Word of God

പെസഹകാലം നാലാം വാരം : ചൊവ്വ വചനവായന

ഏപ്രിൽ 28 ചൊവ്വ

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(അവർ ഗ്രീക്കുകാരോടും കർത്താവായ യേശുവിനെക്കുറിച്ചു പ്രസംഗിച്ചു.

അക്കാലത്ത്, സ്തേഫാനോസിനെ സംബന്ധിച്ചുണ്ടായ പീഡനം നിമിത്തം ചിതറിക്കപ്പെട്ടവർ ഫിനീഷ്യാ, സൈപ്രസ്, അന്ത്യോക്യാ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു. യഹൂദരോടല്ലാതെ മറ്റാരോടും അവർ വചനം പ്രസംഗിച്ചിരുന്നില്ല. അക്കൂട്ടത്തിൽ, സൈപ്രസിൽ നിന്നും കിറേനേയിൽനിന്നുമുള്ള ചിലരുണ്ടായിരുന്നു. അവർ അന്ത്യോക്യായിൽ വന്നപ്പോൾ ഗ്രീക്കുകാരോടും കർത്താവായ യേശുവിനെക്കുറിച്ച് പ്രസംഗിച്ചു. കർത്താവിന്റെ കരം അവരോടുകൂടെയുണ്ടായിരുന്നു. വിശ്വസിച്ച വളരെപ്പേർ കർത്താവിലേക്കു തിരിഞ്ഞു.

ഈ വാർത്ത ജറുസലേമിലെ സഭയിലെത്തി. അവർ ബാർണബാസിനെ അന്ത്യോക്യായിലേക്കയച്ചു. അവൻ ചെന്ന് ദൈവത്തിന്റെ കൃപാവരം ദർശിച്ച് സന്തുഷ്‌ടനാവുകയും കർത്താവിനോടു വിശ്വസ്‌തതയുള്ളവരായി ദൃഢനിശ്ചയത്തോടെ നിലകൊള്ളാൻ അവരെ ഉപദേശിക്കുകയും ചെയ്തു. കാരണം, അവൻ പരിശുദ്‌ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. നിരവധിയാളുകൾ കർത്താവിന്റെ അനുയായികളായിത്തീർന്നു. സാവൂളിനെ അന്വേഷിച്ച് ബാർണബാസ് താർസോസിലേക്കു പോയി. അവനെ കണ്ടുമുട്ടിയപ്പോൾ, അന്ത്യോക്യായിലേക്കു കൂട്ടിക്കൊണ്ടുപോന്നു. ഒരു വർഷം മുഴുവൻ അവർ അവിടത്തെ സഭാസമ്മേളനങ്ങളിൽ പങ്കെടുക്കുകയും വളരെപ്പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ത്യോക്യായിൽ വച്ചാണ് ശിഷ്യൻമാർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ജനതകളേ, കർത്താവിനെ സ്‌തുതിക്കുവിൻ.(അല്ലെങ്കിൽ: അല്ലേലൂയാ!)

അവിടന്ന് വിശുദ്‌ധഗിരിയിൽ തന്റെ നഗരം സ്ഥാപിച്ചു. യാക്കോബിന്റെ എല്ലാ വാസസ്‌ഥലങ്ങളെയുംകാൾ സീയോന്റെ കവാടങ്ങളെ കർത്താവു സ്നേഹിക്കുന്നു. ദൈവത്തിന്റെ നഗരമേ, നിന്നെപ്പറ്റി മഹത്തായ കാര്യങ്ങൾ പറയപ്പെടുന്നു.

ജനതകളേ, കർത്താവിനെ സ്‌തുതിക്കുവിൻ

എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ റാഹാബും ബാബിലോണും ഉൾപ്പെടുന്നു. ഫിലിസ്‌ത്യയിലും ടയിറിലും എത്യോപ്യയിലും വസിക്കുന്നവരെക്കുറിച്ച്, അവർ ഇവിടെ ജനിച്ചതാണെന്നു പറയുന്നു. സകലരും അവിടെ ജനിച്ചതാണ് എന്ന് സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നെയാണ് അവളെ സ്‌ഥാപിച്ചത്.

ജനതകളേ, കർത്താവിനെ സ്‌തുതിക്കുവിൻ

കർത്താവ് ജനതകളുടെ കണക്കെടുക്കുമ്പോൾ ഇവൻ അവിടെ ജനിച്ചു എന്നു രേഖപ്പെടുത്തും, എന്റെ ഉറവകൾ നിന്നിലാണ് എന്ന് ഗായകരും നർത്തകരും ഒന്നുപോലെ പാടും

ജനതകളേ, കർത്താവിനെ സ്‌തുതിക്കുവിൻ

അല്ലേലൂയാ !

അല്ലേലൂയാ! (യോഹ 10:27). കർത്താവ് അരുൾചെയ്യുന്നു. എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. – അല്ലേലൂയാ!

സുവിശേഷം

യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ഞാനും പിതാവും ഒന്നാണ്)

ജറുസലേമിൽ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു. അത് ശീതകാലമായിരുന്നു. യേശു ദേവാലയത്തിൽ സോളമൻ മണ്ഡപത്തിൽ നടക്കുമ്പോൾ യഹൂദർ അവന്റെ ചുറ്റും കൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാൾ ഇങ്ങനെ സന്ദിഗ്‌ധാവസ്‌ഥയിൽ നിർത്തും? നീ ക്രിസ്‌തുവാണെങ്കിൽ വ്യക്‌തമായി ഞങ്ങളോടു പറയുക. യേശു പ്രതിവചിച്ചു: ഞാൻ നിങ്ങളോടു പറഞ്ഞു: എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം നല്‌കുന്നു. എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല; കാരണം,നിങ്ങൾ എന്റെ ആടുകളിൽപ്പെടുന്നവരല്ല. എന്റെ ആടുകൾ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാൻ അവയ്ക്ക് നിത്യജീവൻ നല്‌കൂന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കൽനിന്ന് ആരും പിടിച്ചെടുക്കുകയുമില്ല. അവയെ എനിക്കു നല്കിയ എന്റെ പിതാവ് എല്ലാവരെയുംകാൾ വലിയവനാണ്. പിതാവിന്റെ കൈയിൽനിന്ന് അവയെ പിടിച്ചെടുക്കാൻ ആർക്കും സാധിക്കുകയില്ല. ഞാനും പിതാവും ഒന്നാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.