ഏപ്രിൽ 27 തിങ്കൾ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവം പ്രദാനം ചെയ്തിരിക്കുന്നു)
അക്കാലത്ത്, വിജാതീയരും ദൈവവചനം സ്വീകരിച്ചെന്ന് യൂദയായിലുണ്ടായിരുന്ന അപ്പസ്തോലൻമാരും സഹോദരരും കേട്ടു. തൻമൂലം, പത്രോസ് ജറുസലേമിൽ വന്നപ്പോൾ പരിച്‌ഛേദനവാദികൾ അവനെ എതിർത്തു. അവർ ചോദിച്ചു: അപരിച്‌ദിതരുടെ അടുക്കൽ നീ പോവുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്‌തതെന്തുകൊണ്ട്? പത്രോസ് അവരോട് എല്ലാം ക്രമമായി വിശദീകരിക്കാൻ തുടങ്ങി. ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ എനിക്ക് ദിവ്യാനുഭൂതിയിൽ ഒരു ദർശനമുണ്ടായി. സ്വർഗത്തിൽനിന്നു വലിയ വിരിപ്പുപോലെ ഒരു പാത്രം നാലുകോണിലും പിടിച്ച് ഇറക്കുന്നത് ഞാൻ കണ്ടു. അത് എന്റെ അടുത്തുവന്നു. ഞാൻ സുക്‌ഷിച്ചുനോക്കിയപ്പോൾ അതിൽ ഭൂമിയിലെ നാല്ക്കാലികളെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശപ്പറവകളെയും കണ്ടു. എന്നോടു സംസാരിക്കുന്ന ഒരു സ്വരം ഞാൻ കേട്ടു: പത്രോസേ, എഴുന്നേല്ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക. അപ്പോൾ ഞാൻ മറുപടി പറഞ്ഞു: കർത്താവേ, ഒരിക്കലുമില്ല. ഹീനമോ അശുദ്‌ധമോ ആയതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. സ്വർഗത്തിൽനിന്ന് രണ്ടാമതും ആ സ്വരംപറഞ്ഞു: ദൈവം വിശുദ്‌ധീകരിച്ചതിനെ നീ മലിനമെന്നു വിളിക്കരുത്. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. പിന്നീട് എല്ലാം സ്വർഗത്തിലേക്കു തിരിച്ചെടുക്കപ്പെട്ടു.
അപ്പോൾത്തന്നെ കേസറിയായിൽനിന്ന് എന്റെ അടുത്തേക്ക് അയയ്ക്കപ്പെട്ട മൂന്നുപേർ ഞാൻ താമസിച്ചിരുന്ന വീട്ടിലെത്തി. ഒരു സന്ദേഹവും കൂടാതെ അവരോടൊപ്പം പോകാൻ എനിക്ക് ആത്മാവിന്റെ നിർദേശമുണ്ടായി. ഈ ആറു സഹോദരൻമാരും എന്നെ അനുയാത്ര ചെയ്‌തു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ചു. തന്റെ ഭവനത്തിൽ ഒരു ദൂതൻ നില്ക്കുന്നതായി കണ്ടുവെന്നും അവൻ ഇങ്ങനെ അറിയിച്ചുവെന്നും അവൻ പറഞ്ഞു. നീ യോപ്പായിലേക്ക് ആളയച്ച് പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെ വരുത്തുക. നിനക്കും നിന്റെ ഭവനത്തിനു മുഴുവനും രക്ഷകിട്ടുന്നതിനുള്ള കാര്യങ്ങൾ അവൻ നിന്നോടു പറയും. ഞാൻ അവരോടുപ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, മുമ്പ് നമ്മുടെമേൽ എന്നതുപോലെതന്നെ, അവരുടെ മേലും പരിശുദ്‌ധാത്മാവു വന്നു. അപ്പോൾ ഞാൻ കർത്താവിന്റെ വാക്കുകൾ ഓർത്തു: യോഹന്നാൻ ജലം കൊണ്ടു സ്നാനം നല്കി; നിങ്ങളാകട്ടെ, പരിശുദ്‌ധാത്മാവാൽ സ്നാന മേൽക്കും. നാം യേശുക്രിസ്‌തുവിൽ വിശ്വസിച്ചപ്പോൾ ദൈവം നമുക്കു നല്കിയ അതേ ദാനം അവർക്കും അവിടന്നു നല്‌കിയെങ്കിൽ, ദൈവത്തെ തടസ്‌സപ്പെടുത്താൻ ഞാനാരാണ്? ഈ വാക്കുകൾ കേട്ടപ്പോൾ അവർ നിശ്‌ശബ്ദരായി. ജീവനിലേക്കു നയിക്കുന്ന അനുതാപം വിജാതീയർക്കും ദൈവം പ്രദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു. എൻ്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു; ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ. എപ്പോഴാണ് എനിക്കു ദൈവസന്നിധിയിലെത്തി അവിടത്തെ കാണാൻ കഴിയുക!
