സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ ബി.സി.സി. പ്രതിനിധികൾക്കുവേണ്ടിയുള്ള ക്ലാസും പ്ലാൻ ആൻഡ് ബഡ്ജറ്റ് രൂപീകരണവും നടന്നു. മാർച്ച് 01 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം സംഘടിപ്പിച്ച പദ്ധതി രൂപീകരണത്തിന് കട്ടയ്ക്കോട് ഫൊറോന വികാരിയും ഇടവക വികാരിയുമായ ഫാ ജോയ് സാബു വൈ. നേതൃത്വം നൽകി.
കട്ടയ്ക്കോട് ഇടവക സഹവികാരി ഫാ.ഫ്രാങ്കോ അറക്കപ്പാടൻ TOR പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന്, ഫാ.ജോയ് സാബുവും നെയ്യാറ്റിൻകര രൂപത മാധ്യമ ശുശ്രൂഷ ഡയറക്ടറും പേയാട് ഇടവക വികാരിയുമായ ഫാ.ജസ്റ്റിൻ ഡൊമിനിക്കും ക്ലാസുകൾ കൈകാര്യം ചെയ്തു.
കട്ടയ്ക്കോട് ഇടവകയും ഉപഇടവകകളായ മാതാനഗർ, പുതുവയ്ക്കൽ എന്നീ പള്ളികളും സംയുക്തമായാണ് ക്ലാസിലും പദ്ധതി രൂപീകരണത്തിലും പങ്കെടുത്തത്. ക്ലാസുകൾക്ക് ശേഷം ഓരോ പള്ളിയിൽ നിന്നും വന്നവർ സമിതി തിരിഞ്ഞ് തങ്ങളുടെ പദ്ധതി രൂപീകരണം നടത്തി.
മൂന്ന് ഇടവകകളിൽ നിന്നും ബി.സി.സി. പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, മതബോധന അധ്യാപകർ, വിവിധ ശുശ്രൂഷ സമിതി അംഗങ്ങൾ എന്നിവർ വളരെ സജീവമായി പങ്കെടുത്തു. ഇടവകയിലെ ബി.സി.സി. കോ-ഓർഡിനേറ്റർ ശ്രീ. ജോർജ് യോഗത്തിന് സ്വാഗതവും പാരിഷ് കൗൺസിൽ സെക്രട്ടർ ശ്രീ. ബാബുദാസ് നന്ദിയും ആശംസിച്ചു.



