സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: 2026 മാർച്ച് 8 ഞായറാഴ്ച നെയ്യാറ്റിൻകര രൂപതയിൽ സമാധാനദിനമായി ആചരിക്കണമെന്നും ദിവ്യബലി അർപ്പണത്തിനിടയിൽ പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കണമെന്നും നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് രൂപതാ മക്കളോട് ആവശ്യപ്പെട്ടു. മധ്യപൂർവദേശത്ത് വർധിച്ചു വരുന്ന യുദ്ധത്തിന്റെയും അസമാധാനത്തിന്റെയും പശ്ചാത്തലത്തിൽ, ഭാരത ലത്തീൻ കത്തോലിക്ക സമിതി (സി.സി.ബി.ഐ.) പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറാവോയുടെ നിർദേശമനുസരിച്ചാണ് സമാധാന ദിനാചരണ ആഹ്വാനം നൽകിയത്.
മാർച്ച് 8-നുള്ള ദിവ്യബലിയർപ്പണങ്ങളിൽ വിശ്വാസികളുടെ പ്രാർത്ഥനയിൽ പ്രത്യേക അഭ്യർത്ഥനകൾ ഉൾപ്പെടുത്തണമെന്നും നിരപരാധികളായ മനുഷ്യരുടെ സംരക്ഷണത്തിനും ലോകനേതാക്കൾക്കു ജ്ഞാനവും സംയമനവും ലഭിക്കുന്നതിനായി പ്രാർത്ഥിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
മാർച്ച് 8 മുതൽ 14 വരെ ഓരോ ദിവസവും ജപമാല പ്രാർത്ഥന ചൊല്ലി സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിലൂടെ ഐക്യം, സംവാദം, നീതിയുക്തമായ പരിഹാരം എന്നിവ ലഭിക്കണമെന്ന് പ്രാർത്ഥിക്കണമെന്നും മാർച്ച് 13 വെള്ളിയാഴ്ച ഉപവാസവും പ്രാർത്ഥനയും നടത്തണമെന്നും അവ ലോകസമാധാനത്തിനും അതിക്രമങ്ങളും സംഘർഷങ്ങളും ബാധിച്ച എല്ലാവരുടെയും സുരക്ഷയ്ക്കുമായി സമർപ്പിക്കണമെന്നും വിശ്വാസികളോട് നിർദേശിച്ചിട്ടുണ്ട്.
കർദിനാൾ ഫിലിപ്പ് നേരി ഫെറാവോ ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, വൈദീകർ, ഡീക്കൻമാർ, സമർപ്പിതർ, വിശ്വാസികൾ എന്നിവർക്കായി അയച്ച സർക്കുലറിലൂടെയാണ് രാജ്യത്തുടനീളം മാർച്ച് 8 ഞായറാഴ്ച സമാധാനദിനം ആയി ആചരിക്കണമെന്നും വിശുദ്ധ കുർബാന ആഘോഷത്തിനിടെ പ്രത്യേക അഭ്യർത്ഥനകൾ സമർപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചത്. കൂട്ടായ പ്രാർത്ഥനയും അനുതാപവും ഐക്യദാർഢ്യവും വഴി ഹൃദയപരിവർത്തനം സംഭവിക്കുകയും അങ്ങനെ സമാധാനം വിജയം കൈവരിക്കട്ടെ എന്ന പ്രത്യാശയും കർദിനാൾ പ്രകടിപ്പിക്കുന്നു.




