ഒന്നാം വായന
വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (6 :12-18)
(മരിച്ചവരിൽനിന്ന് ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെ ദൈവത്തിന് സമർപ്പിക്കുവിൻ)
സഹോദരരേ, ജഡമോഹങ്ങൾ നിങ്ങളെ കീഴ്പ്പെടുത്താൻ തക്കവിധം പാപം നിങ്ങളുടെ മർത്ത്യശരീരത്തിൽ ഭരണം നടത്താതിരിക്കട്ടെ. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപത്തിനു സമർപ്പിക്കരുത്; പ്രത്യുത, മരിച്ചവരിൽനിന്നു ജീവൻ പ്രാപിച്ചവരായി നിങ്ങളെത്തന്നെയും നീതിയുടെ ആയുധങ്ങളായി നിങ്ങളുടെ അവയവങ്ങളെയും ദൈവത്തിനു സമർപ്പിക്കുവിൻ. പാപം നിങ്ങളുടെമേൽ ഭരണം നടത്തുകയില്ല. കാരണം, നിങ്ങൾ നിയമത്തിനു കീഴിലല്ല കൃപയ്ക്കുകീഴിലാണ്. അതുകൊണ്ടെന്ത്? നാം നിയമത്തിനു കീഴ്പ്പെട്ടവരല്ല, കൃപയ്ക്കു കീഴ്പ്പെട്ടവരാണ് എന്നതുകൊണ്ട് നമുക്കു പാപം ചെയ്യാമോ? ഒരിക്കലും പാടില്ല.
നിങ്ങൾ അനുസരണമുള്ള ദാസരെപ്പോലെ നിങ്ങളെത്തന്നെ ആർക്കെങ്കിലും സമർപ്പിക്കുമ്പോൾ, നിങ്ങൾ അവൻ്റെ അടിമകളാണെന്ന് അറിയുന്നില്ലേ? ഒന്നുകിൽ, മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ അടിമകൾ; അല്ലെങ്കിൽ, നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ. ഒരിക്കൽ നിങ്ങൾ പാപത്തിന് പാപത്തിന് അടിമകളായിരുന്നെങ്കിലും നിങ്ങൾക്കു ലഭിച്ച പ്രബോധനം ഹൃദയപൂർവം അനുസരിച്ച്, പാപത്തിൽനിന്നു മോചിതരായി നിങ്ങൾ നീതിക്ക് അടിമകളായതിനാൽ ദൈവത്തിനു നന്ദി.
കർത്താവിൻ്റെ വചനം
ദൈവത്തിനു നന്ദി.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചനസങ്കീർത്തനം (124 : 1-3, 4–6, 7–8)
കർത്താവിൻ്റെ നാമത്തിലാണ് നമ്മുടെ ആശ്രയം.
ഇസ്രായേൽ പറയട്ടെ, കർത്താവു നമ്മുടെ പക്‌ഷത്തില്ലായിരുന്നെങ്കിൽ, ജനങ്ങൾ നമുക്കെതിരേ ഉയർന്നപ്പോൾ, കർത്താവു നമ്മോടുകൂടെ ഇല്ലായിരുന്നെങ്കിൽ, അവരുടെ കോപം നമുക്കെതിരേ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.
കർത്താവിൻ്റെ നാമത്തിലാണ് നമ്മുടെ ആശ്രയം.
ജലപ്രവാഹം നമ്മെ ഒഴുക്കിക്കളയുമായിരുന്നു; മലവെള്ളം നമ്മെ മൂടിക്കളയുമായിരുന്നു. ആർത്തിരമ്പുന്ന പ്രവാഹം നമ്മുടെമേൽ കവിഞ്ഞൊഴുകുമായിരുന്നു. നമ്മെ അവരുടെ പല്ലിന് ഇരയായിക്കൊടുക്കാതിരുന്ന കർത്താവു വാഴ്ത്തപ്പെടട്ടെ!
കർത്താവിൻ്റെ നാമത്തിലാണ് നമ്മുടെ ആശ്രയം.
വേടന്റെ കെണിയിൽനിന്നു പക്‌ഷിയെന്നപോലെ നമ്മൾ രക്ഷപ്പെട്ടു; കെണി തകർന്നു നാം രക്‌ഷപ്പെട്ടു. ആകാശവും ഭൂമിയും സൃഷ്ടിച്ച കർത്താവിൻ്റെ നാമത്തിലാണു നമ്മുടെ ആശ്രയം.
കർത്താവിന്റെ നാമത്തിലാണ് നമ്മുടെ ആശ്രയം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം പ്രഘോഷണ വാക്യം (മത്താ 24:42a-44).
അല്ലേലൂയാ!
അല്ലേലൂയാ! മനുഷ്യപുത്രൻ ഏതുദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ. അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (12:39-48)
(അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും)
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുൾചെയ്. ഇത് അറിഞ്ഞു കൊള്ളുവിൻ: കള്ളൻ ഏതു മണിക്കൂറിൽ വരുമെന്ന് ഗൃഹനായകൻ അറിഞ്ഞിരുന്നെങ്കിൽ തന്റെ വീടു കുത്തിത്തുറക്കാൻ അനുവദിക്കുമായിരുന്നില്ല. നിങ്ങളും ഒരുങ്ങിയിരിക്കുവിൻ. എന്തെന്നാൽ, പ്രതീക്ഷിക്കാത്ത മണിക്കൂറിലാണ് മനുഷ്യപുത്രൻ വരുന്നത്.
പത്രോസ് ചോദിച്ചു: കർത്താവേ, നീ ഈ ഉപമ പറയുന്ന ത് ഞങ്ങൾക്കുവേണ്ടിയോ എല്ലാവർക്കും വേണ്ടിയോ? അപ്പോൾ കർത്താവ് പറഞ്ഞു: വീട്ടുജോലിക്കാർക്കു യഥാസമയം ഭക്ഷണം കൊടുക്കേണ്ടതിന് യജമാനൻ അവരുടെമേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയുമായ കാര്യസ്‌ഥൻ ആരാണ്? യജമാനൻ വരുമ്പോൾ ജോലിയിൽ വ്യാപൃതനായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, അവൻ തന്റെ സകല സ്വത്തുക്കളുടെയുംമേൽ അവനെ നിയമിക്കും. എന്നാൽ, ആ ഭൃത്യൻ തന്റെ യജമാനൻ വരാൻ വൈകും എന്ന് ഉള്ളിൽ കരുതി, യജമാനന്റെ ദാസൻമാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് ഉൻമത്തനാകാനും തുടങ്ങിയാൽ, പ്രതീക്ഷിക്കാത്ത ദിവസത്തിലും അറിയാത്ത മണിക്കൂറിലും യജമാനൻ വരുകയും അവനെ ശിക്‌ഷിച്ച്, അവന്റെ പങ്ക് അവിശ്വാസികളോടുകൂടെ ആക്കുകയും ചെയ്യും.
യജമാനന്റെ ഹിതം അറിഞ്ഞിട്ടും, അതനുസരിച്ചു പ്രവർത്തിക്കുകയോ അതിന് ഒരുങ്ങുകയോ ചെയ്യാത്ത ഭൃത്യൻ കഠിനമായി പ്രഹരിക്കപ്പെടും. എന്നാൽ, അറിയാതെയാണ് ഒരുവൻ ശിക്‌ഷാർഹമായ തെറ്റു ചെയ്‌തതെങ്കിൽ, അവൻ ലഘുവായേ പ്രഹരിക്കപ്പെടുകയുള്ളൂ. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും; അധികം ഏല്പിക്കപ്പെട്ടവനോട് അധികം ചോദിക്കും.




