സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കൃത്യതയോടും സത്യസന്ധതയോടും കൂടി ഏവരിലേക്കുമെത്തിക്കുന്നതിലൂടെ മാധ്യമപ്രവർത്തകർ പൊതുസമൂഹത്തിന് ചെയ്യുന്നത് വിലപ്പെട്ട സേവനമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഗാസാ, ഉക്രൈൻ തുടങ്ങിയ ഇടങ്ങളിലെ സംഘർഷമേഖലകളിൽ നടക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ തീവ്രത അറിയാൻ സാധിക്കുന്നത് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സാന്നിധ്യം കൊണ്ടാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
മാധ്യമപ്രവർത്തനം എന്നത് കുറ്റകരമായ ഒന്നല്ലെന്നും, യുദ്ധമേഖലകളിലുൾപ്പെടെ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ സ്വാതന്ത്രരാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
മുപ്പത്തിയൊൻപതാമത് കോൺഫറൻസിന്റെ ഭാഗമായി ഒരുമിച്ചുകൂടിയ മൈൻഡ്‌സ് എന്ന പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ (MINDS International) പ്രതിനിധികളെ ഒക്ടോബർ 9-ന് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ഉത്തരവാദിത്വപരമായ റിപ്പോർട്ടിങ്ങിലൂടെയും, ആളുകളും മാധ്യമപ്രവർത്തകരും തമ്മിലുള്ള സഹകരണത്തിലൂടെയും ഏവർക്കും ലഭ്യമാക്കേണ്ട ഒരു പൊതുസേവനമാണ് മാധ്യമപ്രവർത്തനം എന്ന് പരിശുദ്ധപിതാവ് പറഞ്ഞു.
മാധ്യമങ്ങളും വാർത്താ ഏജൻസികളും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സത്യാനന്തരലോകത്ത് സത്യം മുറുകെപ്പിടിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. സത്യവും മിഥ്യയും തമ്മിലും, വസ്തുതകളും കെട്ടുകഥകളും തമ്മിലുമുള്ള അകലം ഇല്ലാതാകുന്ന “സമഗ്രാധിപത്യത്തിന്റെ” കാലത്ത് അവ തമ്മിലുള്ള അന്തരം നിലനിർത്താൻ മാദ്ധ്യമപ്രവർത്തകർക്ക് കഴിയണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.




