സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ നടത്തിവരുന്ന രൂപത ബൈബിൾ കമ്മിഷൻ വാർഷികവും ബൈബിൾ എക്സിബിഷനും ബൈബിൾ കറസ്പോണ്ടൻസ് കോഴ്സ് 6-ാമത് ബാച്ചിന്റെ ഉദ്‌ഘാടനവും സംഘടിപ്പിച്ചു. ഒക്‌ടോബർ 11 ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന പരിപാടി നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ഉദ്‌ഘാടനം ചെയ്തു.
അജപാലന ശുശ്രൂഷ ഡയറക്ടർ ഫാ. ജോയി സാബു വൈ.എസ്. അധ്യക്ഷനായ ഉദ്‌ഘാടന പൊതുയോഗത്തിൽ രൂപത അജപാലന ശുശ്രൂഷ അസിസ്റ്റന്റ് ഡയറക്ടർ റവ. ഡോ. രാജാദാസ് ആശംസകൾ നേർന്നു സംസാരിച്ചു. യോഗത്തിൽ വച്ച് “ബിബ്ലിയ 2024” പുതിയനിയമ ബൈബിൾ കൈയെഴുത്തു പ്രതി തയ്യാറാക്കി സംസ്ഥാനതലത്തിലും രൂപതാതലത്തിലും വിജയികളായവർക്ക് സമ്മാനം നൽകി. കൂടാതെ, “ബിബ്ലിയ 2024″ൽ പങ്കെടുത്ത എല്ലാപേർക്കും സർട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനവും നൽകി.
പൊതുയോഗത്തിൽ വച്ച് 2024 ലോഗോസ് ക്വിസിലെ വിജയികൾക്കുള്ള രൂപത – ഫൊറോനാ – സെന്റർതല സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന്, “ബിബ്ലിയ 2024” പുതിയ നിയമ ബൈബിൾ കൈയെഴുത്തു പ്രതി തയ്യാറാക്കിയവർ തങ്ങളുടെ അനുഭവവും ലഭിച്ച സാക്ഷ്യവും യോഗത്തിൽ പങ്കുവച്ചു.
ബൈബിൾ കമ്മിഷൻ സംഘടിപ്പിച്ച ബൈബിൾ എക്സിബിഷൻ വളരെ വ്യത്യസ്തവും അനുഭവവേദ്യവുമായിരുന്നുവെന്ന് വിവിധ സംഘടനകളിൽ നിന്ന് സന്ദർശനം നടത്തിയവർ പറഞ്ഞു. A3 വലുപ്പത്തിൽ പകർത്തി എഴുതി തയാറാക്കിയ 106 ബൈബിളുകളാണ് എക്സിബിസിഷനിൽ പ്രദർശിപ്പിച്ചിരുന്നത്.
പൊതുയോഗത്തിൽ ആനിമേറ്റർ സുനിൽ ഡി.ജെ. സ്വാഗതവും, രൂപത അജപാലന ശുശ്രൂഷ സെക്രട്ടറി ജോൺസൺ മരിയാപുരം നന്ദിയും അർപ്പിച്ചു.




