ഏപ്രിൽ 26 ഞായർ
ഒന്നാം വായന
അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്
(യേശുവിനെ ദൈവം. കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി)
പന്തക്കുസ്താദിവസം പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തിൽ ജനക്കൂട്ടത്തോടു പറഞ്ഞു: നിങ്ങൾ കുരിശിൽ തറച്ച യേശുവിനെ ദൈവം, കർത്താവും ക്രിസ്തുവുമാക്കി ഉയർത്തി എന്ന് ഇസ്രായേൽജനം മുഴുവനും വ്യക്തമായി അറിയട്ടെ. ഇതു കേട്ടപ്പോൾ അവർ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്തോലൻമാരോടും ചോദിച്ചു: സഹോദരൻമാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്? പത്രോസ് പറഞ്ഞു: നിങ്ങൾ പശ്ചാത്തപിക്കുവിൻ, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്‌വിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുവിൻ. പരിശുദ്‌ധാത്‌മാവിന്റെ ദാനം നിങ്ങൾക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങൾക്കും നിങ്ങളുടെ സന്താനങ്ങൾക്കും വിദൂരസ്‌ഥർക്കും നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവർക്കും ഉള്ളതാണ്. അവൻ മറ്റു പല വചനങ്ങളാലും അവർക്കു സാക്‌ഷ്യം നല്‌കുകയും “ഈ ദുഷിച്ച തലമുറയിൽനിന്നു നിങ്ങളെത്തന്നെ രക്‌ഷിക്കുവിൻ’ എന്ന് ഉപദേശിക്കുകയും ചെയ്തു. അവന്റെ വചനം ശ്രവിച്ചവർ സ്നാനം സ്വീകരിച്ചു. ആ ദിവസം തന്നെ മുവായിരത്തോളം ആളുകൾ അവരോടു ചേർന്നു.
കർത്താവിന്റെ വചനം.
പ്രതിവചന സങ്കീർത്തനം
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല (അല്ലെങ്കിൽ: അല്ലേലൂയാ).
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. പച്ചയായ പുല്‌ത്തകിടിയിൽ അവിടന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു. അവിടന്ന് എനിക്ക് ഉൻമേഷം നല്‌കുന്നു;
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
തന്റെ നാമത്തെപ്രതി നീതിയുടെ പാതയിൽ എന്നെ നയിക്കുന്നു. മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും, അവിടന്നു കൂടെയുള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദൺഡും എനിക്ക് ഉറപ്പേകുന്നു.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
എന്റെ ശത്രുക്കളുടെ മുൻപിൽ അവിടന്ന് എനിക്കു വിരുന്നൊരുക്കുന്നു; എന്റെ ശിരസ്‌സു തൈലംകൊണ്ട് അഭിഷേകം ചെയ്യുന്നു; എൻ്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
അവിടത്തെ നൻമയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിൻറെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും.
കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
രണ്ടാം വായന
വി. പത്രോസ് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന്
(ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഇടയനും പാലകനുമായവന്റ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു)
സഹോദരരേ, നിങ്ങൾ നൻമചെയ്തിട്ട് പീഡകൾ സഹിക്കേണ്ടിവന്നാൽ, അതു ദൈവസന്നിധിയിൽ പ്രീതികരമാണ്. ഇതിനായാണു നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ, ക്രിസ്തു നിങ്ങൾക്കുവേണ്ടി സഹിക്കുകയും നിങ്ങൾ അനുകരിക്കുന്നതിനുവേണ്ടി നിങ്ങൾക്കു മാതൃകനല്‌കുകയും ചെയ്തിരിക്കുന്നു. അവൻ പാപം ചെയ്‌തിട്ടില്ല, അവന്റെ അധരത്തിൽ വഞ്ചന കാണപ്പെട്ടിട്ടുമില്ല. നിന്‌ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്‌ദിച്ചില്ല; പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന് തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്. നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ച് നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെയായിരുന്നു നിങ്ങൾ. എന്നാൽ, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ഇടയനും പാലകനുമായവന്റെ അടുത്തേക്കു മടങ്ങിവന്നിരിക്കുന്നു.
കർത്താവിന്റെ വചനം.
അല്ലേലൂയാ !
അല്ലേലൂയാ! (Jn. 10 : 14) ഞാൻ നല്ല ഇടയനാണെന്ന് കർത്താവ് അരുൾചെയ്യുന്നു. ഞാൻ എൻ്റെ ആടുകളെയും അവ എന്നെയും അറിയുന്നു. അല്ലേലൂയാ!
സുവിശേഷം
യോഹന്നാന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന
(ഞാൻ ആടുകളുടെ വാതിലാകുന്നു)
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുൾ ചെയ്തു. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻ തൊഴുത്തിലേക്കു വാതിലിലൂടെയല്ലാതെ മറ്റുവഴിക്കു കടക്കുന്നവൻ കള്ളനും കവർച്ചക്കാരനുമാണ്. എന്നാൽ, വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്. കാവല്ക്കാരൻ അവനു വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ സ്വരം കേൾക്കുന്നു. അവൻ തന്റെ ആടുകളെ പേരുചൊല്ലി വിളിക്കുകയും പുറത്തേക്കു നയിക്കുകയും ചെയ്യുന്നു. തനിക്കുള്ളതിനെയെല്ലാം പുറത്തിറക്കിയിട്ട് അവൻ അവയ്ക്കുമുമ്പേ നടക്കുന്നു. അവന്റെ സ്വരം തിരിച്ചറിയുന്നതുകൊണ്ട് ആടുകൾ അവനെ അനുഗമിക്കുന്നു. അവ ഒരിക്കലും അപരിചിതനെ അനുഗമിക്കുകയില്ല. അന്യരുടെ സ്വരം അറിയാത്തതിനാൽ അവ അവരിൽനിന്ന് ഓടിയകലും യേശു അവരോട് ഈ ഉപമ പറഞ്ഞു. എന്നാൽ, അവൻ തങ്ങളോടു പറഞ്ഞതെന്തെന്ന് അവർ മനസ്‌സിലാക്കിയില്ല.
അതുകൊണ്ട് യേശു വീണ്ടും പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഞാനാണ് ആടുകളുടെ വാതിൽ. എനിക്കുമുമ്പേ വന്നവരെല്ലാം കള്ളൻമാരും കവർച്ചക്കാരുമായിരുന്നു. ആടുകൾ അവരെ ശ്രവിച്ചില്ല. ഞാനാണ് വാതിൽ; എന്നിലൂടെ പ്രവേശിക്കുന്നവൻ രക്‌ഷപ്രാപിക്കും. അവൻ അകത്തുവരുകയും പുറത്തുപോവുകയും മേച്ചില് സ്‌ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അതു സമ്യദ്‌ധമായി ഉണ്ടാകാനുമാണ്.



