതൽ ലോകത്തിൽ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെയിടയിലും അതു വളരുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സഹശുശ്രൂഷകൻ എപ്പഫാസിൽനിന്നാണല്ലോ നിങ്ങൾ ഇതു ഗ്രഹിച്ചത്. നിങ്ങൾക്കുവേണ്ടിയുള്ള ക്രിസ്‌തുവിന്റെ വിശ്വസ്‌തനായ ശുശ്രൂഷകനാണ് അവൻ. ആത്‌മാവിലുള്ള നിങ്ങളുടെ സ്നേഹത്തെക്കുറിച്ച് അവൻ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (52: 8, 9)

ദൈവത്തിൻന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു.

ദൈവത്തിന്റെ ഭവനത്തിൽ തഴച്ചുവളരുന്ന ഒലിവുമരം പോലെയാണു ഞാൻ; ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു.

ദൈവത്തിൻന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു.

അങ്ങു നല്കിയ അനുഗ്രഹങ്ങളെപ്രതി ഞാൻ എന്നേക്കും അവിടത്തോടു നന്ദി പറയും; അങ്ങയുടെ ഭക്‌തരുടെ മുൻപിൽ ഞാൻ അങ്ങയുടെ നാമം പ്രകീർത്തിക്കും; എന്തെന്നാൽ അതു ശ്രേഷ്ഠമാണ്.

ദൈവത്തിൻന്റെ കാരുണ്യത്തിൽ ഞാൻ എന്നേക്കും ആശ്രയിക്കുന്നു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 4:18).

അല്ലേലൂയാ!
അല്ലേലൂയാ! ദരിദ്രരെ സുവിശേഷം അറിയിക്കാനും ബന്ധിതർക്ക് മോചനം പ്രഖ്യാപിക്കാനും കർത്താവ് എന്നെ അയച്ചിരിക്കുന്നു. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന(4: 38-44)

(മറ്റു പട്ടണങ്ങളിലും ദൈവരാജ്യത്തിന്റെ സുവിശേഷം ഞാൻ പ്രസംഗിക്കേണ്ടിയിരിക്കുന്നു)

അക്കാലത്ത്, യേശു സിനഗോഗിൽനിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോൻ്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകൾ അവൾക്കുവേണ്ടി അവനോടു സഹായം അപേക്‌ഷിച്ചു. അവൻ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടു മാറി. ഉടനേ അവൾ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു. വൈകുന്നേരമായപ്പോൾ, വിവിധരോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവർ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേൽ കൈവച്ച് അവൻ അവരെ സുഖപ്പെടുത്തി. നീ ദൈവ പുത്രനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് അനേകരിൽ നിന്ന് പിശാചുക്കൾ വിട്ടുപോയി. അവൻ അവയെ ശാസിച്ചു. താൻ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവൻ അവയെ സംസാരിക്കാൻ അനുവദിച്ചില്ല.

പ്രഭാതമായപ്പോൾ അവൻ ഒരു വിജനസ്‌ഥലത്തേക്കു പോയി. ജനക്കൂട്ടം അവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോ കരുതെന്ന് അവർ അവനെ നിർബന്‌ധിച്ചു. എന്നാൽ, അവൻ പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നത്. അവൻ യൂദയായിലെ സിനഗോഗുകളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.