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
അങ്ങയുടെ പ്രകാശവും സത്യവും അയയ്ക്കണമേ! അവ എന്നെ നയിക്കട്ടെ, അവിടത്തെ വിശുദ്‌ധഗിരിയിലേക്കും നിവാസത്തിലേക്കും അവ എന്നെ നയിക്കട്ടെ.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
അപ്പോൾ ഞാൻ ദൈവത്തിന്റെ ബലിപീഠത്തിങ്കലേക്കു ചെല്ലും, എന്റെ പരമാനന്‌ദമായ ദൈവത്തിങ്കലേക്കുതന്നെ; ദൈവമേ, എൻ്റെ ദൈവമേ, കിന്നരംകൊണ്ട് അങ്ങയെ ഞാൻ സ്തുതിക്കും.
എന്റെ ഹൃദയം ദൈവത്തിനായി ദാഹിക്കുന്നു. ജീവിക്കുന്ന ദൈവത്തിനുവേണ്ടിത്തന്നെ.
അല്ലേലുയാ !
അല്ലേലൂയാ! (യോഹ 10 : 14). കർത്താവ് അരുൾചെയ്യുന്നു: ഞാൻ നല്ല ഇടയനാണ്. ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാനാണ് ആടുകളുടെ വാതിൽ)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണ്. എന്നാൽ, വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്. കാവല്ക്കാരൻ അവന് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ സ്വരംകേൾക്കുന്നു. അവൻ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു. തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവൻ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകൾ അവനെ അനുഗമിക്കുന്നു. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെസ്വരം അറിയാത്തതിനാൽ, അവ അവരിൽനിന്ന് ഓടിയകലും- യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാൽ, അവൻ തങ്ങളോടു പറഞ്ഞത് എന്തെന്ന് അവർ മനസ്‌സിലാക്കിയില്ല.
അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതിൽ. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളൻമാരും കവർച്ചക്കാരുമായിരുന്നു. ആടുകൾ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതിൽ;എന്നിലൂടെ പ്രവേശിക്കുന്നവൻ രക്ഷപ്രാപിക്കും. അവൻ അകത്തുവരുകയും പുറത്തുപോവുകയും മേച്ചിൽസ്‌ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്‌ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻവരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അത് സമ്യദ്‌ധമായി ഉണ്ടാകാനുമാണ്.
കർത്താവിന്റെ സുവിശേഷം.
അല്ലെങ്കിൽ
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾചെയ്തു: ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു. ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ ഉപേക്‌ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു. അവൻ ഓടിപ്പോകുന്നത് കൂലിക്കാരനായതുകൊണ്ടും ആടുകളെപ്പറ്റി താത് പര്യമില്ലാത്തതുകൊണ്ടുമാണ്. ഞാൻ നല്ല ഇടയനാണ്. പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ ഞാൻ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ ജീവൻ അർപ്പിക്കുന്നു. ഈ തൊഴുത്തിൽപ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയെയും ഞാൻ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിൻ പറ്റവും ഒരിടയനുമാകും. തിരിച്ചെടുക്കുന്നതിനുവേണ്ടി ഞാൻ ജീവനർപ്പിക്കുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു. ആരും എന്നിൽനിന്ന് അതു പിടിച്ചെടുക്കുകയല്ല, ഞാൻ അതു സ്വമനസ്‌സാ സമർപ്പിക്കുകയാണ്. അതു സമർപ്പിക്കാനും തിരിയെ എടുക്കാനും എനിക്കധികാരമുണ്ട്. ഈ കല്പന എന്റെ പിതാവിൽനിന്നാണ് എനിക്കു ലഭിച്ചത്.



