Word of God

തപസ്സുകാലം രണ്ടാം വാരം മാർച്ച് 03 വചന വായന

മാർച്ച് 03 ചൊവ്വ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ നീതി അന്വേഷിക്കുവിൻ)

സോദോമിൻ്റെ അധിപതികളേ, കർത്താവിൻ്റെ വചനം ശ്രവിക്കുവിൻ. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങൾ ശ്രദ്‌ധിക്കുവിൻ.

നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ. നിങ്ങളുടെ ദുഷ്‌കർമങ്ങൾ എൻെറ സന്നിധിയിൽ നിന്നു നീക്കിക്കളയുവിൻ. നിങ്ങളുടെ അകൃത്യങ്ങൾ അവസാനിപ്പിക്കുവിൻ. നൻമ പ്രവർത്തിക്കാൻ ശീലിക്കുവിൻ. നീതി അന്വേഷിക്കുവിൻ. മർദനം അവസാനിപ്പിക്കുവിൻ. അനാഥരോടു നീതി ചെയ്യുവിൻ. വിധവകൾക്കുവേണ്ടി വാദിക്കുവിൻ. കർത്താവ് അരുൾചെയ്യുന്നു: വരുവിൻ, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെൺമയുള്ളതായിത്തീരും. അവ രക്‌തവർണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ വാളിനിരയായിത്തീരും; കർത്താവ് അരുൾചെയ്‌തിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

നിന്റെ ബലികളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല. നിന്റെ ദഹനബലികൾ നിരന്തരം എന്റെ മുൻപിലുണ്ട്. നിന്റെ വീട്ടിൽനിന്നു കാളയെയോ നിൻ്റെ ആട്ടിൻപറ്റത്തിൽ നിന്നു മുട്ടാടിനെയോ ഞാൻ സ്വീകരിക്കുകയില്ല

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

എന്നാൽ ദുഷ്ട‌നോട് ദൈവം പറയുന്നു: എന്റെ നിയമങ്ങൾ ഉരുവിടാനോ എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ നിനക്കെന്തു കാര്യം? നീ ശിക്‌ഷണം വെറുക്കുന്നു; എന്റെ വചനം നീ അവഗണിക്കുന്നു.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

നീ ഇതെല്ലാം ചെയ്തതിട്ടും ഞാൻ മൗനം ദീക്ഷിച്ചു; നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി; എന്നാൽ ഇപ്പോൾ ഞാൻ നിന്നെ ശാസിക്കുന്നു; നിന്റെ മുൻപിൽ ഞാൻ കുറ്റങ്ങൾ നിരത്തിവയ്ക്കുന്നു. ബലിയായി കൃതജ്‌ഞത അർപ്പിക്കുന്നവൻ എന്നെ ബഹുമാനിക്കുന്നു; നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചു കൊടുക്കും.

നേരായ മാർഗത്തിൽ ചരിക്കുന്നവന് ദൈവത്തിന്റെ രക്ഷ ഞാൻ കാണിച്ചുകൊടുക്കും.

സുവിശേഷത്തിനു മുമ്പു ചൊല്ലാവുന്ന വാക്യം

കർത്താവായ യേശുക്രിസ്തു‌വേ, അങ്ങേക്കു സ്തുതിയും പുകഴ്ച്‌ചയും. കർത്താവ് അരുൾ ചെയ്യുന്നു. പശ്ചാത്തപിച്ച് എല്ലാ അതിക്രമങ്ങളിലും നിന്ന് പിന്തിരിയുവിൻ, ഒരു പുതിയ ഹൃദയവും പുതിയ ചൈതന്യവും നേടുവിൻ

കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്തുതിയും പുകഴ്‌ചയും.

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവർ പറയുന്നു; പ്രവർത്തിക്കുന്നില്ല)

അക്കാലത്ത്, യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യൻമാരോടും അരുൾചെയ്തു: നിയമജ്‌ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നു. അതിനാൽ, അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുവിൻ. എന്നാൽ, അവരുടെ പ്രവൃത്തികൾ നിങ്ങൾ അനുകരിക്കരുത്. അവർ പറയുന്നു; പ്രവർത്തിക്കുന്നില്ല. അവർ ഭാരമുള്ള ചുമടുകൾ മനുഷ്യരുടെ ചുമലിൽ വച്ചുകൊടുക്കുന്നു. സഹായിക്കാൻ ചെറുവിരൽ അനക്കാൻപോലും തയ്യാറാകുന്നുമില്ല. മറ്റുള്ളവർ കാണുന്നതിനുവേണ്ടിയാണ് അവർ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്. അവർ തങ്ങളുടെ നെറ്റിപ്പട്ടകൾക്കുവീതിയും വസ്ത്രത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു; വിരുന്നുകളിൽ പ്രമുഖസ്‌ഥാനവും സിനഗോഗുകളിൽ പ്രധാന പീഠവും നഗരവീഥികളിൽ അഭിവാദനവും ഇഷ്‌ടപ്പെടുന്നു. റബ്ബീ എന്നു സംബോധനം ചെയ്യപ്പെടാനും ആഗ്രഹിക്കുന്നു. എന്നാൽ, നിങ്ങൾ റബ്‌ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാൽ നിങ്ങൾക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരൻമാരാണ്. ഭൂമിയിൽ ആരെയും നിങ്ങൾ പിതാവെന്നു വിളിക്കരുത്. എന്തെന്നാൽ, നിങ്ങൾക്ക് ഒരു പിതാവേയുള്ളൂ – സ്വർഗസ്ഥനായ പിതാവ് നിങ്ങൾ നേതാക്കൻമാർ എന്നും വിളിക്കപ്പെടരുത്. എന്തെന്നാൽ, ക്രിസ്‌തുവാണ് നിങ്ങളുടെ ഏകനേതാവ്. നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.