ജൂൺ 18 വ്യാഴം
ഒന്നാം വായന
പ്രഭാഷകന്റെ പുസ്തകത്തിൽനിന്ന്
(ചുഴലിക്കാറ്റ് ഏലിയായെ വലയം ചെയ്തു; എലീഷായിൽ അവന്റെ ചൈതന്യം നിറഞ്ഞു)
പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു; അവന്റെ വാക്കുകൾ പന്തംപോലെ ജ്വലിച്ചു. അവൻ അവരുടെ മേൽ ക്ഷാമം വരുത്തി; അവന്റെ തീക്ഷണതയിൽ അവരുടെ എണ്ണം ചുരുങ്ങി. കർത്താവിൻ്റെ വാക്കുകൊണ്ട് അവൻ ആകാശവാതിലുകൾ അടച്ചു. മൂന്നു പ്രാവശ്യം അഗ്നിയിറക്കി. ഏലിയാ, അദ്ഭുതപ്രവൃത്തികളിൽ നീ എത്ര മഹത്ത്വമുള്ളവൻ!
അത്തരം പ്രവൃത്തികളുടെ പേരിൽ അഭിമാനിക്കാൻ കഴിയുന്നവർ മറ്റാരുണ്ട്? അത്യുന്നതൻ്റെ വാക്കുകൊണ്ട് നീ മരിച്ചവരുടെ ഇടയിൽനിന്ന്, പാതാളത്തിൽനിന്ന് ഒരു ജഡം ഉയിർപ്പിച്ചു. നീ രാജാക്കൻമാരെ നാശത്തിലേക്കു നയിക്കുകയും പ്രസിദ്ധൻമാരെ കിടക്കയിൽനിന്നു താഴേയിറക്കുകയും ചെയ്തു. നീ സീനായിൽവച്ചു ഭീഷണികളും ഹോറെബിൽ വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു. ശിക്ഷ നടത്താൻ രാജാക്കൻമാരെയും നിന്നെ പിന്തുടരാൻ പ്രവാചകൻമാരെയും നീ അഭിഷേകം ചെയ്തു. ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തിൽ അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്. ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനുമുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയം പുത്രനിലേക്കു തിരിക്കുന്നതിനും അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങൾ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. നിന്നെ കണ്ടവരും നിന്റെ സ്നേഹത്തിനു പാത്രമായവരും അനുഗൃഹീതർ; അവർ ജീവിക്കും.
ചുഴലിക്കാറ്റ് ഏലിയായെ വലയം ചെയ്തു; എലീഷായിൽ അവന്റെ ചൈതന്യം നിറഞ്ഞു; ജീവിതകാലത്ത് അവൻ അധികാരികളുടെ മുമ്പിൽ ഭയന്നുവിറച്ചില്ല; ആരും അവനെ കീഴടക്കിയില്ല. ഒന്നും അവന് ദുസ്സാധ്യമായിരുന്നില്ല; മരിച്ചിട്ടും അവൻ പ്രവചിച്ചു. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവൻ അദ്ഭുതങ്ങൾ പ്രവർത്തിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
കർത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങൾ ആനന്ദിക്കട്ടെ! മേഘങ്ങളും കൂരിരുട്ടും അവിടത്തെ ചുറ്റും ഉണ്ട്; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
അഗ്നി അവിടത്തെ മുൻപേ നീങ്ങുന്നു; അത് അവിടത്തെ വൈരികളെ ദഹിപ്പിക്കുന്നു. അവിടത്തെ മിന്നൽപ്പിണരുകൾ ലോകത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതു കണ്ടു വിറകൊള്ളുന്നു.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
കർത്താവിന്റെ മുൻപിൽ, ഭൂമി മുഴുവന്റെയും അധിപനായ കർത്താവിന്റെ മുൻപിൽ, പർവതങ്ങൾ മെഴുകുപോലെ ഉരുകുന്നു. ആകാശം അവിടത്തെ നീതി പ്രഘോഷിക്കുന്നു; എല്ലാ ജനതകളും അവിടത്തെ മഹത്ത്വം ദർശിക്കുന്നു.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
വ്യർഥബിംബങ്ങളിൽ അഭിമാനംകൊള്ളുന്ന വിഗ്രഹാരാധകർ ലജ്ജിതരായിത്തീരുന്നു; എല്ലാ ദേവൻമാരും അവിടത്തെ മുൻപിൽ കുമ്പിടുന്നു.
നീതിമാൻമാരേ, കർത്താവിൽ ആനന്ദിക്കുവിൻ.
അല്ലേലൂയാ !
അല്ലേലൂയാ! (റോമാ 8:15bc). പുത്രസ്വീകാരത്തിന്റെ ആത്മാ വിനെയാണ് നിങ്ങൾ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂല മാണ് നാം ആബാ-പിതാവേ-എന്നുവിളിക്കുന്നത്. അല്ലേലൂയാ!
സുവിശേഷം
മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ)
അക്കാലത്ത്, യേശു ശിഷ്യൻമാരോട് അരുൾചെയ്തു: പ്രാർഥിക്കുമ്പോൾ വിജാതീയരെപ്പോലെ നിങ്ങൾ അതിഭാഷണം ചെയ്യരുത്. അതിഭാഷണംവഴി തങ്ങളുടെ പ്രാർഥന കേൾക്കുമെന്ന് അവർ കരുതുന്നു. നിങ്ങൾ അവരെപ്പോലെ ആകരുത്. നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുവിൻ: സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യംവരണമേ. അങ്ങയുടെ ഹിതം സ്വർഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു നല്കണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ. തിൻമയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. മറ്റുള്ളവരുടെ തെറ്റുകൾ നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷ്മിക്കും. മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.




