Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം ശനി വചനവായന

ജൂൺ 27 ശനി

ഒന്നാം വായന

വിലാപങ്ങളുടെ പുസ്‌തകത്തിൽനിന്ന്

(സീയോൻ പുത്രിമാർ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു)

കർത്താവ് യാക്കോബിന്റെ കൂടാരങ്ങളെ നിഷ്കരുണം നശിപ്പിച്ചു. സീയോൻ പുത്രിയുടെ ശ്രേഷ്‌ഠൻമാർ മൂകരായി നിലത്തിരിക്കുന്നു. അവർ തങ്ങളുടെ തലയിൽ പൂഴി വിതറി; അവർ ചാക്കുടുത്തു. ജറുസലേം കന്യകമാർ നിലംപറ്റേ തലകുനിച്ചു. കരഞ്ഞുകരഞ്ഞ് എൻ്റെ കണ്ണുകൾ ക്ഷയിച്ചു. എന്റെ ആത്മാവ് അസ്വസ്‌ഥമാണ്. എന്റെ ഹൃദയം ഉരുകിപ്പോയി; എന്തെന്നാൽ, എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും നഗരവീഥികളിൽ മയങ്ങിവീഴുന്നു. മുറിവേറ്റവരെപ്പോലെ നഗര വീഥികളിൽ തളർന്നുവീഴുമ്പോൾ, മാതാക്കളുടെ മടിയിൽവച്ചു ജീവൻ വാർന്നുപോകുമ്പോൾ അവർ തങ്ങളുടെ അമ്മമാരോടു കരഞ്ഞുകൊണ്ട് അപ്പവും വീഞ്ഞും എവിടെ എന്നു ചോദിക്കുന്നു. ജറുസലേം പുത്രീ, നിനക്കുവേണ്ടി ഞാൻ എന്തുപറയും? നിന്നെ ഞാൻ എന്തിനോടുപമിക്കും? കന്യകയായ സീയോൻ പുത്രീ, നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ നിന്നെ എന്തിനോടു താരതമ്യപ്പെടുത്തും? നിന്റെ നാശം സമുദ്രംപോലെ വിശാലമാണ്. ആർക്ക് നിന്നെ പുനരുദ്‌ധരിക്കാനാവും? നിന്റെ പ്രവാചകൻമാർ നിനക്കുവേണ്ടി കണ്ടത് വഞ്ചനാത്‌മകമായ വ്യാജദർശനങ്ങളാണ്. നിന്റെ ഐശ്വര്യം പുനഃസ്‌ഥാപിക്കാൻ വേണ്ടിനിന്റെ അകൃത്യങ്ങൾ അവർ മറനീക്കി കാണിച്ചില്ല. അവരുടെ ദർശനങ്ങൾ മിഥ്യയും വഞ്ചനാത്‌മകവുമായിരുന്നു.

സീയോൻ പുത്രീ, കർത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹംപോലെ കണ്ണുനീർ ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകൾക്കു വിശ്രമം നല്‌കരുത്. രാത്രിയിൽ, യാമങ്ങളുടെ ആരംഭത്തിൽ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കർത്താവിന്റെ സന്നിധിയിൽ ജലധാരപോലെ നിൻ്റെ ഹൃദയത്തെ ചൊരിയുക. നാല്ക്കവലകളിൽ വിശന്നു തളർന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടത്തെ സന്നിധിയിലേക്കു കൈകളുയർത്തുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവൻ എന്നേക്കും മറക്കരുതേ!

ദൈവമേ, ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞതെന്തു കൊണ്ട്? അങ്ങയുടെ മേച്ചില്‌പുറത്തെ ആടുകളുടെനേരേ അങ്ങയുടെ കോപം ജ്വലിക്കുന്നതെന്തുകൊണ്ട്? അങ്ങു പണ്ട തിരഞ്ഞെടുത്ത ജനത്തെ, അങ്ങു വീണ്ടെടുത്ത് അവകാശമാ ക്കിയ ഗോത്രത്തെ ഓർക്കണമേ! അവിടന്നു വസിച്ചിരുന്ന സീയോൻമലയെ സ്‌മരിക്കണമേ!

