ഒന്നാം വായന
പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (35 : 12 – 14, 16-18)
(വിനീതന്റെ പ്രാർഥന മേഘങ്ങളെ ഭേദിക്കുന്നു)
കർത്താവ് പക്ഷപാതമില്ലാത്ത ന്യായാധിപനാണ്.
അവിടന്ന് ദരിദ്രനോടു പക്‌ഷപാതം കാണിക്കുന്നില്ല;
തിൻമയ്ക്കു വിധേയനായവന്റെ പ്രാർഥന അവിടന്ന് കേൾക്കും.
അനാഥന്റെ പ്രാർഥനയോ വിധവയുടെ പരാതികളോ
അവിടന്ന് അവഗണിക്കുകയില്ല.
തന്റെ കണ്ണീരിനു കാരണമായവനെതിരായി വിധവ
വിലപിക്കുമ്പോൾ അവളുടെ കവിളിലൂടെ കണ്ണീർ
ഒഴുകുകയില്ലേ?
കർത്താവിനു പ്രീതികരമായി ശുശ്രൂഷചെയ്യുന്നവൻ
സ്വീകാര്യനാണ്;
അവന്റെ പ്രാർഥന മേഘങ്ങളോളം എത്തുന്നു.
വിനീതന്റെ പ്രാർഥന മേഘങ്ങൾ തുളച്ചുകയറുന്നു;
അത് കർത്തൃസന്നിധിയിലെത്തുന്നതുവരെ അവൻ
സ്വസ്ഥനാവുകയില്ല;
ന്യായവിധി നടത്തി നിഷ്കളങ്കനു നീതി നല്‌കാൻ
അത്യുന്നതൻ സന്ദർശിക്കുന്നതുവരെ അവൻ പിൻവാങ്ങുകയില്ല.
കർത്താവ് വൈകുകയോ സ്വസ്‌ഥനായിരിക്കുകയോ ഇല്ല.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (34 : 1-2, 16-17, 18+22)
എളിയവൻ നിലവിളിച്ചു; കർത്താവു കേട്ടു.
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും,
അവിടത്തെ സ്തുതികൾ എപ്പോഴും എന്റെ
അധരങ്ങളിലുണ്ടായിരിക്കും.
കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു;
പീഡിതർ കേട്ട് ആനന്ദിക്കട്ടെ!
എളിയവൻ നിലവിളിച്ചു; കർത്താവു കേട്ടു.
ദുഷ്കർമികളുടെ ഓർമ ഭൂമിയിൽനിന്നു വിച്ഛേദിക്കാൻ
കർത്താവ് അവർക്കെതിരേ മുഖം തിരിക്കുന്നു.
നീതിമാൻമാർ സഹായത്തിനു നിലവിളിക്കുമ്പോൾ
കർത്താവു കേൾക്കുന്നു; അവരെ സകലവിധ
കഷ്ടതകളിലുംനിന്ന് രക്ഷിക്കുന്നു.
എളിയവൻ നിലവിളിച്ചു; കർത്താവു കേട്ടു.
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്‌ഥനാണ്;
മനമുരുകിയവരെ അവിടന്നു രക്‌ഷിക്കുന്നു.
കർത്താവ് തന്റെ ദാസരുടെ ജീവൻ രക്‌ഷിക്കുന്നു,
അവിടത്തെ ശരണം പ്രാപിക്കുന്നവർ ശിക്‌ഷയ്ക്കു
വിധിക്കപ്പെടുകയില്ല.
എളിയവൻ നിലവിളിച്ചു; കർത്താവു കേട്ടു.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
രണ്ടാം വായന
വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന് (4 : 6-8, 16-18)
(നീതിയുടെ കിരീടം എനിക്കായി ഒരുക്കിയിരിക്കുന്നു)
ഏറ്റവും വാത്സല്യമുള്ളവനേ, ഞാൻ ബലിയായി അർപ്പിക്കപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എൻ്റെ വേർപാടിന്റെ സമയം സമാഗതമായി. ഞാൻ നന്നായി പൊരുതി; എന്റെ ഓട്ടം പൂർത്തയാക്കി; വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂർവം വിധിക്കുന്ന കർത്താവ്, ആദിവസം അത് എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവൻ്റെ ആഗമനം സ്നേഹപൂർവം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവർക്കും.
എന്റെ ന്യായവാദങ്ങൾ ഞാൻ ആദ്യം അവതരിപ്പിച്ചപ്പോൾ ആരും എന്റെ ഭാഗത്തല്ലായിരുന്നു. എല്ലാവരും എന്നെ ഉപേക്ഷിച്ചു. ആ കുറ്റം അവരുടെമേൽ ആരോപിക്കപ്പെടാതിരിക്കട്ടെ. എന്നാൽ, കർത്താവ് എൻ്റെ ഭാഗത്തുണ്ടായിരുന്നു. എല്ലാ വിജാതീയരും കേൾക്കത്തക്കവിധം വചനം പൂർണമായി പ്രാഖ്യാപിക്കുന്നതിനുവേണ്ടശക്തി അവിടന്ന് എനിക്കു നല്‌കി. അങ്ങനെ ഞാൻ സിംഹത്തിൻ്റെ വായിൽനിന്ന് രക്ഷിക്കപ്പെട്ടു. കർത്താവ് എല്ലാ തിന്മകളിലും നിന്ന് എന്നെ മോചിപ്പിച്ച്, തൻ്റെ സ്വർഗരാജ്യ ത്തിലേക്കായി എന്നെ കാത്തുകൊള്ളും. എന്നും എന്നേക്കും അവിടത്തേക്കു മഹത്ത്വം! ആമേൻ.
കർത്താവിന്റെ വചനം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (2 Cor 5:19)
അല്ലേലൂയാ !
അല്ലേലൂയാ! ദൈവം ക്രിസ്‌തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തി – അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (18:9-14)
(ചുങ്കക്കാരൻ, ഫരിസേയനെക്കാൾ നീതിമത്കരിക്കപ്പെട്ടവനായി സ്വഭവനത്തിലേക്ക് മടങ്ങി)
അക്കാലത്ത്, തങ്ങൾ നീതിമാൻമാരാണ് എന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കു കയും ചെയ്യുന്നവരോട് അവൻ ഈ ഉപമ പറഞ്ഞു: രണ്ടു പേർ പ്രാർഥിക്കാൻ ദേവാലയത്തിലേക്കുപോയി-ഒരാൾ ഫരിസേയനും മറ്റേയാൾ ചുങ്കക്കാരനും. ഫരിസേയൻ നിന്നുകൊണ്ട് ഇങ്ങനെ പ്രാർഥിച്ചു: ദൈവമേ, ഞാൻ നിനക്കു നന്ദി പറയുന്നു. എന്തെന്നാൽ, ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല. ഞാൻ, ആഴ്‌ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. ആ ചുങ്കക്കാരനാകട്ടെ, ദൂരെനിന്നു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്താൻപോലും ധൈര്യപ്പെടാതെ, മാറത്തടിച്ചുകൊണ്ട്, ദൈവമേ, പാപിയായ എന്നിൽ കനിയണമേ എന്നു പ്രാർഥിച്ചു. ഞാൻ നിങ്ങളോടു പറയുന്നു, ഇവൻ ആ ഫരിസേയനെക്കാൾ നീതിമത്കരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി. എന്തെന്നാൽ, തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടുകയും ചെയ്യും.




