Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : ചൊവ്വ സെപ്തംബർ : 02 വചന വായന

ഒന്നാം വായന

വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (5:1-6, 9-11)

(നാം ക്രിസ്തു‌വിനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവിടന്നു നമുക്കുവേണ്ടി മരിച്ചത്)

സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്‌ധിച്ച് നിങ്ങൾക്കു ഞാൻ എഴുതേണ്ടതില്ല. കാരണം, രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനം വരുമെന്നു നിങ്ങൾക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗർഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ, പെട്ടെന്ന് നാശം അവരുടെമേൽ നിപതിക്കും; അതിൽനിന്ന് അവർ രക്‌ഷപ്പെടുകയില്ല. എന്നാൽ, സഹോദരരേ, ആ ദിവസം കള്ളൻ എന്നപോലെ നിങ്ങളെ അപ്രതീക്‌ഷിതമായി പിടികൂടാൻ ഇടയാകത്തക്കവിധം നിങ്ങൾ അന്ധകാരത്തിലല്ല കഴിയുന്നത്. നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും പുത്രൻമാരാണ്. നമ്മിൽ ആരുംതന്നെ രാത്രിയുടെയോ അന്ധകാരത്തിന്റെയോ മക്കളല്ല. അതിനാൽ, മറ്റുള്ളവരെപ്പോലെ ഉറങ്ങിക്കഴിയാതെ നമുക്ക് ഉണർന്ന് സുബോധമുള്ള വരായിരിക്കാം. എന്തെന്നാൽ, നാം ക്രോധത്തിനിരയാകണമെന്നല്ല, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ രക്ഷപ്രാപിക്കണമെന്നാണ് ദൈവം നിശ്ചയിച്ചിട്ടുള്ളത്. ഉറക്കത്തിലും ഉണർവിലും നാം അവനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവൻ നമുക്കുവേണ്ടി മരിച്ചത്. അതിനാൽ നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ, തമ്മിൽത്തമ്മിൽ ആശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടി യത്നിക്കുകയും ചെയ്യുവിൻ.

കർത്താവിൻ്റെ വചനം

ദൈവത്തിനു നന്ദി.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

പ്രതിവചനസങ്കീർത്തനം (27: 1, 4, 13-14)

ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിൻ്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.

കർത്താവ് എന്റെ പ്രകാശവും രക്‌ഷയുമാണ്, ഞാൻ ആരെ ഭയപ്പെടണം? കർത്താവ് എന്റെ ജീവിതത്തിനു കോട്ടയാണ്, ഞാൻ ആരെ പേടിക്കണം?

ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിൻ്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.

ഒരു കാര്യം ഞാൻ കർത്താവിനോട് അപേക്‌ഷിക്കുന്നു; ഒരു കാര്യം മാത്രം ഞാൻ തേടുന്നു; കർത്താവിൻ്റെ മാധുര്യം ആസ്വദിക്കാനും കർത്താവിൻ്റെ ആലയത്തിൽ അവിടത്തെ ഹിതം ആരായാനുംവേണ്ടി ജീവിതകാലം മുഴുവൻ അവിടത്തെ ആലയത്തിൽ വസിക്കാൻതന്നെ.

ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിൻ്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.

ജീവിക്കുന്നവരുടെ ദേശത്തു കർത്താവിന്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു. കർത്താവിൽ പ്രത്യാശയർപ്പിക്കുവിൻ, ദുർബലരാകാതെ ധൈര്യമവലംബിക്കുവിൻ; കർത്താവിനുവേണ്ടി കാത്തിരിക്കുവിൻ.

ജീവിക്കുന്നവരുടെ ദേശത്ത് കർത്താവിൻ്റെ നൻമ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു.

✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം പ്രഘോഷണ വാക്യം (ലൂക്കാ 7:16).

അല്ലേലൂയാ!
അല്ലേലൂയാ! ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു. അല്ലേലൂയാ
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (4: 31-37)

(അങ്ങ് ദൈവത്തിൻ്റെ പരിശുദ്ധനാണെന്ന് എനിക്കറിയാം)

അക്കാലത്ത്, യേശു ഗലീലിയിലെ ഒരു പട്ടണമായ കഫർണാമിൽ എത്തി സാബത്തിൽ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു. അവന്റെ പ്രബോധനത്തിൽ അവർ വിസ്‌മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വചനം. അവിടെ സിനഗോഗിൽ അശുദ്‌ധാത്മാവു ബാധിച്ച ഒരുവൻ ഉണ്ടായിരുന്നു. അവൻ ഉറക്കെ നിലവിളിച്ചു പറഞ്ഞു: നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്‌ധൻ. യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടശേഷം അവനെ വിട്ടുപോയി. എല്ലാവരും അദ്ഭുതപ്പെട്ട് പരസ്‌പരം പറഞ്ഞു: എന്തൊരു വചനമാണിത്! ഇവൻ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്‌ധാത്മാക്കളോടു കല്‌പിക്കുകയും അവ വിട്ടുപോവുകയും ചെയ്യുന്നുവല്ലോ. അവന്റെ കീർത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു

കർത്താവിൻ്റെ സുവിശേഷം

ക്രിസ്തുവേ അങ്ങേയ്ക്കു സ്തുതി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.