സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നേതൃത്വ രൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിന്റെ (കെആർഎൽസിസി) 46-ാം ജനറൽ അസംബ്ലി ജനുവരി 10, 11 (ശനി, ഞായർ) തീയതികളിൽ എറണാകുളം ആശിർഭവനിൽ നടന്നു. നെയ്യാറ്റിൻകര രൂപതയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ പിതാവിനോടൊപ്പം വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ, റവ.ഡോ.ഗ്രിഗറി ആർബി, വൈദീക-സന്യസ്ത ശുശ്രൂഷാ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം., പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി.ആർ., കെ.എൽ.സി.എ. പ്രസിഡന്റ് അനിൽ ജോസ്, ഡി.സി.എം.എസ്. പ്രസിഡന്റ് പ്രഭുല്ലദാസ് തുടങ്ങിയവർ പങ്കെടുത്തു
ശനിയാഴ്ച രാവിലെ 10.00 ന് കെആർഎൽസിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ വിശിഷ്ടാതിഥി ആയിരുന്നു.
നെയ്യാറ്റിൻകര, കൊച്ചി രൂപതകളുടെ അധ്യക്ഷന്മാരായി ചുമതലയേറ്റ ബിഷപ്പ് ഡി. സെൽവരാജൻ, ബിഷപ്പ് ആന്റണി കാട്ടിപറമ്പിൽ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ഡോ. ജിജു ജോർജ് അരക്കത്തറ എന്നിവർ പ്രസംഗിച്ചു.
“സമുദായ ശക്തീകരണത്തിൽ സംസ്ഥാന മുന്നേറ്റങ്ങളുടെ പ്രസക്തി” എന്ന വിഷയത്തിൽ ബിഷപ്പ് ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് ലത്തീൻ സഭയിലെ വിവിധ സംഘടനകളുടെ അധ്യക്ഷതയിൽ അഡ്വ. ഷെറി ജെ. തോമസ്, ഷെർലി സ്റ്റാൻലി, ബെനി പാപ്പച്ചൻ, പോൾ ജോസ്, പ്രബലദാസ്, ബാബു തണ്ണിക്കോട്, രാജേഷ് പി. എം. എന്നിവർ വിവിധ സാമൂഹ്യ–സമുദായ–രാഷ്ട്രീയ സംഘടനകളെ സംബന്ധിച്ച വിഷയങ്ങളിൽ പ്രസംഗിച്ചു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലങ്ങളും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ലത്തീൻ സമുദായം സ്വീകരിക്കേണ്ട രാഷ്ട്രീയ സമീപനങ്ങളും ചർച്ച ചെയ്തു. തുടർന്ന്, വാർഷിക റിപ്പോർട്ടുകൾ ചർച്ചചെയ്ത് അംഗീകരിച്ചു.
ഞായറാഴ്ച രാവിലെ 11.00-ന് നടന്ന സമാപന സമ്മേളനത്തിൽവച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലേക്ക് നിയമിക്കപ്പെട്ടവർക്ക് ആദരം നൽകി. കേരളത്തിലെ പരമ്പരാഗത ലത്തീൻ രൂപതകളെയും മെട്രോപൊളിറ്റൻ വൈദിക, സന്യസ്ത അൽമായ പ്രതിനിധികളും ഉൾപ്പെടെ 250 ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
കെആർഎൽസിസി ഭാരവാഹികളായ സി. ജൂഡി വർഗീസ് ബിജു ജോസി, പാട്രിക് മൈക്കിൾ, മെറിൽഡ് മൈക്കിൾ, പ്രബലദാസ് എന്നിവർ അസംബ്ലിക്ക് നേതൃത്വം നൽകി.