കർത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവൻ എന്നേക്കും മറക്കരുതേ!

അന്തമറ്റ നഷ്ടാവശിഷ്ടങ്ങളിലേക്ക് അങ്ങു പാദങ്ങൾ തിരിക്കണമേ! ദേവാലയത്തിലുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു! അങ്ങയുടെ വൈരികൾ അങ്ങയുടെ വിശുദ്‌ധസ്‌ഥലത്തിൻെറ നടുവിൽ അലറി; അവിടെ അവർ തങ്ങളുടെ വിജയക്കൊടി നാട്ടി

കർത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവൻ എന്നേക്കും മറക്കരുതേ!

മരംവെട്ടുകാർ മരം മുറിക്കുന്നതുപോലെ, അവർ ദേവാലയത്തിന്റെ കവാടത്തിലെ കടഞ്ഞെടുത്ത അഴികൾ മഴുകൊണ്ടും കൂടംകൊണ്ടും തകർത്തു. അങ്ങയുടെ ആലയത്തിന് അവർ തീവെച്ചു; അങ്ങയുടെ നാമം വസിക്കുന്ന ശ്രീകോവിൽ അവർ ഇടിച്ചുനിരത്തി അശുദ്‌ധമാക്കി.

കർത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവൻ എന്നേക്കും മറക്കരുതേ!

അങ്ങയുടെ ഉടമ്പടി പരിഗണിക്കണമേ! ഭൂമിയുടെ ഇരുണ്ട ഇടങ്ങളിൽ അക്രമം കുടിയിരിക്കുന്നു. മർദിതർ ലജ്ജിതരാകാൻ സമ്മതിക്കരുതേ; ദരിദ്രരും അഗതികളും അങ്ങയുടെ നാമം പ്രകീർത്തിക്കട്ടെ!

കർത്താവേ, അങ്ങയുടെ ദരിദ്രരുടെ ജീവൻ എന്നേക്കും മറക്കരുതേ!

അല്ലേലുയാ !

അല്ലേലൂയാ! (മത്താ 8: 17). ക്രിസ്‌തു നമ്മുടെ ബലഹീനത കൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്ത അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും)

അക്കാലത്ത്, യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപൻ അവന്റെ അടുക്കൽ വന്ന് യാചിച്ചു: കർത്താവേ, എന്റെ ഭ്യത്യൻ തളർവാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടിൽ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാൻ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോൾ ശതാധിപൻ പ്രതിവചിച്ചു: കർത്താവേ, നീ എൻെറ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എന്റെ ഭൃത്യൻ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്പ്‌പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോടു പോകുക എന്നുപറയുമ്പോൾ അവൻ പോകുന്നു. അപരനോടു വരുക എന്നുപറയുമ്പോൾ അവൻ വരുന്നു. എൻ്റെ ദാസനോട് ഇതു ചെയ്യുക എന്നു പറയുമ്പോൾ അവൻ അതു ചെയ്യുന്നു.

യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും ഞാൻ കണ്ടിട്ടില്ല. വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുള്ള അന്ധകാരത്തിലേക്ക് എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. യേശു ശതാധിപനോടു പറഞ്ഞു: പൊയ്ക്കൊൾക; നീ വിശ്വസിച്ചതുപോലെ നിനക്കുഭവിക്കട്ടെ. ആ സമയത്തുതന്നെ ഭ്യത്യൻ സുഖം പ്രാപിച്ചു.

യേശു പത്രോസിന്റെ വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മായിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു. അവൻ അവളുടെ കൈയിൽ സ്‌പർശിച്ചു; പനി അവളെ വിട്ടുമാറി. അവൾ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു. സായാഹ്‌നമായപ്പോൾ അനേകം പിശാചുബാധിതരെ അവർ അവന്റെയടുത്തു കൊണ്ടുവന്നു. അവൻ അശുദ്‌ധാത്മാക്കളെ വചനംകൊണ്ടു പുറത്താക്കുകയും എല്ലാ രോഗികളെയും സുഖപ്പെടുത്തുകയും ചെയ്തു. അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു എന്ന് ഏശയ്യാ പ്രവചിച്ചത് അങ്ങനെ നിറവേറി.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.