മൂന്നാം വാരം : ചൊവ്വ
ഒന്നാം വായന
സെഫാനിയാ പ്രവാചകൻ്റെ പുസ്തകത്തിൽനിന്ന്
(കർത്താവു നല്കുന്ന രക്ഷ എല്ലാ വിനീതരുടേതുമായിരിക്കും)
കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ധിക്കാരിയും മലിനയും മർദിക്കുന്നവളുമായ നഗരത്തിനു ദുരിതം! അവൾ ആരു പറഞ്ഞാലും കേൾക്കുകയില്ല. അവൾ ശിക്ഷണത്തിനു വഴങ്ങുന്നില്ല. അവൾ കർത്താവിൽ ആശ്രയിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്ക് അവൾ തിരിയുന്നില്ല.
കർത്താവിന്റെ നാമം ജനതകൾ വിളിച്ചപേക്ഷിക്കാനും ഏകമനസ്സോടെ അവിടത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങൾ ശുദ്ധീകരിക്കും. എത്യോപ്യയിലെ നദികൾക്കപ്പുറത്തുനിന്ന് എന്റെ അപേക്ഷകർ, എന്റെ ജനത്തിൽനിന്നു ചിതറിപ്പോയവരുടെ പുത്രിമാർ, എനിക്കു കാഴ്ചകൾ കൊണ്ടുവരും. നീ എന്നെ ധിക്കരിച്ചു ചെയ്ത പ്രവൃത്തികൾ നിമിത്തം നിന്നെ ഞാൻ അന്നു ലജ്ജിതനാക്കുകയില്ല. എന്തെന്നാൽ, നിന്റെ മധ്യേനിന്നു വൻപു പറയുന്ന അഹങ്കാരികളെ ഞാൻ നീക്കിക്കളയും. നീ എന്റെ വിശുർധഗിരിയിൽവച്ച് ഒരിക്കലും അഹങ്കരിക്കുകയില്ല. ഞാൻ നിന്റെ മധ്യത്തിൽ വിനയവും എളിമയുമുള്ള ഒരു ജനത്തെ അവശേഷിപ്പിക്കും, അവർ കർത്താവിൻ്റെ നാമത്തിൽ അഭയം പ്രാപിക്കും. ഇസ്രായേലിൽ അവശേഷിക്കുന്നവർ തിൻമക ചെയ്യുകയില്ല, വ്യാജം പറയുകയില്ല. അവരുടെ വായിൽ നിറഞ്ഞനാവ് ഉണ്ടായിരിക്കുകയില്ല. അവർ സുഖമായി മേയുകയും വിശ്രമിക്കുകയും ചെയ്യും. ആരും ടുത്തുകയില്ല. ഖമായി
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു.
കർത്താവിനെ ഞാൻ എന്നും പുകഴ്ത്തും, അവിടത്തെ സ്തുതികൾ എപ്പോഴും എന്റെ അധരങ്ങളിലുണ്ടായിരിക്കും. കർത്താവിൽ ഞാൻ അഭിമാനം കൊള്ളുന്നു; പീഡിതർ കേട്ട് ആനന്ദിക്കട്ടെ!
എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു.
അവിടത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല. ഈ എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു.
ദുഷ്കർമികളുടെ ഓർമ ഭൂമിയിൽനിന്നു വിച്ഛേദിക്കാൻ കർത്താവ് അവർക്കെതിരേ മുഖം തിരിക്കുന്നു. നീതിമാൻമാർ സഹായത്തിനു നിലവിളിക്കുമ്പോൾ കർത്താവു കേൾക്കുന്നു. അവരെ സകലവിധ കഷ്ടതകളിലും നിന്ന് രക്ഷിക്കുന്നു.
എളിയവൻ നിലവിളിച്ചു: കർത്താവു കേട്ടു.
ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. കർത്താവു തന്റെ ദാസരുടെ ജീവൻ രക്ഷിക്കുന്നു, അവിടത്തെ ശരണം പ്രാപിക്കുന്നവർ ശിക്ഷയ്ക്കു വിധിക്കപ്പെടുകയില്ല.
എളിയവൻ നിലവിളിച്ചു, കർത്താവു കേട്ടു.
അല്ലേലൂയാ !
അല്ലേലൂയാ! കർത്താവേ, വേഗം വരണമേ, വൈകരുതേ; അങ്ങയുടെ ജനത്തിൻ്റെ പാപങ്ങൾ പൊറുക്കണമേ, അല്ലേലൂയാ
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(യോഹന്നാൻ വന്നു. ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു.
അക്കാലത്ത്. യേശു പ്രധാനപുരോഹിതന്മാരോടും ജനപ്രമാണികളോടും അരുളിച്ചെയ്തു: നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രൻമാരുണ്ടായിരുന്നു.അവൻ ഒന്നാമന്റെ അടുത്തുചെന്നു പറഞ്ഞു മകനേ, പോയി ഇന്നു മുന്തിരിത്തോട്ടത്തിൽ ജോലി ചെയ്യുക. ഞാൻ പോകാം എന്ന് അവൻ പറഞ്ഞു; എങ്കിലും പോയില്ല. അവൻ രണ്ടാമൻ അടുത്തുചെന്ന് ഇതുതന്നെ പറഞ്ഞു. അവനാകട്ടെ, എനിക്കു മനസ്സില്ല എന്നു പറഞ്ഞു; എങ്കിലും പിന്നീടു മനസ്സുമാറ്റി അവൻ പോയി. ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്? അവർ പറഞ്ഞു: രണ്ടാമൻ. യേശു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കു മുമ്പേ സ്വർഗരാജ്യത്തിൽ പ്രവേശിക്കുന്നത്. എന്തെന്നാൽ, യോഹന്നാൻ നീതിയുടെ മാർഗത്തിലൂടെ നിങ്ങളെ സമീപിച്ചു; നിങ്ങൾ അവനിൽ വിശ്വസിച്ചില്ല. എന്നാൽ ചുങ്കക്കാരും വേശ്യകളും അവനിൽ വിശ്വസിച്ചു. നിങ്ങൾ അതു കണ്ടിട്ടും അവനിൽ വിശ്വസിക്കത്തക്കവിധം അനുതപിച്ചില്ല.




